നരബലിക്കേസ്: പ്രതികളെ 12 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
text_fieldsകൊച്ചി: ഇലന്തൂർ നരബലിക്കേസിലെ പ്രതികളെ 12 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളായ ഷാഫി, ഭഗവൽ സിങ്, ലൈല എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഈ മാസം 24 വരെയാണ് കസ്റ്റഡി കാലാവധി.
ഇന്ന് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെ മനുഷ്യമാംസം കഴിച്ചെന്ന ആരോപണം പ്രതികളായ ലൈലയും ഭഗവൽ സിങ്ങും നിഷേധിച്ചിരുന്നു. മനുഷ്യ മാംസം കഴിച്ചോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു ഇരുവരുടെയും മറുപടി.
അതേസമയം, ഷാഫിയാണോ സൂത്രധാരൻ, ഭഗവൽ സിങ്ങിനെ കൊല്ലാൻ ശ്രമിച്ചോ തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും ലൈല പ്രതികരിക്കാൻ തയാറായില്ല.
കഴിഞ്ഞ ദിവസമാണ് നരബലിയുമായി ബന്ധപ്പെട്ട് മൂന്നുപേരെയും പൊലീസ് പിടികൂടിയത്. ലോട്ടറി വിത്പനക്കാരിയായ പത്മ എന്ന സ്ത്രീയെ കാണാതായതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് രണ്ടുപേരുടെ നരബലി നടത്തിയെന്ന വിവരത്തിലേക്ക് വിരൽചൂണ്ടിയത്. പത്മയെ അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്നും ക്രൂരത വിവരണാതീതമായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.
നേരത്തെ, റോസിലി എന്ന സ്ത്രീയെയും കൊലക്കിരയാക്കിയിരുന്നു. ബലിക്ക് ക്രൂരത പോരെന്നും അതുകൊണ്ടാണ് അഭിവൃദ്ധിയുണ്ടാകാത്തതെന്നും പറഞ്ഞാണ് ഷാഫി എന്ന പ്രതി പത്മയെ അതിക്രൂരമായി കൊന്നത്. ഇവരെ വെട്ടിനുറുക്കിയത് ജീവനോടെയാണെന്നും ആരോപണമുണ്ട്.
അതേസമയം, ഷാഫി ഭഗവൽ സിങ്ങുമായി ബന്ധപ്പെട്ട ശ്രീദേവി എന്ന ഫേസ് ബുക്ക് അക്കൗണ്ട് പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. ശ്രീദേവിയുമായുളള ചാറ്റുകൾ ഉൾപ്പെടെ പരിശോധിക്കാണനാണ് പൊലീസ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.