'വിദ്യാർഥിനിയെ ചവിട്ടിവീഴ്ത്തിയ കാടത്തത്തിനെതിരെ മുടി മുറിച്ച് പ്രതിഷേധം'; സി.എം.എസ് കോളജിൽ വിദ്യാർഥികളുടെ മനുഷ്യമതിൽ
text_fieldsകോട്ടയം: ''എന്‍റെ അച്ഛൻ ചോദിച്ചു, നിങ്ങളുടെ കോളജിലെയൊരു കുട്ടിയെ ചവിട്ടിവീഴ്ത്തിയിട്ട് നിങ്ങൾക്ക് പ്രതിഷേധമൊന്നുമില്ലേ, എന്ത് പറയണമെന്നറിയാതെ ചൂളിപ്പോയി. സംഭവം ഞാൻ അറിഞ്ഞിരുന്നില്ല. അതൊരു നീറ്റലായി. തന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്നത് ചെയ്യണമെന്ന് തോന്നി. തലമുടി മുറിക്കാനാണ് തോന്നിയത്. അല്ലാതെ മറ്റൊന്നും എന്‍റെ കൈയിൽ ഉണ്ടായിരുന്നുമില്ല''- കോട്ടയം നഗരമധ്യത്തിൽ വിദ്യാർഥിനിയെയും സുഹൃത്തിനെയും ചവിട്ടിവീഴ്ത്തിയ സദാചാര ഗുണ്ടായിസത്തിൽ പ്രതിഷേധിച്ച് മുറിച്ച തലമുടിയുമായി അഞ്ജന കാതറിൻ ഇതുപറയുമ്പോൾ സഹപാഠികൾ ആരവത്തോടെ അവൾക്കൊപ്പം ചേർന്നുനിന്നു.
ബുധനാഴ്ച രാവിലെയാണ് കോട്ടയം സി.എം.എസ് കോളജ് അപൂർവ പ്രതിഷേധത്തിന് വേദിയായത്. കോട്ടയം സി.എം.എസ് കോളജ് വിദ്യാർഥിനിക്കും സുഹൃത്തിനുമുണ്ടായ ആക്രമണത്തിനെതിരെയായിരുന്നു രണ്ടാംവർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർഥി അഞ്ജന കാതറിൻ മുടിമുറിച്ച് പ്രതിഷേധിച്ചത്. അഞ്ജനയുടെ തീരുമാനത്തിനൊപ്പം ക്ലാസിലെ മറ്റ് കുട്ടികളും കട്ടക്ക് നിന്നതോടെ, കാമ്പസ് ഇതുവരെ കാണാത്ത പ്രതിഷേധത്തിന് കോളജ് ഗ്രേറ്റ് ഹാൾ വേദിയായി.
ബുധനാഴ്ച രാവിലെ മുടിമുറിച്ച അഞ്ജന, സഹപാഠികൾക്കൊപ്പം ചേർന്ന് ഇത് ഗ്രേറ്റ് ഹാളിന്‍റെ വരാന്തയിൽ കെട്ടിത്തൂക്കി. അവർക്കൊപ്പമെന്ന ബാഡ്ജും ഒപ്പം ചേർത്തു. മനുഷ്യനല്ലേ, ഞാൻ മിണ്ടിയില്ലെങ്കിൽ പിന്നെ ആരാണ്. നമ്മുടെ കൂട്ടത്തിൽ ഒരാൾക്കുനേരെ അതിക്രമം ഉണ്ടാകുമ്പോൾ നമ്മൾ പ്രതിഷേധിക്കേണ്ടേ. അണ്ണാറക്കണ്ണനും തന്നാലയത്. മറ്റുള്ളവരിലേക്ക് ഒരു സന്ദേശം എത്തിക്കാൻ കഴിഞ്ഞാൽ അതുതന്നെ വലിയകാര്യം.
ഞങ്ങളുടെ ബാച്ചിലുള്ളതല്ലെങ്കിലും അക്രമിക്കപ്പെട്ട വിദ്യാർഥിക്കൊപ്പം നിൽക്കേണ്ടത് ഞങ്ങളുടെ ബാധ്യതയാണെന്ന് തോന്നി. സഹപാഠികളെല്ലാം പൂർണപിന്തുണയുമായി ഒപ്പമുണ്ട് -പായിപ്പാട് സ്വദേശിയായ അഞ്ജന പറഞ്ഞു. രണ്ടാംവർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർഥികൾ പോസ്റ്റർ തയാറാക്കുകയും ഇതിൽ കൂട്ടമായി ഒപ്പ് വെക്കുകയും ചെയ്തു.
അധികം കഴിയും മുമ്പ് അഞ്ജന കൊളുത്തിയ പ്രതിഷേധജ്വാല കാമ്പസിൽ പടർന്നുകയറി. വൈകീട്ട് കോളജിലെ മുഴുവൻ വിദ്യാർഥികളും അവളെ ചവിട്ടിവീഴ്ത്തിയ കാടത്തത്തിനെതിരെ കാമ്പസിൽ അണിനിരന്നു. അക്രമികൾക്ക് താക്കീതായി വിദ്യാർഥികൾ കോളജിനുചുറ്റും വൻ മനുഷ്യമതിൽ തീർത്തു. ഇതിനിടെ കൂടുതൽ വിദ്യാർഥികൾ മുടിമുറിക്കുകയും ചെയ്തു. അഞ്ജനയുടെ മുടിക്കൊപ്പം ഇവരുടേത് ചേർത്തുവെച്ചു. കോളജും അധ്യാപകരും ഒപ്പംനിന്നതോടെ അക്രമികൾക്ക് ഇത് താക്കീതായി.
തിങ്കളാഴ്ച രാത്രി 11നായിരുന്നു കോട്ടയം നഗരമധ്യത്തിലെ തിരുനക്കരയിൽ അക്ഷരനഗരിയെ ലജ്ജിപ്പിച്ച സംഭവമുണ്ടായത്. തട്ടുകടയിൽനിന്ന് ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർഥിനിയെയും സുഹൃത്തിനെയുമാണ് ലൈംഗിക ചുവയോടെ സംസാരിച്ചശേഷം മൂന്നംഗസംഘം ക്രൂരമായി ആക്രമിച്ചത്. 50ഓളം പേർ കാഴ്ചക്കാരായി ഉണ്ടായിരുന്നെങ്കിലും ആരും രക്ഷിക്കാൻ ശ്രമിച്ചില്ലെന്നും ആക്രമണത്തിന് ഇരയായവർ പരാതിപ്പെട്ടിരുന്നു. സംഭവത്തിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.