സ്നേഹമൊഴുകിയ ആറ്റപ്പൂമുഖം; നിലപാടുകളിൽ 'ഹൈദർ'
text_fieldsമലപ്പുറം: പാണക്കാട് ദാറുന്നഈമിന്റെ ഉമ്മറക്കോലായിലെ ചാരുകസേരക്കും വട്ടമേശക്കും സംസാരിക്കാൻ കഴിയുമായിരുന്നെങ്കിൽ ഈ രാവുറങ്ങാതെ പറഞ്ഞാലും തീരാത്ത ഒരുപാട് കഥകൾ കേൾക്കാമായിരുന്നു. കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ കൊടുങ്കാറ്റുകൾ വരെ ഇവിടുത്തെ സ്നേഹച്ചായക്കോപ്പയിൽ അലിഞ്ഞില്ലാതായി. ഇറക്കി വെച്ച നോവും നൊമ്പരങ്ങളുമേറെ. അണികൾക്ക് നായകനും രോഗികൾക്ക് ചികിത്സകനും പ്രശ്ന പരിഹാരം തേടിയെത്തുന്നവർക്ക് മധ്യസ്ഥനും ന്യായാധിപനുമൊക്കെയായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ.
നീതിപീഠങ്ങൾ തള്ളിയ കേസുകൾ വരെ 'പാണക്കാട്ടെ കോടതി'യിൽ തീർപ്പായ ചരിത്രമുണ്ട്. ഹൈദരലി തങ്ങൾ പൊതുസമ്മതനായതിനാൽ അദ്ദേഹം എടുക്കുന്ന തീരുമാനങ്ങൾ ഇരുകക്ഷികൾക്കും സ്വീകാര്യമായിരിക്കുമെന്നുറപ്പ്. ഇത്തരം സന്ദർഭങ്ങളിൽ മാനസിക സമ്മർദം അനുഭവപ്പെടാറുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നന്നായി ആലോചിക്കാറുണ്ടെന്ന് ഇതിൽ നിന്ന് വ്യക്തം.
പുതിയ മാളിയേക്കൽ അഹമ്മദ് പൂക്കോയ തങ്ങളുടെ മൂത്ത മകൻ മുഹമ്മദലി ശിഹാബ് തങ്ങൾ മതരംഗത്ത് സജീവമായിരുന്നപ്പോഴും മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ രാഷ്ട്രീയ മേഖലയിലും നിറഞ്ഞുനിന്നിരുന്നു. രണ്ടാമത്തെ മകൻ ഉമറലി ശിഹാബ് തങ്ങൾ പക്ഷേ സമസ്തയുടെയും പോഷക സംഘടനകളുടെയും ഭാരവാഹിത്വങ്ങൾ വഹിച്ച് രാഷ്ട്രീയത്തിൽ നിന്ന് ചെറിയൊരു അകലം പാലിച്ചു.
ഉമറലി തങ്ങൾ 2008ലും മുഹമ്മദലി തങ്ങൾ തൊട്ടടുത്ത കൊല്ലവും വിടവാങ്ങിയപ്പോൾ രണ്ടുപേരും വഹിച്ച ചുമതലകളെല്ലാം പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനായ ഹൈദരലി ശിഹാബ് തങ്ങളുടെ ചുമലിൽ പെട്ടെന്ന് വന്നുചേരുകയായിരുന്നു. സഹോദരങ്ങളുടെ മരണം മൂലം ശൂന്യമായ മത, രാഷ്ട്രീയ രംഗങ്ങളിലെ നേതൃകസേരകളിലേക്ക് അദ്ദേഹത്തെ ലീഗും സമസ്തയും ആനയിച്ചു. 'ആറ്റപ്പൂ' എന്നാണ് ഹൈദരലി തങ്ങളുടെ വിളിപ്പേര്. ചൊവ്വാഴ്ചകളിൽ ദാറുന്നഈമിലെത്തി അദ്ദേഹത്തിന്റെ വട്ടമേശക്ക് ചുറ്റും കൂടി നിൽക്കുന്നവരിൽ ലീഗിന്റെയും സമസ്തയുടെയും പ്രവർത്തകർ മാത്രമല്ല, വിവിധ ആവശ്യങ്ങളുമായെത്തിയ നാനാജാതി മതസ്ഥരുണ്ടാവും. ഉദ്ഘാടനത്തിനും പരിപാടികൾക്ക് ക്ഷണിക്കാനും എത്തിയവരുണ്ടാവും. സഹായങ്ങൾ അഭ്യർഥിച്ച് വന്നവരുണ്ടാവും. സന്തോഷത്തോടെയും ആത്മസംതൃപ്തിയോടെയും മാത്രമേ ഈ അഭയകേന്ദ്രത്തിൽ നിന്ന് എല്ലാവരും പടിയിറങ്ങിയിട്ടുള്ളൂ. പാണക്കാട് കുടുംബത്തിലെ കാരണവരാണ് വിടവാങ്ങിയിരിക്കുന്നത്.
മകൻ മുഈനലി തങ്ങൾ രാഷ്ട്രീയരംഗത്തുണ്ട്. സഹോദരങ്ങളായ സാദിഖലി തങ്ങൾ, അബ്ബാസലി തങ്ങൾ, സഹോദര പുത്രന്മാരായ മുനവ്വറലി തങ്ങൾ, ബഷീറലി തങ്ങൾ, റഷീദലി തങ്ങൾ, ഹമീദലി തങ്ങൾ തുടങ്ങിയവരെല്ലാം വിവിധ ചുമതലകൾ വഹിക്കുന്നവരാണ്.
കുടുംബത്തിലെയും അവസാന വാക്കായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ. ഹൈദർ എന്നാൽ ധീരനെന്നർഥം. ധീരനിലപാടുകൾ കൈക്കൊള്ളുന്നതിൽ അദ്ദേഹം എന്നും വേറിട്ടുനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.