ഹൈബ്രിഡ് തായ് ഗോൾഡ് കടത്ത്; സംഘത്തലവനടക്കം രണ്ടുപേർ പിടിയിൽ
text_fieldsമലപ്പുറം: കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് വിദേശത്തേക്ക് ഹൈബ്രിഡ് തായ് ഗോൾഡ് കടത്തുന്ന രാജ്യാന്തര സംഘത്തിന്റെ തലവനടക്കം രണ്ടുപേർ പിടിയിൽ. കണ്ണൂർ കാഞ്ഞിരോട് തലമുണ്ട സ്വദേശി ജാസിർ അബ്ദുല്ല എന്ന ഡേവിഡ്, കണ്ണൂർ പിണറായി പാതിരിയാട് സ്വദേശി മുഹമ്മദ് റാഷിദ് എന്നിവരാണ് പൊലീസ് പിടിയിലായത്.
റാഷിദിനെ പിണറായിയിലെ വീട്ടിൽനിന്നും ജാസിർ അബ്ദുല്ലയെ ദുബൈയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തിൽനിന്നുമാണ് പിടികൂടിയത്. ഒരാഴ്ച മുമ്പ് കരിപ്പൂർ വിമാനത്താവള പരിസരത്തെ ലോഡ്ജിൽ നിന്ന് 45 ലക്ഷത്തോളം രൂപ വിലവരുന്ന ഹൈബ്രിഡ് തായ് ഗോൾഡ് എന്നറിയപ്പെടുന്ന ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂർ സ്വദേശികളായ റാമിസ്, റിയാസ് എന്നിവരെ പിടികൂടിയിരുന്നു.
ഇവരെ ചോദ്യംചെയ്തപ്പോൾ വയനാട് സ്വദേശി ഡെന്നിയുടെ പങ്ക് വ്യക്തമായതിനെ തുടർന്ന് ഇയാളെ വയനാട്ടിൽനിന്ന് പിടികൂടി. കാരിയർമാർ മുഖേന വിദേശത്തേക്ക് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇപ്പോൾ പിടിയിലായ രണ്ടുപേരും. തായ്ലൻഡിൽനിന്നും ബാങ്കോക്കിൽനിന്നുമാണ് സംഘം ഹൈബ്രിഡ് ലഹരി എത്തിക്കുന്നത്.
സ്വർണക്കടത്ത് കാരിയർമാരായാൽ നല്ല പ്രതിഫലം നൽകാമെന്ന് പ്രലോഭിപ്പിച്ചാണ് സംഘം ഇരകളെ കണ്ടെത്തുന്നത്. തുടർന്ന് ഇവരറിയാതെ ബാഗുകളിൽ ലഹരിമരുന്ന് വിദേശത്തേക്ക് കടത്തും.
പിടിയിലായ ഡെന്നി ഫെബ്രുവരിയിൽ ബാങ്കോക്കിൽനിന്ന് കേരളത്തിലേക്ക് ഹൈബ്രിഡ് ലഹരി കടത്താൻ ശ്രമിക്കുന്നതിനിടെ എറണാകുളത്ത് കസ്റ്റംസ് പിടിയിലായിരുന്നു. രണ്ടു മാസം മുമ്പ് ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി കടത്തിൽ സജീവമാവുകയായിരുന്നു.
ജാസിർ അബ്ദുല്ലയെ ചോദ്യംചെയ്തതിൽ ബാങ്കോക് കേന്ദ്രീകരിച്ച് ലഹരി കടത്തുന്ന ഇയാളുടെ സംഘത്തിലുള്ളവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.