ആരോഗ്യനില മോശമായി, നിരാഹാര സമരം നടത്തുന്ന ആശവർക്കറെ ആശുപത്രിയിലേക്ക് മാറ്റി; പകരം ശോഭ സമരം തുടങ്ങി
text_fieldsനിരാഹാരസമരം നടത്തുന്ന ആർ. ഷീജയെ മെഡിക്കൽ സംഘം പരിശോധിക്കുന്നു
തിരുവനന്തപുരം: ആരോഗ്യമില മോശമായതിനെ തുടർന്ന് സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാരസമരം നടത്തുന്ന ആശവർക്കറെ ആശുപത്രിയിലേക്ക് മാറ്റി. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ആർ. ഷീജയെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
തിരുവനന്തപുരം സ്വദേശിയാണ് ആർ. ഷീജ വ്യാഴാഴ്ച രാവിലെ 11 മണിയോട് കൂടിയാണ് നിരാഹാര സമരം ആരംഭിച്ചത്. എന്നാൽ, ഷീജയുടെ ആരോഗ്യനില ഇന്ന് വൈകിട്ടോടെ മോശമാവുകയായിരുന്നു. തുടർന്ന് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, ആർ. ഷീജക്ക് പകരം ആശവർക്കറായ വട്ടിയൂർക്കാവ് യു.പി.എച്ച്.എസ്.എസ്.ഇ ആശവർക്കർ ശോഭ നിരാഹാരസമരം തുടങ്ങി. അതിനിടെ, സെക്രട്ടേറിയറ്റിനു മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്. സർക്കാറുമായുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ആരംഭിച്ച നിരാഹാര സമരം ആവശ്യങ്ങൾ അംഗീകരിക്കും വരെ തുടരുമെന്ന നിലപാടിലാണ് സമര സമിതി.
കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ. ബിന്ദു, ജില്ല കമ്മിറ്റി അംഗം തങ്കമണി എന്നിവരാണ് നിലവിൽ നിരാഹാരമനുഷ്ഠിക്കുന്നത്. ഇവരെ വെള്ളിയാഴ്ച മെഡിക്കൽ സംഘം പരിശോധിച്ച് ആരോഗ്യനില വിലയിരുത്തി. നിയമസഭയിൽ വെള്ളിയാഴ്ചയും ആശമാരുടെ വിഷയം പ്രതിപക്ഷം ഉന്നയിച്ചെങ്കിലും പ്രശ്ന പരിഹാരത്തിനുള്ള ക്രിയാത്മക ഇടപെടൽ സർക്കാറിൽ നിന്നുണ്ടാകാത്തത് സമരക്കാരിൽ നിരാശ പടർത്തി.
സമരക്കാരുടെ നിർബന്ധബുദ്ധിയും ശാഠ്യവുമാണ് പ്രശ്ന പരിഹാരത്തിന് തടസ്സമെന്ന മന്ത്രി എം.ബി. രാജേഷിന്‍റെ നിയമസഭയിലെ വിശദീകരണം പ്രതിഷേധത്തിന് കാരണമായി.
ഫെബ്രുവരി 10നാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ സമരം ആരംഭിച്ചത്. ഓണറേറിയം 21,000 രൂപയായി വർധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം അഞ്ചുലക്ഷം രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.