ഭാര്യയെ വഞ്ചിച്ച് കോടികളുമായി മുങ്ങിയ ഭർത്താവും കാമുകിയും പിടിയിൽ
text_fieldsകായംകുളം: തൃശൂർ സ്വദേശിനിയെ കബളിപ്പിച്ച് കോടികളുമായി മുങ്ങിയ ഭർത്താവും കാമുകിയും പിടിയിൽ. കോഴിക്കോട് കോടഞ്ചേരി വേളംകോട് കാക്കനാട്ട് ഹൗസിൽ സിജു കെ. ജോസ് (52), കാമുകി ആലപ്പുഴ കായംകുളം ഗോവിന്ദമുട്ടം ഭാസുര ഭവനം വീട്ടിൽ പ്രിയങ്ക (30) എന്നിവരാണ് പിടിയിലായത്. ജോയന്റ് അക്കൗണ്ടിൽ നിന്നും ഭാര്യ അറിയാതെ ഒന്നേകാൽ കോടി രൂപ ട്രാൻസ്ഫർ ചെയ്ത കേസിലാണ് ഇരുവരും അറസ്റ്റിലായത്.
സിജു കെ. ജോസിന്റെയും അമേരിക്കയിൽ നഴ്സായ ഭാര്യയുടെയും പേരിൽ ബാങ്ക് ഓഫ് അമേരിക്കയിലും ക്യാപ്പിറ്റൽ വണ്ണിലുമുള്ള തുകയാണ് പ്രിയങ്കയുടെ കായംകുളം എച്ച്. ഡി.എഫ്.സി. ബാങ്കിലുള്ള അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തത്. 1,20,45,000 [137938 ഡോളർ] രൂപയാണ് കാമുകിയുടെ അക്കൗണ്ടിലേക്ക് സിജു ട്രാൻസ്ഫർ ചെയ്തത്.
അമേരിക്കയിൽ നിന്നും ഭാര്യയെ വഞ്ചിച്ച് നാട്ടിലെത്തിയ സിജു പ്രിയങ്കയുമായി ഒളിവിൽ കഴിയുകയായിരുന്നു. പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയതോടെ ഇരുവരും നേപ്പാളിൽ നിന്നും ഡൽഹിയിൽ എത്തി. ഡൽഹി എയർ പോർട്ടിൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞു വെച്ചതോടെ പൊലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ജില്ല പൊലീസ് മേധാവി ജെ. ജയ്ദേവിന്റെ നേതൃത്വത്തിൽ ഡി.വൈ.എസ്.പി അലക്സ് ബേബി, സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐ നിയാസ്, പൊലീസുകാരായ ബിനു മോൻ, അരുൺ, അതുല്യ മോൾ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.