വെച്ചുവിളമ്പിയവരുടെ വീടുകളിൽ അടുപ്പ് പുകഞ്ഞിട്ട് ഒന്നരയാണ്ട്
text_fieldsതൊടുപുഴ: നിരവധിപേരുടെ വയറുനിറക്കാൻ െവച്ചുവിളമ്പിയ കാറ്ററിങ് തൊഴിലാളികൾ ലോക്ഡൗൺ കാലത്ത് തങ്ങളുടെ വയറുനിറക്കാൻ വഴി തേടുകയാണ്. ആദ്യ ലോക്ഡൗൺ മുതൽ ഒന്നരവർഷക്കാലമായി പ്രതിസന്ധിയുടെ നടുക്കയത്തിലാണ് കാറ്ററിങ് മേഖല. വിവാഹ സീസണുകളും ആഘോഷപരിപാടികളും കോവിഡിെൻറ വരിവിൽ നിലച്ചതോടെ ജീവനക്കാരുൾപ്പെടെ വലിയ ബാധ്യതയിലാണ്.
ആദ്യ തരംഗത്തിൽ ലോക്ഡൗൺ പ്രഖ്യാപിക്കും മുമ്പുതന്നെ ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നതിെൻറ ഭാഗമായി വിവാഹങ്ങളും മറ്റു പരിപാടികളും ഒഴിവാക്കിയിരുന്നു. ലോക്ഡൗൺ കൂടിവന്നതോടെ നിശ്ചയിച്ച പരിപാടികൾ കൂട്ടത്തോടെ പിൻവലിച്ചു. ഇതോടെ കാറ്ററിങ് സർവിസുകൾ പൂർണമായും സ്തംഭിച്ചു. ജില്ലയിൽ മാത്രം ആയിരക്കണക്കിന് ആളുകളാണ് കാറ്ററിങ്ങിലൂടെ ഉപജീവനം നടത്തുന്നത്. ഭക്ഷണം വിളമ്പുന്നവർ, മേശ, കസേര, ഡെക്കറേഷൻ എന്നിവ വാടകക്ക് നൽകുന്നവർ, പന്തൽ നിർമാണം എന്നിങ്ങനെ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും ബുദ്ധിമുട്ടിലാണ്.
ആദ്യ ലോക്ഡൗൺ മാറി ഇളവുകൾ വന്നതോടെ പ്രതീക്ഷയിലായിരുന്നു ഇവർ. പലരും ലോണെടുത്തും മറ്റും മേഖലയെ വീണ്ടും പിടിച്ചുയർത്താൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി രണ്ടാമതും ലോക്ഡൗൺ എത്തുന്നത്. ഇതോടെ പലരും ഇപ്പോൾ കടക്കെണിയിൽ അകപ്പെട്ടിരിക്കുകയാണ്.
10 മുതൽ 15വരെ സ്ഥിരം തൊഴിലാളികൾ ഒരോ യൂനിറ്റിലും പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ ശമ്പളം ഉൾപ്പെടെ കടംവാങ്ങി നൽകുകയാണ് ചെയ്യുന്നതെന്ന് കാറ്ററിങ് ഉടമകൾ പറയുന്നു. ജീവിതം വഴിമുട്ടിയതോടെ മറ്റുപണിക്ക് പോയവരുണ്ട്. കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾക്ക് നൽകിയ 1000 രൂപ ധനസഹായവും പലർക്കും നിഷേധിക്കപ്പെട്ടു.
ആയിരക്കണക്കിനുപേർക്ക് സദ്യകളും മറ്റും നടന്നിരുന്നിടത്ത് ഇപ്പോൾ 20പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതി. പലരും ചെറിയ പരിപാടികൾക്കുവേണ്ടി പ്രവർത്തിക്കുന്നുണ്ട്.
ചിലരൊക്കെ ഭക്ഷണം ഉണ്ടാക്കി വഴിയരികിലും മറ്റുംനിന്ന് വിൽക്കുന്ന സാഹചര്യവുമുണ്ട്. മറ്റ് മേഖലകളിലെല്ലാം ഇളവുകൾ വന്നപ്പോഴും ഇതുവരെ ഈ മേഖലയെ അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്നും കാറ്ററിങ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ കുറ്റപ്പെടുത്തുന്നു. അടിയന്തരമായി സർക്കാർ വിഷയത്തിൽ ഇടപെട്ട് ഇളവുകൾ പ്രഖ്യാപിക്കണമെന്നാണ് ഇവരുടെ ആവശ്യം.
സർക്കാർ കാണണം; ഞങ്ങൾക്കും ജീവിക്കണ്ടേ കാറ്ററിങ് മേഖല വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്
ഇതുകൊണ്ട് മാത്രം ജീവിക്കുന്നവർ ആയിരങ്ങളാണ്. സർക്കാർ ഞങ്ങളുടെ വിഷയത്തിൽ ഇടപെടണം. ഹാളുകളുടെ വലിപ്പത്തിനനസരിച്ച് കോവിഡ് മാനദണ്ഡപ്രകാരം തന്നെ വിവാഹങ്ങൾ നടത്താനുള്ള അനുവാദം നൽകണം, 1000 പേരുടെ ഹാളാണെങ്കിൽ അഞ്ഞൂറോ മുന്നൂറോ ആളുകളെ ഉൾക്കൊള്ളിച്ച് പരിപാടി നടത്താൻ അനുവദിക്കണം, സർക്കാർ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് സ്വന്തം ജാമ്യത്തിൽ വായ്പ അനുവദിക്കണം, തിരിച്ചടവ് ആറുമാസം ഇളവ് നൽകണം.
കാറ്ററിങ് മേഖലയിലെ തൊഴിലാളികളെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തണം, കോവിഡ് കാലത്തെ വൈദ്യുതി, വാടക എന്നിവക്കെല്ലാം ഇളവുകൾ നൽകണം തുടങ്ങിയ ആവശ്യങ്ങൾ സർക്കാറിെൻറ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെയൊരു മേഖല ഉണ്ടെന്നുപോലും അധികൃതർ ചിന്തിക്കുന്നില്ലെന്നത് വിഷമിപ്പിക്കുന്നു.
മാത്യു തോമസ്-ഒലിവ് കാറ്ററിങ്
ഓൾ കേരള കാറ്ററേഴ്സ്
അസോ. ജില്ല പ്രസിഡൻറ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.