’‘ഉമ്മ മരിച്ച ശേഷം ബാപ്പയുടെ ഒപ്പമുറങ്ങിയ രാവുകൾ ഇപ്പോഴും മനസ്സിലുണ്ട്’’
text_fieldsമലപ്പുറം: മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയ നേതാവുമായിരുന്ന പാണക്കാട് പൂക്കോയ തങ്ങളെ അനുസ്മരിച്ച് പാണക്കാട് ഹൈദരലി തങ്ങൾ. 1975 ജൂലൈ ആറിനാണ് പാണക്കാട് പൂക്കോയ തങ്ങൾ അന്തരിച്ചത്.
ഉമ്മ മരിച്ച ശേഷം ബാപ്പയുടെ ഒപ്പമുറങ്ങിയ രാവുകൾ ഇപ്പോഴും മനസ്സിലുണ്ട്. പരിപാടികൾ കഴിഞ്ഞ് രാവേറെ വൈകി ബാപ്പ വരുമ്പോൾ വാതിൽ തുറന്നുകൊടുക്കാറുള്ളത് ഞാനായിരുന്നു. 1975 ഏപ്രിൽ മാസത്തിൽ ബാംഗ്ലൂരിൽ ഇബ്രാഹിം സുലൈമാൻ സേട്ടിെൻറ മകളുടെ കല്യാണത്തിന് പോകുമ്പോഴാണ് ബാപ്പക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നത്. ആ വർഷം തന്നെ ജൂലൈ ആറിന് രാത്രി ആ തണൽ ഞങ്ങളെ വിട്ടകന്നു. വിട്ടുപിരിഞ്ഞിട്ട് 45 കൊല്ലമായെങ്കിലും ഇപ്പോഴും ആ സ്‌നേഹ സ്പർശം ഞങ്ങളുടെ കൂടെയുണ്ട് - ഹൈദരലി തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.
ഹൈദരലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണരൂപം:
കൊടപ്പനക്കൽ തറവാടിെൻറ മുറ്റത്ത് ആളൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല. ബാപ്പയെ കാണാനും ആശ്വാസം തേടാനും നാനാദിക്കുകളിൽനിന്ന് അതിരാവിലെ തന്നെ ആളുകളെത്തും. ബാപ്പ സമാധാനത്തോടെ അവരെയെല്ലാം കേൾക്കും. ആശ്വാസത്തോടെ അവർ മടങ്ങിപ്പോകുന്നത് കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷമാണ്. ഉമ്മ മരിച്ച ശേഷം മുതിരുന്നതു വരെയും ബാപ്പയുടെ ഒപ്പമുറങ്ങിയ രാവുകൾ ഇപ്പോഴും മനസ്സിലുണ്ട്. പരിപാടികൾ കഴിഞ്ഞ് രാവേറെ വൈകി ബാപ്പ വരുമ്പോൾ വാതിൽ തുറന്നുകൊടുക്കാറുള്ളതും ഞാനായിരുന്നു. കോഴിക്കോട് എം.എം ഹൈസ്‌കൂളിൽ ആറാം തരത്തിൽ ചേരുന്നതുവരെ കിടത്തം ബാപ്പയോടൊപ്പമായിരുന്നു. ആ ഓർമ്മകൾക്കിപ്പോഴും എന്തു മധുരമാണ്!
1975 ഏപ്രിൽ മാസത്തിൽ ബാംഗ്ലൂരിൽ ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബിന്റെ മകളുടെ കല്യാണത്തിന് പോകുമ്പോഴാണ് ബാപ്പക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നത്. വിദഗ്ധ ചികിത്സ വേണമെന്ന് സി.എച്ചും ചാക്കീരിയും പറഞ്ഞു. അങ്ങനെ കോഴിക്കോട് നിർമല ആശുപത്രിയിലേക്കും പിന്നീട് ബോംബെയിലെ ടാറ്റ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലേക്കും കൊണ്ടുപോയി. ഞാനുമുണ്ടായിരുന്നു കൂടെ. ബാപ്പ ആശുപത്രിയിൽ ഉണ്ടെന്നറിഞ്ഞ് ബോംബെ മലയാളികൾ കൂട്ടംകൂടി വരാൻ തുടങ്ങി. ജനങ്ങളെ നിയന്ത്രിക്കാൻ പറ്റാതായപ്പോൾ ചാക്കീരിയും അഹമ്മദാജിയുമെല്ലാം കൂടി അവരെ ആശ്വസിപ്പിച്ച് പറഞ്ഞുവിട്ടു. പിന്നീട് വീട്ടിലേക്ക് പോന്നു. ജൂലൈ ആറിന് രാത്രി ആ തണൽ ഞങ്ങളെ വിട്ടകന്നു.
ബാപ്പ വിട്ടുപിരിഞ്ഞിട്ട് 45 കൊല്ലമായെങ്കിലും ഇപ്പോഴും ആ സ്‌നേഹ സ്പർശം ഞങ്ങളുടെ കൂടെയുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിൽ ആ ഓർമകൾ ആശ്വാസമായി ഓടിയെത്താറുണ്ട്. അല്ലാഹു സ്വർഗ്ഗപ്പൂങ്കാവനത്തിൽ ഒരുമിച്ചു കൂട്ടുമാറാവട്ടെ. ആമീൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.