ലാവോസിലേക്ക് മനുഷ്യക്കടത്ത്: രണ്ടാം പ്രതിയും പിടിയിൽ
text_fieldsപള്ളുരുത്തി: ഓൺലൈൻ തട്ടിപ്പ് ഉൾപ്പെടെയുള്ള നിയമ വിരുദ്ധ പ്രവൃത്തികൾക്കായി ലാവോസിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിൽ ഒരാൾകൂടി പിടിയിൽ. രണ്ടാം പ്രതി പള്ളുരുത്തി കടേഭാഗം കണ്ടത്തിൽപറമ്പിൽ ബാദുഷയാണ് (29) തോപ്പുംപടി പൊലീസിന്റെ പിടിയിലായത്.
കേസിൽ കഴിഞ്ഞദിവസം പള്ളുരുത്തി തങ്ങൾനഗർ സ്വദേശി അഫ്സർ അഷ്റഫിനെ പിടികൂടിയിരുന്നു. ഇയാൾ കേരളത്തിൽനിന്ന് കയറ്റി അയക്കുന്നവരെ ലാവോസിൽ എത്തിയശേഷം തട്ടിപ്പ് കേന്ദ്രത്തിലേക്ക് കൈമാറിയിരുന്നത് ഈ ബാദുഷയാണ്.
ഒന്നാം പ്രതി ലാവോസിൽ ഉണ്ടായിരുന്ന സമയത്ത് ബാദുഷയും അവിടെയുണ്ടായിരുന്നു. അഫ്സർ അഷ്റഫ് നാട്ടിൽ മടങ്ങിയെത്തിയശേഷം ബാദുഷയുമായി ചേർന്നാണ് മനുഷ്യക്കടത്ത് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ഒന്നാം പ്രതി അഫ്സറിനെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം പ്രതിയുടെ അറസ്റ്റ്. ഇരുവരുടെയും വീടുകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ലാവോസിൽ ഓൺലൈൻ തട്ടിപ്പ് കേന്ദ്രത്തിലുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ഇതിനകം ശേഖരിച്ചിട്ടുണ്ട്. ഇവരെ നാട്ടിലേക്ക് തിരികെ എത്തിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
ലാവോസിൽനിന്ന് രക്ഷപ്പെട്ട് എത്തിയ തോപ്പുംപടി പോളക്കണ്ടം മാർക്കറ്റിനുസമീപം താമസിക്കുന്ന ഷുഹൈബ് ഹസന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. ലാവോസിലെ ചൈനീസ് കമ്പനിയായ യിങ് ലോൺ എന്ന സ്ഥാപനത്തിൽ ഇൻവെസ്റ്റ്മെന്റ് സ്കീമിൽ ജോലി വാഗ്ദാനം ചെയ്താണ് ഷുഹൈബ് ഹസൻ ഉൾപ്പെടെ ആറുപേരെ പ്രതികൾ ലാവോസിലേക്ക് കൊണ്ടുപോയത്.
50,000 രൂപ വീതം ഇവരിൽനിന്ന് വാങ്ങിയശേഷം ലാവോസിലേക്ക് എത്തിച്ച് യിങ് ലോൺ എന്ന കമ്പനിക്ക് നാലുലക്ഷം രൂപ വീതം മനുഷ്യക്കടത്ത് നടത്തി വിൽക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് ഇൻസ്പെക്ടർ സി.ടി. സഞ്ജീവ്, എസ്.ഐ ജിൻസൻ ഡൊമിനിക് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.