വിനയസ്വരൂപൻ ദേവർകോവിൽ
text_fieldsകോഴിക്കോട്: ഭാഗ്യമുള്ളവനാണ് അഹമ്മദ് ദേവർകോവിൽ. പാർട്ടിക്ക് പുറത്ത് തലയെടുപ്പുള്ള നേതാവല്ലെങ്കിലും ലാളിത്യവും വിനയവുമായി ഗോദയിൽ ഇറങ്ങിയപ്പോൾ കോഴിക്കോട് സൗത്തിൽ തകർപ്പൻ ജയം. ഐ.എൻ.എല്ലിന് മണ്ഡലത്തിൽ വലിയ സ്വാധീനമില്ലാതിരുന്നിട്ടും സി.പി.എം പ്രവർത്തകരുടെ ആത്മാർഥവും ചിട്ടയുമാർന്ന പ്രവർത്തനങ്ങളുടെ ബലത്തിൽ ജനങ്ങൾക്കിടയിലേക്ക് സാധാരണക്കാരനായി ഇറങ്ങിച്ചെന്നപ്പോൾ അവർ ഇരുകൈയും നീട്ടി സ്വീകരിച്ചു.
പ്രചാരണത്തിന് ഇറങ്ങും മുമ്പ് സി.പി.എമ്മുകാർക്കുണ്ടായിരുന്ന ആശങ്കയെല്ലാം ദേവർകോവിൽ അസ്ഥാനത്താക്കി. അതോടെ പ്രവർത്തകർക്കും ആവേശമായി. 12,459 വോട്ടുകൾക്ക് മുസ്ലിം ലീഗിെൻറ അഡ്വ. നൂർബിന റഷീദിനെ പരാജയപ്പെടുത്തിയപ്പോഴും മന്ത്രിക്കുപ്പായമൊന്നും ദേവർകോവിൽ പ്രതീക്ഷിച്ചിരുന്നില്ല. പാർട്ടി നേതാക്കളായ എ.പി. അബ്ദുൽ വഹാബിെൻറയും കാസിം ഇരിക്കൂറിെൻറയും നേതൃത്വത്തിൽ എൽ.ഡി.എഫ് നേതൃത്വവുമായി ചർച്ച നടത്തുേമ്പാഴെല്ലാം ദേവർകോവിൽ കോഴിക്കോട്ടെ വസതിയിൽതന്നെയായിരുന്നു. ആദ്യ ജയത്തിൽ തന്നെ മന്ത്രി സ്ഥാനവും ഈ 61കാരനെ തേടിയെത്തുകയാണ്.
'എൽ.ഡി.എഫ് ഞങ്ങളോട് എക്കാലവും കാണിച്ച മാന്യ സമീപനത്തിെൻറ തുടർച്ചയാണ് പാർട്ടിക്കു ലഭിച്ച മന്ത്രിസ്ഥാനം. നീണ്ട 27 വർഷത്തെ മുന്നണി വാസത്തിന് ലഭിച്ച അംഗീകാരം. മുന്നണിയുടെയും വോട്ടർമാരുടെയും പ്രതീക്ഷക്കൊത്ത് പ്രവർത്തിക്കും' -മന്ത്രിസ്ഥാനം ഉറപ്പായ ശേഷം ദേവർകോവിൽ 'മാധ്യമ'ത്തോട് പറഞ്ഞു.
കോഴിക്കോട് കുറ്റ്യാടിക്കടുത്ത് ദേവർകോവിൽ സ്വദേശിയായ അഹമ്മദ് ദേവർകോവിൽ നഗരത്തിൽ ജവഹർ നഗർ കോളനിയിലാണ് താമസം. പാർട്ടിയുടെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയാണ്. അടിയന്തരാവസ്ഥയിൽ വിദ്യാർഥി പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് അറസ്റ്റുവരിച്ച് ജയിൽവാസം അനുഭവിച്ചു. ദീർഘകാലം മഹാരാഷ്ട്രയിലായിരുന്നു. ബോംബെ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി, ബോംബെ മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡൻറ്, ജനറൽ സെക്രട്ടറി, ബോംബെ മലയാളി സമാജം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച് സംഘടനാപാടവം തെളിയിച്ചു. ജി.എം. ബനാത്ത് വാലയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര മുസ്ലിം ലീഗിെൻറ കാര്യദർശി പദവി വഹിച്ചു. ഇബ്രാഹിം സുലൈമാൻ സേട്ടുമായി അടുത്ത ബന്ധം സൂക്ഷിച്ചു.
കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ജില്ല പ്രസിഡൻറ്, സംസ്ഥാന വൈസ് പ്രസിഡൻറ്, മെഡിക്കൽ കോളജ് ആസ്ഥാനമായുള്ള മെഹബൂബെ മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റ് (എം.എം.സി.ടി) സ്ഥാപക ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചു. സരോവരം ഗ്രീൻ എക്സ്പ്രസ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും ഗവ. അംഗീകൃത ഹജ്ജ്-ഉംറ ഓപറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമാണ്. കോഴിക്കോട്ട് ട്രാവൽസ് നടത്തുകയാണ്.
ഇംഗ്ലീഷ്, ഉർദു, ഹിന്ദി, മറാഠി, തമിഴ് ഭാഷകൾ അറിയാം. പ്രീഡിഗ്രിക്ക് ശേഷം ഉർദു അധ്യാപകനാകുന്നതിനായി ഹയർ ഉർദു കോഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്. പരേതനായ ഒറുവയിൽ വളപ്പൻ മൂസയുടെയും പുത്തലത്ത് മറിയത്തിെൻറയും മകനാണ്. വളയം ചെറുമോത്ത് സ്വദേശി സാബിറയാണ് ഭാര്യ. താജുന ഷെർവിൻ അഹമ്മദ്, തെൻസിഹ ഷെറിൻ അഹമ്മദ്, ഷെഫി മോനിസ് അഹമ്മദ് എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.