Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമനുഷ്യ- വന്യ ജീവി...

മനുഷ്യ- വന്യ ജീവി സംഘര്‍ഷം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു

text_fields
bookmark_border
മനുഷ്യ- വന്യ ജീവി സംഘര്‍ഷം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടായ വന്യജീവി ആക്രമണം മൂലമുള്ള ദാരുണ സംഭവങ്ങള്‍ കണക്കിലെടുത്ത് മനുഷ്യ-വന്യ ജീവി സംഘര്‍ഷം സംസ്ഥാന പ്രത്യേക ദുരന്തമായി (സ്റ്റേറ്റ് സ്പെസിഫിക്ക് ഡിസാസ്റ്റര്‍) പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനം കൂടി ഇതില്‍ ഉള്‍പ്പെടുത്തി ഏകോപിപ്പിക്കും. മുഖ്യമന്ത്രി - മന്ത്രി തലത്തിലും ഉദ്യോഗസ്ഥ തലത്തിലുമുള്ള നാല് സമിതികള്‍ ജില്ലാ, പ്രദേശിക തലത്തില്‍ ഉള്‍പ്പെടെ രൂപീകരിക്കും. സംസ്ഥാനതല ഉദ്യോഗസ്ഥ സമിതി ഉള്‍പ്പെടെയുള്ള സമിതികളുടെ ചുമതലകളും പ്രവര്‍ത്തന രീതിയും ചീഫ് സെക്രട്ടറി, വനം വകുപ്പ് സെക്രട്ടറിയുമായി ചര്‍ച്ച ചെയ്ത് തയാറാക്കും.

സംസ്ഥാനതലത്തിൽ മുഖ്യമന്ത്രി അധ്യക്ഷനായി സമിതി രൂപീകരിക്കും. വനം മന്ത്രി, റവന്യൂ മന്ത്രി, തദ്ദേശ മന്ത്രി, പട്ടികജാതി പട്ടികവർഗ മന്ത്രി എന്നിവർ അംഗങ്ങളും, ചീഫ് സെക്രട്ടറി കൺവീനറുമായിരിക്കും. ഈ സമിതി സംസ്ഥാന തലത്തിൽ ആവശ്യമായ നിർദേശങ്ങൾ നൽകും.

ചീഫ് സെക്രട്ടറി അധ്യക്ഷനായി ആഭ്യന്തര, വനം, പട്ടികജാതി-പട്ടികവർഗ, തദ്ദേശ സ്വയംഭരണ, കൃഷി വകുപ്പ് സെക്രട്ടറിമാർ, വനം വകുപ്പ് മേധാവി, പി.സി.സി.എഫ് ആൻഡ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ, ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി മെമ്പർ സെക്രട്ടറി എന്നിവർ അംഗങ്ങളായി സംസ്ഥാനതലത്തിൽ നിയന്ത്രണ സമിതി രൂപീകരിക്കും. സംസ്ഥാനതലത്തിൽ ഇതു സംബന്ധിച്ച കാര്യങ്ങൾ നടപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങളും ഉത്തരവുകളും നൽകുന്നത് ഈ സമിതിയുടെ ഉത്തരവാദിത്തമായിരിക്കും.

ജില്ലാ ചുമതലയുള്ള മന്ത്രി അധ്യക്ഷനായും ജില്ലാ കളക്ടർ, എസ്.പി, ഡി.എഫ്.ഒ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം), എൽ.എസ്.ജി.ഡി ഡെപ്യൂട്ടി ഡയറക്ടർ, പട്ടികജാതി- പട്ടികവർഗ്ഗ ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ കൃഷി വകുപ്പ് ഓഫീസർ, ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസർ എന്നിവരടങ്ങുന്ന ഒരു നിയന്ത്രണ സംവിധാനം രൂപീകരിക്കും. ജില്ലയിലെ ഇതു സംബന്ധിച്ച മുഴുവൻ കാര്യങ്ങളും ഈ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരവും മേൽനോട്ടത്തിലും ആയിരിക്കും.

വന്യജീവി സംഘർഷസാധ്യതയുള്ള പ്രദേശങ്ങളിൽ തദ്ദേശസ്വയംരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ ജാഗ്രതാ സമിതികൾ നിലവിലുണ്ട്. ജാഗ്രതാ സമിതികളായിരിക്കും പ്രാദേശിക തലത്തിൽ വന്യജീവി സംഘർഷം തടയുന്നതിനുള്ള നടപടികൾ തയാറാക്കുന്നതും നടപ്പിലാക്കുന്നതും. ഇവർ ബന്ധപ്പെട്ട ജില്ലാതല സമിതിയുടെ കൂടി നിർദ്ദേശപ്രകാരമായിരിക്കണം പ്രവർത്തിക്കേണ്ടത്. അടിയന്തര സാഹചര്യങ്ങളിൽ ഈ സമിതി നടപടികൾ സ്വീകരിച്ച് ജില്ലാസമിതിയുടെ സാധൂകരണം തേടിയാൽ മതിയാകും.

ജാഗ്രതാ സമിതിയിൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റ്, ബന്ധപ്പെട്ട വനം ഉദ്യോഗസ്ഥൻ, പട്ടികജാതി- പട്ടികവർഗ ഉദ്യോഗസ്ഥൻ, കൃഷി ഉദ്യോഗസ്ഥൻ, മൃഗസംരക്ഷണ ഉദ്യോഗസ്ഥൻ, തഹസീൽദാർ, പൊലീസ് ഉദ്യോഗസ്ഥൻ, ആരോഗ്യ ഉദ്യോഗസ്ഥൻ എന്നിവർ ഉൾപ്പെടും. തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റായിരിക്കും അധ്യക്ഷൻ. സമിതിക്ക് ഈ മേഖലയിലെ അംഗീകൃത സന്നദ്ധ സംഘടനാ പ്രതിനിധികളെക്കൂടി സമിതിയിൽ ഉൾപ്പെടുത്തും.

ചീഫ് വൈൽഡ് ലൈഫ് വാർഡനെ മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിനുള്ള നോഡൽ ഓഫീസറായി നിയമിക്കുന്നത് പ്രശ്നപരിഹാരത്തിന് സഹായകരമാകും.

പ്രകൃതിദുരന്ത സമയങ്ങളിൽ സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച ഒരുക്കുന്ന നിരീക്ഷണ സംവിധാനത്തിനു സമാനമായി, വനം വകുപ്പ് ആസ്ഥാനത്ത് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ചുമതലയിൽ ഒരു കൺട്രോൾ റൂം പ്രവർത്തിക്കും. കൺട്രോൾ റൂമിൽ മതിയായ വാർത്താവിനിയമ സങ്കേതങ്ങൾ ഒരുക്കും.

വന്യജീവി ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളിൽ സമയാസമയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിന് വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ ഉൾപ്പെടെ ആധുനിക വിവര-വിനിമയ സംവിധാനങ്ങൾ സജ്ജമാക്കും. മനുഷ്യ-വന്യജീവി സംഘർഷം നിലനിലനിൽക്കുന്ന മനുഷ്യവാസമുള്ള പ്രദേശങ്ങളിൽ ജാഗ്രതയ്ക്കായി കൂടുതൽ താൽക്കാലിക വാച്ചർമാരെ നിയോഗിക്കും.വന്യജീവി സംഘർഷങ്ങളിൽ ഇടപെട്ട് പ്രവർത്തിച്ച് കഴിവ് തെളിയിച്ചിട്ടുള്ള ഉദ്യോഗസ്ഥരെ ഈ പ്രദേശങ്ങളിൽ നിയമിക്കും. ഇതിന് സംസ്ഥാന വനംവകുപ്പ് മേധാവിയെ ചുമതലപ്പെടുത്തി.

വനപ്രദേശങ്ങളോട് ചേർന്നുകിടക്കുന്ന എസ്റ്റേറ്റുകൾ, തോട്ടങ്ങൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളിലെ കുറ്റിക്കാടുകൾ ഇല്ലാതാക്കുന്നതിന് ഉടമസ്ഥർക്ക് നിർദ്ദേശം നൽകും. സർക്കാർ-അർദ്ധസർക്കാർ ഉടമസ്ഥതയിലുള്ള തോട്ടങ്ങളിലും ഈ പ്രവർത്തനം വ്യാപിപ്പിക്കും. തോട്ടം ഉടമകളോട് വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ അഭ്യർഥിക്കും. നിലവിലുള്ള റാപ്പിഡ് റെസ്പോൺസ് ടീമുകളെ, ആവശ്യമായ ജീവനക്കാരെയും ഉപകരണങ്ങളും വാഹനങ്ങളും നൽകി ശക്തിപ്പെടുത്തും.

മനുഷ്യ-വന്യജീവി സംഘർഷത്തിന് സാധ്യത കൂടിയ സ്ഥലങ്ങളിൽ ഫോറസ്റ്റ് ഡിവിഷൻ/ സ്റ്റേഷൻ അടിസ്ഥാനപ്പെടുത്തി ആവശ്യാനുസരണം പ്രത്യേക ജാഗ്രതാ സമിതികൾ രൂപീകരിക്കും. ഇത് ഡി.എഫ്.ഒമാരുടെ ഉത്തരവാദിത്വമായിരിക്കും.

വന്യജീവി സംഘർഷസാധ്യതയുള്ള പ്രദേശങ്ങളിൽ വനത്തിനുള്ളിൽ മൃഗങ്ങൾക്ക് ആവശ്യമായ തോതിൽ വെള്ളം ലഭിക്കുമെന്ന് ഉറപ്പാക്കും. എവിടങ്ങളിലൊക്കെ ഇതിന് താൽക്കാലിക സംവിധാനങ്ങളൊരുക്കാമെന്ന് വനംവകുപ്പ് നിർദ്ദേശിക്കണം. പൊതുമേഖല/ സ്വകാര്യ സ്ഥാപനങ്ങളുടെ സഹായ സഹകരണത്തോടെ ഇതിനാവശ്യമായ തുക കണ്ടെത്തുന്ന കാര്യം പരിഗണിക്കും.

വനംവകുപ്പ് ആസ്ഥാനത്ത് നിലവിലുള്ള ഉന്നതതല ഉദ്യോഗസ്ഥ സമിതി നടത്തുന്ന പ്രവർത്തനങ്ങളും സ്വീകരിച്ച നടപടികളും ആവശ്യമുള്ള നിർദ്ദേശങ്ങളും ആഴ്ചതോറും വിലയിരുത്തി സർക്കാരിലേക്ക് വിശദമായ റിപ്പോർട്ട് ലഭ്യമാക്കണം.വന്യജീവി ആക്രമണത്തെത്തുടർന്ന് പ്രഖ്യാപിച്ചിട്ടുള്ള നഷ്ടപരിഹാര തുക എത്രയും വേഗം നൽകുന്നതിന് വനംവകുപ്പ് മേധാവിയെ ചുമതലപ്പെടുത്തും. ഇതിന്റെ പുരോഗതി വനം വകുപ്പ് സെക്രട്ടറി വിലയിരുത്തണം.

ഇതിലേക്ക് ആവശ്യമായി വരുന്ന ചെലവുകളെ ട്രഷറി നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കുന്ന കാര്യം പരിഗണിക്കും.മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് കിഫ്ബി വഴി ഇപ്പോൾ അനുവദിച്ചിട്ടുള്ള 100 കോടി രൂപക്കു പുറമെ 110 കോടി രൂപ കൂടി (ആകെ 210 കോടി രൂപ) കിഫ്ബി മുഖാന്തരം അനുവദിക്കാൻ നടപടി സ്വീകരിക്കും.

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനുമുള്ള ദീർഘകാല- ഹ്രസ്വകാല പദ്ധതികൾക്കുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ അന്തർദേശീയ-ദേശീയ വിദഗ്ദ്ധരെ ഉൾപ്പെടുത്തി ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കും.

മനുഷ്യ-വന്യജീവി സംഘർഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഏകോപിപ്പിക്കാൻ കേരള-കർണ്ണാടക-തമിഴ്നാട് സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉൾപ്പെട്ട ഇന്‍റർസ്റ്റേറ്റ് കോ-ഓർഡിനേഷൻ കമ്മിറ്റി യോഗങ്ങൾ ചേരും. ഇതിനായി ചീഫ് സെക്രട്ടറി, വനം വകുപ്പ് മേധാവി എന്നിവരെ ചുമതലപ്പെടുത്താനും മന്ത്രിസഭ യോഗം തീരുമാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Human-wildlife conflict
News Summary - Human-wildlife conflict has been declared a state special disaster
Next Story