പള്ളികൾ പെട്ടെന്ന് തുറക്കുന്നത് ആപത്തുണ്ടാക്കും –ഡോ. ഹുസൈൻ മടവൂർ
text_fieldsകോഴിക്കോട്: കോവിഡ് മഹാമാരിയുടെ വ്യാപനം കേരളത്തിലും വർധിച്ചുവരുന്ന സാഹചര്യത്തിൽ പള്ളികൾ പെട്ടെന്ന് തുറക്കാനാവശ്യപ്പെടുന്നത് കൂടുതൽ ആപത്തുണ്ടാക്കുമെന്ന് കോഴിക്കോട് പാളയം ജുമാമസ്ജിദ് ചീഫ് ഇമാം ഡോ. ഹുസൈൻ മടവൂർ. മുഖ്യമന്ത്രി മുസ്ലിം സംഘടനാ നേതാക്കളുമായി നടത്തിയ അഭിമുഖത്തിൽ എല്ലാവരും അംഗീകരിച്ചതും വൈറസ് വ്യാപനം അവസാനിക്കുന്നതുവരെ പള്ളികൾ അടച്ചിടാമെന്ന് തന്നെയാണ്.
എന്നാൽ, കടകളും മാളുകളും തുറക്കാൻ അനുമതി നൽകിയതുപോലെ പള്ളികളും നിയന്ത്രണങ്ങൾക്ക് വിധേയമായി തുറക്കണമെന്ന് ചില കേന്ദ്രങ്ങൾ ആവശ്യപ്പെടുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പെരുന്നാളിനോടനുബന്ധിച്ച് നൽകിയ ഓൺലൈൻ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും ന്യൂനപക്ഷ ക്ഷേമ മന്ത്രിയും ഒരു നിർദേശവും അടിച്ചേൽപിച്ചിട്ടില്ല. കേരളത്തിലെ എല്ലാ മത സംഘടന നേതാക്കളും നിർദേശിച്ചതനുസരിച്ചാണ് ഇപ്പോഴത്തെ നില തുടരാൻ തീരുമാനിച്ചതെന്ന്, യോഗത്തിൽ പങ്കെടുത്ത വ്യക്തിയെന്ന നിലക്ക് പറയാൻ സാധിക്കും. ആദ്യം സംസാരിച്ച സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരാണ് നിലവിലുള്ള അവസ്ഥ തുടരുകയാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടത്. പിന്നീട് സംസാരിച്ച എല്ലാവരും ഇത് അംഗീകരിച്ചു. രോഗബാധ കുറഞ്ഞ് സാധാരണ അവസ്ഥയിലെത്തിയാൽ നമുക്ക് വീണ്ടും യോഗം ചേർന്ന് ആലോചിച്ച് വേണ്ടത് തീരുമാനിക്കാമെന്നാണ് അന്ന് ധാരണയായത്.
പെരുന്നാളിനോടനുബന്ധിച്ച് മക്കയിലും മദീനയിലുമുൾപ്പെടെ സൗദിയിലും മറ്റു ഗൾഫ് രാജ്യങ്ങളിലും കർഫ്യൂ ശക്തമാക്കുകയാണ് ചെയ്തിട്ടുള്ളതെന്ന് എല്ലാവരും ഒാർക്കണം. പള്ളികളിൽനിന്ന് കോവിഡ് പ്രചരിക്കുന്ന അവസരമുണ്ടാക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്നും അതിനാൽ ഇപ്പോൾ പള്ളികൾ തുറക്കണമെന്ന് മുറവിളി കൂട്ടുന്നത് ശരിയല്ലെന്നും കെ.എൻ.എം വൈസ് പ്രസിഡൻറ് കൂടിയായ അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.