ഉപയോഗശൂന്യമായ കിണറില്‍ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി
text_fieldsചെറുപുഴ (കണ്ണൂർ): കോലുവള്ളിയില്‍ ആള്‍ത്താമസമില്ലാത്ത പറമ്പിലെ കിണറില്‍ മാസങ്ങള്‍ പഴക്കമുള്ള മനുഷ്യ അസ്ഥികൂടം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ ചെറുപുഴ പൊലീസെത്തി അസ്ഥികൂടം പുറത്തെടുത്തു. മരിച്ചത് പുരുഷനാണെന്ന നിഗമനത്തിലാണ് പൊലീസ്.
ഞായറാഴ്ച വൈകീട്ടാണ് കോലുവള്ളി കള്ളപ്പാത്തി റോഡില്‍ നിന്നു മീറ്റർ മാറിയുള്ള കവുങ്ങിന്‍ തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറില്‍ അസ്ഥികൂടം കിടക്കുന്നതായി ചെറുപുഴ പൊലീസിന് വിവരം ലഭിച്ചത്. ഏക്കറുകളോളം വരുന്ന ആൾത്താമസമില്ലാത്ത പറമ്പാണിത്. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നു ചെറുപുഴ എസ്.ഐ എം.പി. ഷാജിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍, നേരം വൈകിയതിനാല്‍ കിണറിലിറങ്ങി പരിശോധിക്കാന്‍ സാധിച്ചില്ല.
തുടര്‍ന്നു പ്രദേശത്ത് കാവല്‍ ഏര്‍പ്പെടുത്തിയ പൊലീസ് തിങ്കളാഴ്ച രാവിലെ പെരിങ്ങോം അഗ്നിരക്ഷാസേനയുടെ സഹായത്തോടെ കിണര്‍ പരിശോധിക്കുകയായിരുന്നു. 20 അടിയോളം ആഴമുള്ള കിണറിലെ വെള്ളം മോട്ടോര്‍ പമ്പ് ഉപയോഗിച്ച് വറ്റിച്ചശേഷം കിണറിലിറങ്ങി പരിശോധിച്ചു. പരിശോധനയില്‍ പുരുഷന്റേതെന്നു കരുതുന്ന അസ്ഥികൂടം കണ്ടെത്തുകയായിരുന്നു.
അസ്ഥികൂടത്തിന്റെ തലയോട്ടിയും അസ്ഥികളും വേര്‍പെട്ട നിലയിലായിരുന്നു. മരിച്ചയാളുടേതെന്നു കരുതുന്ന ഷര്‍ട്ടും ചെരിപ്പുകളും കണ്ടെടുത്തിട്ടുണ്ട്. അസ്ഥികൂടം ആരുടേതെന്നു തിരിച്ചറിയാന്‍ അടുത്തിടെ കാണാതായ ആളുകളെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.
പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ. പ്രേമരാജന്‍, ചെറുപുഴ എസ്.ഐ എം.പി. ഷാജി, പെരിങ്ങോം ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ സി.പി. രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കിണറില്‍ പരിശോധന നടത്തി അസ്ഥികൂടം പുറത്തെടുത്തത്. പൊലീസിന്റെ ഫോറന്‍സിക് വിഭാഗവും പൊലീസ് നായ റിക്കിയും തെളിവെടുപ്പിനെത്തിയിരുന്നു.
കവുങ്ങിന്‍ തോട്ടത്തില്‍ നിന്നും വീണുകിടക്കുന്ന അടയ്ക്കകള്‍ പെറുക്കിയെടുക്കാന്‍ പുറത്തുനിന്നുള്ളവര്‍ ഇവിടെ എത്താറുണ്ടെന്നു പറയുന്നു. ഇങ്ങനെ എത്തിയ ആരെങ്കിലും അബദ്ധത്തില്‍ കിണറില്‍ വീണ് അപകടത്തില്‍പ്പെട്ടതാണെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.