നരബലി: ഷാഫി മോർച്ചറി സഹായിയായി ജോലി ചെയ്തിരുന്നതായി വിവരം
text_fieldsകൊച്ചി: ഇലന്തൂർ നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി മോർച്ചറി സഹായിയായി ജോലി ചെയ്തിട്ടുണ്ടെന്ന വിവരത്തിൽ കൂടുതൽ അന്വേഷണം നടത്താൻ പൊലീസ്. ഷാഫി പെരുമ്പാവൂരിൽ താമസിച്ച സമയത്ത് മോർച്ചറിയിൽ സഹായിയായി ജോലി ചെയ്തിട്ടുണ്ടെന്ന വിവരമാണ് ലഭിച്ചത്. ഈ സമയത്ത് പോസ്റ്റുമോർട്ടം നടപടികൾ ഉൾപ്പെടെ കണ്ടുപഠിച്ചിട്ടുണ്ടോയെന്ന കാര്യമാണ് അന്വേഷിക്കുന്നത്. നരബലിക്കിരയായ സ്ത്രീകളുടെ ശരീരം വെട്ടിമുറിക്കാൻ മറ്റ് പ്രതികളായ ഭഗവൽ സിങ്ങിനും ലൈലക്കും നിർദേശങ്ങൾ നൽകിയത് ഷാഫിയായിരുന്നു. പലതരം വൈകൃതങ്ങൾക്കടിമയാണ് ഷാഫിയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
മൃതദേഹങ്ങൾ വെട്ടിമുറിക്കാൻ ഷാഫിയാണ് ആവശ്യമായ നിർദേശങ്ങൾ നൽകിയതെന്നാണ് പ്രതികളുടെ മൊഴി. ആന്തരാവയവങ്ങൾ ഉൾപ്പെടെ ചില ശരീരഭാഗങ്ങൾ വെട്ടിയെടുത്ത് 10 ദിവസത്തോളം ഫ്രിഡ്ജിൽ സൂക്ഷിച്ചു. ഇവയിൽ ചിലത് കുക്കറിൽ വേവിച്ചതായും പ്രതികൾ മൊഴി നൽകി. അവയവങ്ങൾ കൃത്യമായി വെട്ടിമുറിക്കാനുള്ള നിർദേശം നൽകാൻ ഷാഫിക്ക് എങ്ങനെ കഴിഞ്ഞുവെന്നത് അന്വേഷിക്കും.
തിരുവല്ല ഇലന്തൂരിലെ നരബലി നടന്ന ഭഗവൽസിങ്ങിന്‍റെ വീട്ടിൽ പ്രതികളെയെത്തിച്ച് തെളിവെടുപ്പ് നാളെയും തുടരും. വീട്ടിനുള്ളിൽ നിന്ന് ഷാഫിയുടേത് ഉൾപ്പെടെ വിരലടയാളങ്ങളും ഫ്രിഡ്ജിനുള്ളിൽ നിന്ന് രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. മാംസം സൂക്ഷിച്ചതിന്റെ തെളിവാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. ഇതിന്റെ സാമ്പിളുകൾ വിശദമായ പരിശോധനക്ക് അയക്കും. ആയുധങ്ങളും കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. നാല് കറിക്കത്തിയും ഒരു വെട്ടുകത്തിയുമാണ് കണ്ടെത്തിയത്.
പൊലീസ് നായ്ക്കളെ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ വീട്ടുവളപ്പിൽ നിന്ന് അസ്ഥിക്കഷണം ലഭിച്ചിരുന്നു. ഇത് മനുഷ്യന്‍റേതാണോയെന്ന് സ്ഥിരീകരിക്കാൻ പരിശോധനക്ക് അയക്കും. ഡമ്മി ഉപയോഗിച്ച് കൊല നടത്തിയ രീതിയും പൊലീസ് അവലോകനം ചെയ്യും. വീട്ടിലെ പരിശോധന അടുത്ത ദിവസങ്ങളിലും തുടരും.
ഷാഫിയുടെ 'ശ്രീദേവി' എന്ന വ്യാജ ഫേസ്ബുക് അക്കൗണ്ട് വിവരങ്ങൾ വീണ്ടെടുക്കാൻ പൊലീസ് ശ്രമം തുടരുകയാണ്. ഇതുവഴിയാണ് ഷാഫി ഭഗവൽസിങ്ങുമായി ബന്ധപ്പെട്ടത്. ഈ അക്കൗണ്ടിലൂടെ മറ്റ് ആളുകളെയും ഷാഫി വലയിലാക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.