മുസ്ലിം ലീഗ് കോട്ടകൾ നിലനിർത്താനായി, ആത്മപരിശോധന നടത്തും –ഹൈദരലി തങ്ങൾ
text_fieldsമലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് കോട്ടകള്‍ ഭദ്രമായി നിലനിർത്താനായത് അഭിമാനകരമാണെന്ന് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. മലപ്പുറത്ത് ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ വലിയ പരാജയമാണ് യു.ഡി.എഫിനുണ്ടായത്. പരാജയത്തെ മുസ്ലിം ലീഗ് ഗൗരവകരമായി കാണുന്നതിനൊപ്പം ഉള്ളുതുറന്ന് ആത്മപരിശോധന നടത്തും. മുസ്ലിം ലീഗ് പരാജയപ്പെട്ട മണ്ഡലങ്ങളിലെ സാഹചര്യം വിലയിരുത്താന്‍ വിദഗ്ധ അന്വേഷണ സമിതിയെ നിയോഗിക്കുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
മുസ്ലിം ലീഗിനെയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ചില ഭാഗത്തുനിന്നും നടക്കുന്നതായി ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. പാർട്ടിയെ സംബന്ധിച്ചിടത്തോളം പ്രതിസന്ധിയിലും ഉലയാതെ പിടിച്ചുനില്‍ക്കാനായി എന്നതാണ് സത്യം. ജില്ലയില്‍ ഏഴ് മണ്ഡലങ്ങളിലും കൊടുവള്ളി, കാര്‍സർകോട്, മഞ്ചേശ്വരം നിയോജക മണ്ഡലങ്ങളിലും ഭൂരിപക്ഷം വർധിപ്പിക്കാനായി. പരാജയപ്പെട്ട മണ്ഡലങ്ങൾ നേരിയ വോട്ടിനാണ് നഷ്ടമായത്.
ബി.ജെ.പിയെ അക്കൗണ്ടുപോലും തുറക്കാന്‍ അനുവദിക്കാതെ കേരളത്തില്‍നിന്ന് തുരത്തിയതില്‍ വിലപ്പെട്ട സംഭാവന നല്കാന് പാര്‍ട്ടിക്കായി. സംസ്ഥാന തലത്തില്‍ ബി.ജെ.പിയുടെ വോട്ടുകളില്‍ നല്ലൊരു ശതമാനം സി.പി.എമ്മിന് പോയതായും ഇ.ടി ചൂണ്ടിക്കാട്ടി. പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ. മജീദ്, സാദിഖലി ശിഹാബ് തങ്ങള്‍, എം.പി. അബ്ദുസ്സമദ് സമദാനി, ഡോ. എം.കെ. മുനീര്‍, വി.കെ. ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ മലപ്പുറം ലീഗ് ഓഫിസിലും ഓണ്‍ലൈനിലുമായി പങ്കെടുത്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് അഡ്വ. പി.എം.എ. സലാം സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.