തട്ടേക്കാട് വനത്തിൽ യുവാവ് മരിച്ച സംഭവം: രണ്ടുപേർ പിടിയിൽ
text_fieldsകോതമംഗലം: തട്ടേക്കാട് വനത്തിൽ നായാട്ടിനു പോയ യുവാവ് വെടിയേറ്റു മരിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. നയാട്ടു സംഘത്തിലുണ്ടായിരുന്ന ഞായപ്പിള്ളി സ്വദേശികളായ വടക്കേൽ ഷൈറ്റ് ജോസഫ് (40), ചെരുവിള പുത്തൻവീട്ടിൽ അജേഷ് രാജൻ (28) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തട്ടേക്കാട് ഞായപ്പിള്ളി വഴുതനപ്പിള്ളി മാത്യുവിന്റെ മകൻ ടോണി മരിച്ചത് അബദ്ധത്തിൽ വെടിയേറ്റാണെന്ന് അവർ മൊഴി നൽകി. കാട്ടാനയിൽ നിന്ന് രക്ഷ നേടാനാണ് വെടിവെച്ചതെന്നും ലക്ഷ്യം തെറ്റി ടോണിക്ക് കൊണ്ടതാണെന്നുമാണ് മൊഴി.
ബുധനാഴ്ച രാത്രി ഞായപ്പിള്ളി ഭാഗത്തെ വനാതിര്‍ത്തിയില്‍ നിന്ന് കിലോമീറ്റര്‍ ഉള്ളില്‍ വനത്തില്‍ ഞായപ്പിള്ളി മുടിയുടെ സമീപം നായാട്ടിനു പോയ നാലംഗ സംഘത്തെ കാട്ടാന ആക്രമിക്കുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന ടോണി മരിക്കുകയും ഞായപ്പിള്ളി വാട്ടപ്പിളളി തങ്കച്ചെൻറ മകൻ ബേസിലിനെ(32) ഗുരുതര പരിക്കുകളോടെ ആലുവയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇയാൾ ഇപ്പോൾ അപകടനില തരണം ചെയ്തു.
ടോണി മരിച്ചത് വെടിയേറ്റ് രക്തം വാർന്നാണ് പോസ്റ്റ്മോർട്ടത്തിലൂടെ വ്യക്തമാവുകയായിരുന്നു. ശരീരത്തിൽനിന്നു വെടിയുണ്ടയും കണ്ടെടുത്തു.
ടോണി മാത്യുവിന്റെ തുടയെല്ലിൽനിന്നാണു വെടിയുണ്ട കണ്ടെടുത്തത്. വെടിയേറ്റു തുടയെല്ല് പൂർണമായും ചിതറിയ നിലയിലായിരുന്നു. ഒന്നര മണിക്കൂറിനുശേഷമാണു വിവരമറിഞ്ഞ് എത്തിയവർ ടോണി മാത്യുവിനെ ആശുപത്രിയിൽ എത്തിച്ചത്.
സംഭവത്തിനു ശേഷം ഷെലറ്റ് ജോസഫും അജേഷ് രാജനും ഒളിവിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.