'ലൈഫി'ല്‍ വീട് നിഷേധിച്ചു: ലക്ഷ്മിക്ക് വീട് നല്‍കണമെന്ന് മനുഷ്യാവകാശ കമീഷന്
text_fieldsഎകരൂല്‍: ലൈഫ് പദ്ധതിയില്‍ ഇടം നേടിയിട്ടും സാങ്കേതികത്വം പറഞ്ഞ് വീടിനുള്ള അപേക്ഷ അധികൃതര്‍ നിരസിച്ചപ്പോള്‍ പട്ടികജാതി കുടുംബത്തിന് അനുകൂലമായി മനുഷ്യാവകാശ കമീഷെൻറ ഇടപെടല്‍. ഉണ്ണികുളം പഞ്ചായത്ത് 13ാം വാര്‍ഡില്‍ എകരൂല്‍ കുന്നത്ത് ലക്ഷ്മിയുടെ പരാതിയിലാണ് നടപടി.
ലക്ഷ്മിക്ക് ലൈഫ് പദ്ധതിയിൽ വീട് അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് കമീഷൻ ഉണ്ണികുളം പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി. ലൈഫ് ഭവന പദ്ധതിയിൽ അർഹരായവരെ മുഴുവൻ ഉൾപ്പെടുത്താനും ഭവനരഹിതർക്കെല്ലാം പ്രയോജനം ലഭിക്കാനും ശ്രദ്ധിക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു.
ലക്ഷ്മിയും കുടുംബവും രണ്ടു വർഷത്തോളമായി ലൈഫ് പദ്ധതിയില്‍ വീട് നിർമാണത്തിനുവേണ്ടി സഹായം തേടി അധികാരികളുടെ മുന്നിൽ കൈനീട്ടുകയാണ്. സാങ്കേതിക കുരുക്കില്‍പ്പെട്ട് വീട് നിര്‍മാണം നീണ്ടുപോയതോടെ കുടുംബത്തിെൻറ നെഞ്ചിടിപ്പ് കൂടി. കുടുംബത്തിെൻറ ജീവിതദുരിതം പരിഹരിക്കാന്‍ ആരും തുണക്കാതിരുന്നപ്പോഴാണ് ഇവര്‍ മനുഷ്യാവകാശ കമീഷന് മുമ്പാകെ പരാതി നല്‍കിയത്.
പരാതിക്കാരിയും ഭർത്താവ് കൃഷ്ണനും മകനും ഭാര്യയും കുഞ്ഞും പ്രായമായ മാതാവുമടങ്ങുന്ന കുടുംബം ചെറിയ കൂരയിലായിരുന്നു താമസിച്ചിരുന്നത്. സിമൻറ് കട്ടകൊണ്ട് ചുമര് നിര്‍മിച്ച് അതിനുമുകളില്‍ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മേല്ക്കൂരയുണ്ടാക്കിയായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്.
കിടപ്പിലായ അമ്മയെ പരിചരിക്കാനും പ്ലാസ്റ്റിക് ഷീറ്റിെൻറ ചൂടില്‍ നിന്ന് രക്ഷനേടാനും പ്രയാസപ്പെട്ടപ്പോള്‍ ഷെഡില്‍ വൈദ്യുതി കണക്ഷന് അപേക്ഷ നല്‍കിയതോടെയാണ് കുടുംബത്തിെൻറ ദുരിതം തുടങ്ങുന്നത്. വൈദ്യുതി കണക്ഷന് ലഭിക്കാന്‍ അപേക്ഷയോടൊപ്പം നല്‍കുന്നതിന് കെട്ടിട നമ്പറിനും അപേക്ഷിച്ചിരുന്നു.
കെട്ടിട നമ്പര്‍ അനുവദിച്ചതോടെ ലൈഫ് ഭവന പദ്ധതിയില്‍നിന്ന് പുറത്തായതായി പിന്നീടാണ് കുടുംബം അറിയുന്നത്. അവസാനം കമീഷന് പരാതി നല്‍കുകയായിരുന്നുവെന്ന് ലക്ഷ്മി പറഞ്ഞു. കെട്ടിട നമ്പര്‍ കിട്ടിയതിനാല്‍ കെട്ടിട നികുതിയടക്കാനും പഞ്ചായത്തില്‍നിന്ന് നിര്‍ദേശിച്ചിരുന്നു. അതിനിടെ പ്രായമായ അമ്മ കല്യാണി കഴിഞ്ഞ മാര്‍ച്ചില്‍ മരിച്ചു. കുടുംബശ്രീയില്‍നിന്ന് ലക്ഷ്മി ലോണെടുത്താണ് ചോര്‍ന്നൊലിക്കുന്ന വീടിെൻറ ഷീറ്റ് മാറ്റിയിട്ടത്.
പരാതിയെ തുടര്‍ന്ന് കമീഷൻ ഉണ്ണികുളം പഞ്ചായത്തിൽനിന്ന് റിപ്പോർട്ട് തേടിയിരുന്നു. പരാതിക്കാരി ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിരുന്നെങ്കിലും ഓലയും ഷീറ്റും കൊണ്ട് നിർമിച്ച വീട് പരാതിക്കാരിക്കുണ്ടെന്നും വീടിന് നമ്പര്‍ ലഭിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നിലവിലെ മാനദണ്ഡപ്രകാരം വീട് അനുവദിക്കാൻ നിവൃത്തിയില്ലെന്നും പഞ്ചായത്ത് നല്കിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
അതേസമയം, വൈദ്യുതി കിട്ടാന്‍വേണ്ടി അനുവദിച്ച താൽക്കാലിക നമ്പരാണ് വീടിനുള്ളതെന്നും വീടിെൻറ അവസ്ഥ ശോചനീയമാണെന്നും പരാതിക്കാരി കമീഷനെ അറിയിച്ചു.തുടര്‍ന്നാണ് പഞ്ചായത്തിെൻറ അവകാശവാദം കമീഷന് തള്ളിയത്. അർഹതയുള്ളതുകൊണ്ടാണ് അവർ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടതെന്ന് കമീഷൻ വിലയിരുത്തി.
പരാതിക്കാരിക്ക് ലൈഫ് പദ്ധതിയിൽ വീട് അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഉണ്ണികുളം പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി. കമീഷന് അംഗം പി. മോഹനദാസാണ് പരാതി തീര്‍പ്പാക്കിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. മനുഷ്യാവകാശ കമീഷന് ഇടപെട്ടതോടെ വീട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ലക്ഷ്മിയുടെ കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.