റോഡിലെ വളവിലെ വാഹന പരിശോധന ചോദ്യംചെയ്തതിന് മർദനം; പൊലീസുകാർക്കെതിരെ മനുഷ്യാവകാശ കമീഷൻ നടപടി
text_fieldsചേർത്തല: പി.എസ്.സി ഉദ്യോഗസ്ഥനെ മർദിച്ചെന്ന കേസിൽ പൊലീസുകാർക്കെതിരെ മനുഷ്യാവകാശ കമീഷെൻറ നടപടി. പൂത്തോട്ട പാലത്തിന് സമീപം ഇരുട്ടിൽ റോഡിലെ വളവിൽ നടത്തിയ പൊലീസ് പരിശോധന ചോദ്യംചെയ്ത പി.എസ്.സി ഉദ്യോഗസ്ഥനെതിരെ പൊലീസ് എടുത്ത കേസിെൻറ പുനരന്വേഷണത്തിന് ജില്ല പൊലീസ് മേധാവി കോടതിയുടെ സമ്മതം വാങ്ങി ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അന്തിമ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും നിർദേശിച്ചു.
കേരള പൊലീസ് ആക്ട് 2011ൽ പറയുന്ന വകുപ്പുകൾ ലംഘിച്ച് പരാതിക്കാരനെ മർദിച്ചതിന് പൊലീസുകാർക്കെതിരെ കേരള പൊലീസ് നിയമപ്രകാരവും ഇന്ത്യൻ ശിക്ഷ നിയമപ്രകാരവും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് ഹാജരാക്കാൻ ഉദ്യോഗസ്ഥന് നിർദേശം നൽകണമെന്നും പരാതിക്കാരന് 25,000 രൂപ നഷ്ടപരിഹാരമായി ആഭ്യന്തര സെക്രട്ടറി നൽകണമെന്നും ഇൗ തുക അച്ചടക്കനടപടി സ്വീകരിച്ചശേഷം പൊലീസുകാരിൽനിന്ന് ഇൗടാക്കാനും മനുഷ്യാവകാശ കമീഷൻ അംഗം പി. മോഹൻദാസ് ഉത്തരവിട്ടു.
തിരുവനന്തപുരത്ത് പി.എസ്.സി ആസ്ഥാനത്തെ സെക്ഷൻ ഓഫിസറായ ചേർത്തല നഗരസഭ അഞ്ചാം വാർഡ് നിരുപമ നിവാസിൽ രമേശ് എച്ച്. കമ്മത്തിനാണ് പൊലീസ് മർദനമേറ്റത്. 2019 ഡിസംബർ 14ന് രാത്രി ചേർത്തല പൂത്തോട്ട വളവിലായിരുന്നു സംഭവം. എറണാകുളത്ത് പരീക്ഷജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന രമേഷ് കമ്മത്തിനെ പൊലീസ് തടഞ്ഞ് മദ്യപിച്ചോയെന്ന് പരിശോധിക്കുകയും ഇല്ലെന്ന് മനസ്സിലാക്കിവിടുകയും ചെയ്തു. എന്നാൽ, വളവിലും ഇരുട്ടിലും പൊലീസ് വാഹന പരിശോധന നടത്തിയത് ചോദ്യംചെയ്ത രമേഷ് കമ്മത്തിനെ പൊലീസ് മർദിച്ചെന്നും മർദനമേറ്റ് പല്ല് നഷ്ടപ്പെട്ടെന്നും കണ്ണിനും അടിവയറിനും ജനനേന്ദ്രിയത്തിനും ഗുരുതര പരിക്കേറ്റെന്നും പരാതിയിൽ പറയുന്നു.
പിന്നീട് സ്റ്റേഷനിലെത്തിച്ച് പൊലീസിെൻറ ജോലിക്ക് തടസ്സംനിന്നെന്ന വകുപ്പിൽ കേസ് എടുക്കുകയും ചെയ്തെന്നാണ് രമേഷ് കമ്മത്തിെൻറ പരാതി. ചേർത്തലയിലെ ഗ്രേഡ് എസ്.ഐ കെ. ബാബു, ഡ്രൈവർ സുധീഷ്, സിവിൽ പൊലീസ് ഓഫിസർ തോമസ് എന്നിവരെ എതിർകക്ഷികളാക്കിയാണ് പരാതി നൽകിയത്. മനുഷ്യാവകാശ കമീഷൻ ഉദ്യോഗസ്ഥരും ഇരുകൂട്ടരെയും വിളിപ്പിച്ച് നടത്തിയ അന്വേഷണത്തിെൻറ അടിസ്ഥാനത്തിലാണ് നടപടിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.