ഇസ്ലാമിക പണ്ഡിതൻ ഹൈദരലി ശാന്തപുരം നിര്യാതനായി
text_fieldsശാന്തപുരം (മേലാറ്റൂർ): ഇസ്ലാമിക പണ്ഡിതനും ഗ്രന്ഥകാരനും പ്രഭാഷകനുമായ ഹൈദർ അലി ശാന്തപുരം (82) അന്തരിച്ചു. ഞായറാഴ്ച രാവിലെ ഏഴോടെ ശാന്തപുരം ചുങ്കത്തെ വസതിയിലായിരുന്നു അന്ത്യം.
ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ പണ്ഡിതസഭാംഗമാണ്. ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയ അലുമ്നി അസോസിയേഷൻ പ്രസിഡന്റ്, ശാന്തപുരം മഹല്ല് അസി. ഖാദി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ജമാഅത്തെ ഇസ്ലാമി മുൻ ശൂറാംഗമാണ്. അൽജാമിഅ സുപ്രീം കൗൺസിൽ, അഡ്മിനിസ്ട്രേറ്റിവ് കൗൺസിൽ, പെരിന്തൽമണ്ണ ഇസ്ലാമിക് മിഷൻ ട്രസ്റ്റ്, പത്തിരിപ്പാല ബൈത്തുശ്ശാരിഖ എന്നിവയിൽ അംഗമായിരുന്നു. പ്രബോധനം വാരിക സബ് എഡിറ്റർ, ജമാഅത്തെ ഇസ്ലാമി കേരള ഹൽഖ ഓഫിസ് സെക്രട്ടറി, സൗദി മതകാര്യാലയത്തിനു കീഴിൽ യു.എ.ഇയിൽ പ്രബോധകൻ, യു.എ.ഇയിലെ ഐ.സി.സി പ്രസിഡന്റ്, ശാന്തപുരം അൽ ജാമിഅ ദഅ്വ കോളജ് പ്രിൻസിപ്പൽ, അധ്യാപകൻ, ജമാഅത്തെ ഇസ്ലാമി കേരള ശൂറയിലെയും കേന്ദ്ര പ്രതിനിധി സഭയിലെയും അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
1943 ജൂലൈ 15ന് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടുത്ത് പരേതരായ ആര്യാട്ടിൽ മൊയ്തീൻ-ആമിന ദമ്പതികളുടെ മകനായി ശാന്തപുരത്തായിരുന്നു ജനനം. മുള്ള്യാകുർശ്ശി അൽ മദ്റസത്തുൽ ഇസ്ലാമിയയിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ശാന്തപുരം ഇസ്ലാമിയ കോളജിൽനിന്ന് അൽ ഫഖീഹുദ്ദീൻ (എഫ്.ഡി), ബി.എസ്.എസ്.സി ബിരുദങ്ങൾ നേടി. 1965-68ൽ അന്തമാനിൽ പ്രബോധകനും ബോർഡ് ഓഫ് ഇസ്ലാമിക് എജുക്കേഷൻ സെക്രട്ടറിയുമായി പ്രവർത്തിച്ചു. 1968-72ൽ മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റിയിൽ നിന്ന് ഉപരിപഠനം നേടി.
എട്ട് കൃതികളും അഞ്ച് വിവർത്തനങ്ങളും മൂന്ന് വിഡിയോ കാസറ്റുകളും പുറത്തിറക്കി. യു.എ.ഇ റേഡിയോ ഏഷ്യയിൽ 13 വർഷം പ്രഭാഷണം നടത്തിയതിന് പുറമെ വിവിധ ടി.വി പരിപാടികളിലും പങ്കെടുത്തു. മുഹമ്മദ് അബുൽ ജലാൽ മൗലവിയോടൊപ്പം, സൗദി ഭരണാധികാരിയായിരുന്ന ഫൈസൽ രാജാവിനെ അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ സന്ദർശിച്ച് സംഭാഷണം നടത്തിയിട്ടുണ്ട്.
ഉച്ചക്ക് രണ്ടിന് ശേഷം വീട്ടിൽ നിന്നെടുത്ത മൃതദേഹം ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയയിൽ പൊതുദർശനത്തിന് വെച്ചു. വൈകീട്ട് നാലിന് ശാന്തപുരം മഹല്ല് ജുമാമസ്ജിദിൽ മയ്യിത്ത് നമസ്കാരത്തിനുശേഷം ഖബറടക്കി. ഭാര്യ: ഫാത്തിമ (ചട്ടിപ്പറമ്പ്). മക്കൾ: ത്വയ്യിബ, ബുഷ്റ, ഡോ. മാജിദ, ഡോ. അമീന, പരേതരായ ഹുസ്ന, വഹീദ്. മരുമക്കൾ: മുഹമ്മദാലി (അൽ ജാമിഅ, മങ്കട), അബ്ദുൽ ഹമീദ് (ഖത്തർ), എൻജിനീയർ സലീം (മടവൂർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.