നരബലി: പത്തനംതിട്ടയിൽനിന്ന് അടുത്തിടെ കാണാതായത് 12 സ്ത്രീകളെ; അന്വേഷിക്കാൻ പൊലീസ്
text_fieldsഇലന്തൂർ ഇരട്ട നരബലിക്കേസിന് പിന്നാലെ പത്തനംതിട്ടയിൽ നിന്നും കാണാതായ മുഴുവൻ സ്ത്രീകളെക്കുറിച്ചും അന്വേഷണം നടത്താനൊരുങ്ങി ജില്ലാ പൊലീസ്. സംശയമുള്ള 12 തിരോധാന കേസുകളിൽ മൂന്നും രജിസ്റ്റർ ചെയ്തത് ആറന്മുള സ്റ്റേഷന്‍ പരിധിയിലാണ്. നരബലി കേസ് പ്രതികളായ ഭഗവല്‍ സിങിന്‍റെയും ലൈലയുടെയും ജീവിത രീതിയും പൂർവകാല ചരിത്രവും ജില്ലയിലെ പ്രത്യേകസംഘം അന്വേഷിക്കും.
ഇലന്തൂർ നരബലി കേസില്‍ കൊച്ചി സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിന്റെ ചുവടുപിടിച്ചാണ് ജില്ലയിലെ പൊലീസും പ്രത്യേക സംഘമായി തിരിഞ്ഞുകൊണ്ടുള്ള അന്വേഷണത്തിന് ഒരുങ്ങുന്നത്. പത്തനംതിട്ടയില്‍ നിന്നും സ്ത്രീകളെ കാണാതായ മറ്റ് സംഭവങ്ങള്‍, ദമ്പതികളായ ഭഗവല്‍ സിങിന്‍റെയും ഭാര്യയുടെയും വിചിത്ര ജീവിതരീതി, മുഖ്യപ്രതി ഷാഫിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ നടന്ന കാര്യങ്ങള്‍ തുടങ്ങിയവയാണ് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുന്നത്.
കൊച്ചി സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിലും ചോദ്യംചെയ്യലിലും ഷാഫിയും ലൈലയും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഷാഫിയുടെ പൂർണ നിയന്ത്രണത്തിലായിരുന്ന ലൈല ലൈംഗിക ബന്ധത്തിനും ആഭിചാര ക്രിയകള്‍ക്കും കൂട്ടുനില്‍ക്കുന്നതിനൊപ്പം ഇയാള്‍ക്കായി മറ്റ് സ്ത്രീകളെ എത്തിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് ലഭിച്ച സൂചനകളാണ് ജില്ലയില്‍ നിന്ന് കാണാതായ മറ്റ് സ്ത്രീകളെ കുറിച്ച് അന്വേഷിക്കാനും ജില്ലാ പൊലീസിനെ പ്രേരിപ്പിക്കുന്നത്. അതേസമയം, റോസ്‍ലിൻ, പത്മ എന്നീ സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം അവരുടെ മാംസം പാകം ചെയ്ത് ഭക്ഷിച്ചു എന്ന പ്രതികളുടെ വെളിപ്പെടുത്തലും കഴിഞ്ഞ ദിവസം ഉണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.