അസാനി ചുഴലിക്കാറ്റ്: ആന്ധ്രയില്‍ റെഡ് അലര്‍ട്ട്, സംസ്ഥാനത്ത് പരക്കെ മഴ
text_fieldsതിരുവനന്തപുരം: അസാനി ചുഴലിക്കാറ്റ് ബുധനാഴ്ച വൈകീട്ടോടെ ആന്ധ്രാ തീരമായ കാക്കിനാഡ തൊടുമെന്ന് കാലാവസ്ഥ കേന്ദ്രം. പിന്നീട് ശക്തി കുറഞ്ഞ് വിശാഖപട്ടണ തീരത്തിലൂടെ ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങും. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ആന്ധ്രയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ആന്ധ്ര തീരത്ത് രാവിലെ മുതൽ ശക്തമായ മഴ തുടരുന്നുണ്ട്. നർസാപൂർ, കാക്കിനട, യാനം, വിശാഖപട്ടണം മേഖലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകി. നേരത്തെ ഒഡീഷ തീരത്തേക്ക് നീങ്ങുമെന്നായിരുന്നു പ്രവചനം. കേരളത്തിലും പരക്കെ മഴ പെയ്യുന്നുണ്ട്.
മഴയിൽ മീനച്ചിലാർ കരകവിഞ്ഞത് കോട്ടയത്ത് വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്നുണ്ട്. പാലാ, ഈരാറ്റുപേട്ട മേഖലകളിലാണ് മീനച്ചിലാർ കരകവിഞ്ഞത്. ഈരാറ്റുപേട്ട നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ചൊവ്വാഴ്ച രാത്രിയോടെയാണ് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയത്.
കിഴക്കൻ മേഖലകളിലാണ് ശക്തമായ മഴ ലഭിക്കുന്നത്. സംസ്ഥാനത്ത് 14 വരെ വ്യാപകമായ മഴ തുടരുമെന്നാണ് റിപ്പോർട്ട്. അടുത്ത മൂന്നു മണിക്കൂറിൽ എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള, കർണാടക തീരങ്ങളിൽ 14വരെ മത്സ്യബന്ധനം വിലക്കി. അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ തെക്കൻ, മധ്യ കേരളത്തിൽ കൂടുതൽ മഴ കിട്ടുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. അന്തരീക്ഷം മേഘാവൃതമായി തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.