വീട്ടുജോലിക്കാരി ഫ്ലാറ്റിൽ നിന്നും വീണു മരിച്ച സംഭവത്തിൽ ഉടമക്കെതിരെ ഗുരുതര ആരോപണവുമായി ഭർത്താവ്
text_fieldsകൊച്ചി: ഫ്ലാറ്റില്‍ നിന്ന് വീട്ടുജോലിക്കാരി വീണുമരിച്ച കേസില്‍ ഫ്ലാറ്റുടമക്കെതിരെ ഗുരുതര ആരോപണവുമായി കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസന്‍. കേസുമായി മുന്നോട്ട് പോവരുതെന്ന് ഫ്ലാറ്റുടമ ആവശ്യപ്പെട്ടതായും പണം തരാമെന്ന് വാഗ്ദാനം ചെയ്തതായും ശ്രീനിവാസന്‍ പറഞ്ഞു. ഉടമയുടെ ബന്ധുക്കള്‍ വെള്ളപ്പേപ്പറില്‍ ഒപ്പുവെപ്പിച്ചതായും ശ്രീനിവാസൻ ആരോപിച്ചു.
ജോലിക്കാരിയുടെ ഭർത്താവും കുടുബാംഗങ്ങളുമാണ് മാധ്യമപ്രവർത്തകരോട് സംസാരിച്ചത്. കണ്ണിന് ശരിയായ രീതിയിൽ കാഴ്ചയില്ലാത്ത ശ്രീനിവാസന്‍റെ പക്കൽ നിന്നും നിർബന്ധിച്ച് വെള്ളപപ്പറിൽ ഒപ്പിടുവിക്കുകയായിരുന്നു. ഫ്ലാറ്റുടമയുടെ ബന്ധുക്കളും ഡ്രൈവറുമാണ് വന്നതെന്നും ശ്രീനിവാസൻ പറഞ്ഞു. ആശുപത്രിയിൽ നിന്നും വളരെ മോശം അനുഭവമാണ് ഉണ്ടായത്. കോവിഡ് പോസിറ്റീവാണെന്ന് ആരോപിച്ച് കുമാരിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യുന്നത് വൈകിപ്പിക്കുകയാണ്. ഇംതിയാസിന്‍റെ ബന്ധുക്കളും ആശുപത്രി അധികൃതരും ചേർന്ന് ബുദ്ധിമുട്ടിച്ചുവെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.
ഫ്ലാറ്റിൽ നിന്നും ചാടിയ സേലം സ്വദേശിനി കുമാരി(55) ഞായറാഴ്ചയാണ് മരിച്ചത്. ഫ്ലാറ്റിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാർ പാർക്കിങ്ങിനു മുകളിലേക്കു വീണു പരുക്കേറ്റ ഇവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്നു. മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിന്‍റെ ആറാം നിലയിലെ ഇംതിയാസ് അഹമ്മദിന്‍റെ ഫ്ലാറ്റിലെ ജോലിക്കാരിയായിരുന്നു കുമാരി.
രാത്രി അടുക്കളയിൽ ഉറങ്ങാൻ കിടന്ന കുമാരിയെ രാവിലെ താഴെ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഇക്കാര്യം ഫ്ലാറ്റ് ഉടമ തന്നെയാണ് പൊലീസിനെ അറിയിച്ചത്. ജോലിക്കാരി രക്ഷപ്പെടുന്നതിനായി സാരികൾ കൂട്ടിക്കെട്ടി താഴെയിറങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇംതിയാസ് അഹമ്മദിനെതിരെ ഇവർക്കെതിരെ ആത്മഹത്യാ ശ്രമത്തിന് കേസെടുക്കുമെന്നു പൊലീസ് പറഞ്ഞെങ്കിലും പിന്നീട് അതുണ്ടായില്ല. ഉന്നത സ്വാധീനം മൂലമാണ് ഫ്ളാറ്റ് ഉടമയോട് മൃദുസമീപനം സ്വീകരിക്കുന്നതെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.