കൊച്ചുമകൻ വഴിയടച്ചു; നൂറുവയസ്സുകാരി ചികിത്സ ലഭിക്കാതെ നരകയാതനയിൽ
text_fieldsകോന്നി: കൊച്ചുമകൻ വഴിയടച്ചതുമൂലം ആശുപത്രിയിലേക്ക് പോലും പോകാനാകാതെ നൂറുവയസ്സുകാരി വീട്ടുതടങ്കലിൽ. കലഞ്ഞൂർ കരക്കാകുഴി പൂക്കുളവേലിൽ തങ്കമ്മയാണ് ആറ് മാസത്തിലധികമായി ആശുപത്രിയിലേക്കുപോലും പോകാനാകാതെ വീട്ടുതടങ്കലിൽ കഴിയുന്നത്. വയോധികയുടെ വീട്ടിലേക്കുള്ള വഴി കൊച്ചുമകൻ അടച്ചതിനെത്തുടർന്നാണ് ഈ ദുർഗതി വന്നിരിക്കുന്നത്. തങ്കമ്മയുടെ ചെറുമകൻ ആറുമാസംമുമ്പ് വീട്ടിലേക്ക് പോകേണ്ട വഴിയുടെ പ്രധാന ഗേറ്റ് അടച്ചുപൂട്ടുകയായിരുന്നു.
അമ്മക്ക് ചികിത്സ ലഭിക്കാതെ എന്തെങ്കിലും സംഭവിച്ചാൽ ചെറുമകനായിരിക്കും ഉത്തരവാദിയെന്ന് മകൾ സുജാത നൽകിയ പരാതികളിൽ പറയുന്നു. നിരവധിപേർക്ക് പരാതികൾ നൽകിയെങ്കിലും വഴി തുറന്നുനൽകാൻ നടപടി ഒന്നും ഉണ്ടായിട്ടില്ല. വർഷങ്ങൾക്കുമുമ്പ് സുജാതയുടെ പിതാവിെൻറ പേരിലുള്ള വസ്തുവകകൾ കൊച്ചുമകൻ എല്ലാവരെയും നോക്കിക്കൊള്ളാമെന്നുപറഞ്ഞ് എഴുതി വാങ്ങിയശേഷം ഇവരാരും അറിയാതെ വൻ തുകക്ക് കൂടൽ സ്വദേശിയായ ഷാജിക്ക് വിൽക്കുകയായിരുന്നത്രെ. സംഭവമറിഞ്ഞ് വീട്ടുകാർ അടൂർ ആർ.ഡി.ഒക്ക് നൽകിയ പരാതിയെത്തുടർന്ന് രജിസ്ട്രേഷൻ മരവിപ്പിച്ചിരുന്നു.
തുടർന്ന് രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ഒത്തുതീർപ്പിന് ശ്രമിക്കുന്നതിനിടെ ചെറുമകൻ ആത്മഹത്യ ഭീഷണി മുഴക്കിയപ്പോൾ വീട്ടുകാർ വസ്തു വിൽക്കാൻ സമ്മതിച്ചു. അന്ന് വഴി തടസ്സപ്പെടുത്തരുതെന്ന ഉപാധിയോടെയായിരുന്നു വിൽപനക്ക് സമ്മതിച്ചതെന്ന് സുജാത പറയുന്നു.
അത് ലംഘിച്ച് പെട്ടെന്ന് താഴിട്ട് പൂട്ടുകയായിരുന്നത്രെ. ആറുമാസംമുമ്പ് നൂറുവയസ്സുള്ള തങ്കമ്മ വീട്ടിൽ വീണ് നട്ടെല്ലിന് പൊട്ടലുണ്ടായി.ഇപ്പോൾ കമ്പി ഇട്ടിരിക്കുകയാണ്. വഴിയുള്ളപ്പോൾ വീടിനോട് ചേർന്ന് മുറിയുടെ ഭാഗത്ത് വാഹനം എത്തിച്ച് ആശുപത്രിയിൽ എത്തിക്കുമായിരുന്നു.
വഴി അടക്കപ്പെട്ടതോടെ ആറ് മാസമായി വയോധികയെ ആശുപത്രിയിൽ കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ് ബന്ധുക്കൾ. ഒരേ കിടപ്പ് കിടന്ന് വയോധികയുടെ ശരീരഭാഗങ്ങളിൽ വ്രണങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.