മനുഷ്യാവകാശ ലംഘനം: പരാതികളേറെയും സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ
text_fieldsകൊല്ലം: മനുഷ്യാവകാശ ലംഘനങ്ങൾ തുടർക്കഥയാകുേമ്പാൾ ഇൗ വർഷം ഇതുവരെ സംസ്ഥാന മനുഷ്യാവകാശ കമീഷനിൽ എത്തിയത് 8359 പരാതികൾ. ഇവയിൽ 90 ശതമാനം പരാതികളും വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കെതിരെയും. പൊലീസ് ഉദ്യോഗസ്ഥരെക്കാൾ പ്രതിക്കൂട്ടിൽനിൽക്കുന്നത് റവന്യൂ, പഞ്ചായത്ത്, കൃഷി, പൊതുവിതരണം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ്.
വിവിധ സേവനങ്ങൾ ലഭിക്കാത്തത് സംബന്ധിച്ച പരാതികളാണേറെയും. ബി.പി.എൽ റേഷൻ കാർഡ് എ.പി.എൽ ആക്കിയതുമായി ബന്ധപ്പെട്ട് ഒേട്ടറെ പരാതികളാണ് ലഭിച്ചത്. വയോധികർ നേരിടുന്ന പീഡനങ്ങളും കമീഷന് മുന്നിൽ വലിയതോതിൽ എത്തുന്നു. കോവിഡ്കാലത്തിന് മുമ്പ് പ്രതിവർഷം 14000 പരാതികൾവരെ ഉണ്ടായിരുന്നെങ്കിലും ഇത്തവണ അതിൽ കുറവുവന്നു. 2020 ലും 9000ത്തോളം ആയിരുന്നു പരാതികൾ. ലോക്ഡൗൺ ഉൾപ്പെടെയുള്ള പ്രതിസന്ധികൾക്കിടയിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് കുറവായതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.
പരാതികളിൽ വളരെവേഗം ഉത്തരവ് നൽകുന്നതിനാൽ പരിഹരിക്കപ്പെടാൻ വളരെക്കുറച്ച് കേസുകൾ മാത്രമേ ബാക്കിയുള്ളൂ. കൂടാതെ ഇൗ വർഷം ഉത്തരവുകൾ നടപ്പാക്കുന്നതിൽ കാര്യക്ഷമമായ സംവിധാനം നിലവിൽ വന്നിട്ടുണ്ട്. ഉത്തരവുകൾ നടപ്പാക്കാതിരുന്നാൽ അക്കാര്യം ഉന്നയിക്കാൻ നിയമ സെക്രട്ടറി ചെയർമാനായ ആഭ്യന്തര സെക്രട്ടറി, മനുഷ്യാവകാശ കമീഷൻ സെക്രട്ടറി, നിയമ അഡീഷനൽ സെക്രട്ടറി അംഗങ്ങളായ നിരീക്ഷണ സമിതി രൂപവത്കരിച്ചു.
ഉത്തരവുകൾ നടപ്പാക്കുന്നതിൽ അലംഭാവമുണ്ടെന്ന് കാണിച്ച് മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ കത്തെഴുതിയതിനെ തുടർന്നാണ് കഴിഞ്ഞ ജനുവരി 16ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ചുചേർത്ത് സമിതിക്ക് രൂപം നൽകിയത്.
എല്ലാ മാസവും സമിതി യോഗം ചേരുന്നുണ്ട്. ഇത്തരത്തിൽ നൂറോളം ഉത്തരവുകൾ സമിതിയുടെ ഇടപെടലിൽ നടപ്പാക്കാനായി. ഇതുകൂടാതെ കഴിഞ്ഞ ഒക്ടോബർമുതൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിൽ കമീഷൻ നടപടിക്രമങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർക്കിടയിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചതും ഫലപ്രദമായി. മറ്റ് ജില്ലകളിലേക്ക് ഇൗ പദ്ധതി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമീഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.