സി.ഇ.ടിയെ ഇളക്കിമറിച്ച് സോഫിയ
text_fieldsതിരുവനന്തപുരം: ലോകം ചുറ്റിക്കറങ്ങുന്നതിനിടെ കേരളത്തിലുമെത്തി മനുഷ്യ റോബോട്ട് സോഫിയ. കോളജ് ഓഫ് എന്‍ജിനീയറിങ് ട്രിവാന്‍ട്രത്തിന്റെ (സി.ഇ.ടി) ടെക് ഫെസ്റ്റായ ദൃഷ്ടി 2022ന്റെ ഭാഗമായാണ് ലോകത്തിലെ ഏറ്റവും മികച്ച ഹ്യൂമനോയിഡ് റോബോട്ടായ സോഫിയ തലസ്ഥാനത്ത് എത്തിയത്. ഒരു രാജ്യത്തിന്റെ പൗരത്വം ലഭിക്കുന്ന ആദ്യ റോബോട്ട് എന്ന നിലയിലാണ് സോഫിയ എന്ന റോബോട്ട് ശ്രദ്ധ നേടുന്നത്. 2017ലാണ് സോഫിയക്ക് സൗദി പൗരത്വം ലഭിച്ചത്.
മനുഷ്യർ ഈ ലോകത്തിന് അപകടമാണോ എന്ന ചോദ്യത്തിന് മറുപടിയായി റോബോട്ടുകളും മനുഷ്യരും ഒരുമിച്ച് സഹകരിച്ച് നല്ലൊരു നാളേക്കായി പ്രവർത്തിക്കുന്ന ഒരു ലോകമാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന് സോഫിയ പറഞ്ഞു. പ്രേക്ഷകർക്കിടയിൽ അമ്പരപ്പും ആവേശവും നിറച്ചുകൊണ്ട് തനിനാടൻ വേഷമായ സെറ്റുസാരി അണിഞ്ഞെത്തിയ സോഫിയ ഒടുവിൽ നവരസങ്ങൾകൂടി അഭിനയിച്ച് കാണിച്ചുകൊണ്ട് വേദിയെ ഇളക്കിമറിച്ചു.
വിവിധ വർക്ഷോപ്പുകളും മത്സരങ്ങളും പ്രോജക്റ്റ് അവതരണവും നടന്ന 'ദൃഷ്ടി'യിൽ അവസാനദിനം ബോളിവുഡ് ഗായകനായ അർമാൻ മലിക്കിന്റെ സംഗീതനിശയും നടന്നു. 12 ലക്ഷം രൂപ ചെലവിട്ടാണ് മനുഷ്യ റോബോട്ടിനെ ഫെസ്റ്റിന്റെ സംഘാടകര്‍ തിരുവനന്തപുരത്ത് എത്തിച്ചത്. അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയയായ സോഫിയയെ ടെക് ഫെസ്റ്റിന്റെ ഭാഗമാക്കാന്‍ സാധിച്ചതിന്റെ അഭിമാനത്തിലാണ് ദൃഷ്ടിയുടെ സംഘാടകര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.