ന്യായാധിപനില്ലാത്ത കോടതിയിലേക്ക് കണ്ണീരൊഴുക്ക്
text_fieldsമലപ്പുറം: ഇന്ന് ചൊവ്വാഴ്ചയാണ്. അസുഖബാധിതനായി അവശനാവുന്നതുവരെ എല്ലാ ചൊവ്വാഴ്ചകളിലും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പകൽ സമയം വീട്ടിൽത്തന്നെയുണ്ടാവും. കാണാനെത്തുന്നവരുടെ സങ്കടങ്ങൾ കേൾക്കാനും വിവിധ ആവശ്യങ്ങൾ നിറവേറ്റാനും അദ്ദേഹം നീക്കിവെച്ച ദിവസമാണത്. പതിറ്റാണ്ടുകളുമായി ഇത് തുടർന്നു. ഇനി ആ കോലായയിൽ ഹൈദരലി തങ്ങളുടെ സാന്നിധ്യമില്ല. തിങ്കളാഴ്ച പുലർച്ച പ്രിയ നേതാവ് പാണക്കാട് ജുമാമസ്ജിദ് മുറ്റത്തെ മണ്ണോട് ചേർന്നു.
ഹൈദരലി തങ്ങളുടെ വിയോഗപ്പിറ്റേന്ന് ഖബറിടം സന്ദർശിക്കാനും കുടുംബാംഗങ്ങളെ കാണാനും നൂറുകണക്കിന് പേരാണെത്തിയത്. അയൽ ജില്ലകളിൽ നിന്ന് മാത്രമല്ല വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരും കൂട്ടത്തിലുണ്ടായിരുന്നു. ഖബറിടത്തിൽച്ചെന്ന് മയ്യിത്ത് നമസ്കാരം നിർവഹിച്ചും ഖുർആൻ ഓതിയും പ്രാർഥിച്ചും അവർ മടങ്ങി. വലിയ ജനക്കൂട്ടമാണ് ഇന്നലെ പകലന്തിയോളം വീട്ടുമുറ്റത്തുണ്ടായിരുന്നത്. മുതിർന്ന നേതാക്കൾ മുതൽ സാധാരണപ്രവർത്തകർ വരെ. പ്രശ്നപരിഹാരത്തിനും വിഷമങ്ങൾ പറയാനും ഹൈദരലി തങ്ങളെ സന്ദർശിച്ചിരുന്നവരുമെത്തി. എല്ലാവരുടെയും മുഖത്ത് ദുഃഖം കെട്ടിനിന്നു. ഖുർആൻ പാരായണവും പ്രാർഥനയും ഇടതടവില്ലാതെ നടന്നു.
പ്രിയ നേതാവിന് ഉറങ്ങാതെ അവർ കൂട്ടിരുന്നു
പാണക്കാട്ടെ പള്ളിമുറ്റത്തെ ഖബറിടത്തിൽ മൂന്നുപിടി മണ്ണുവാരിയിട്ട് പുലർച്ച നാലോടെ മടങ്ങിയവർ, നേരം പുലർന്നപ്പോൾ വീണ്ടും ഹൈദരലി തങ്ങളുടെ വീട്ടിലെത്തിയവരെ സ്വീകരിക്കാൻ മുൻനിരയിലുണ്ടായി
മലപ്പുറം: പാണക്കാട് ഹൈദരലി തങ്ങളുടെ നിര്യാണവാർത്ത അറിഞ്ഞത് മുതൽ വിശ്രമവും ഉറക്കവുമില്ലാതെ പുലർച്ചവരെ ഓടിനടന്ന് ലീഗ് നേതാക്കൾ. പ്രിയ നേതാവിന് ഉറങ്ങാതെ അവർ കൂട്ടിരുന്നു. ക്ഷീണവും തളർച്ചയുമൊന്നുമറിയാതെ നേരം പുലരുംവരെ അവർ കർമനിരതരായി. ടൗൺ ഹാളിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങളെ നിയന്ത്രിച്ച് പൊടിയിൽ മുങ്ങി, വിയർപ്പിൽ കുളിച്ച് എം.എൽ.എമാരടക്കമുള്ളവർ തങ്ങൾക്ക് കൂട്ടിരുന്നു.
പാണക്കാട്ടെ പള്ളിമുറ്റത്തെ ഖബറിടത്തിൽ മൂന്നുപിടി മണ്ണുവാരിയിട്ട് പുലർച്ച നാലോടെ മടങ്ങിയവർ, നേരം പുലർന്നപ്പോൾ വീണ്ടും ഹൈദരലി തങ്ങളുടെ വീട്ടിലെത്തിയവരെ സ്വീകരിക്കാൻ മുൻനിരയിലുണ്ടായിരുന്നു. മൃതദേഹത്തെ ആംബുലൻസിൽ അനുഗമിച്ചത് മുതൽ തിങ്കളാഴ്ച വൈകീട്ട് വരെ ആ കരുതൽ തുടർന്നു. അങ്കമാലിയിൽനിന്ന് മൃതദേഹത്തോടൊപ്പം വന്നത് ആബിദ് ഹുസൈൻ തങ്ങളാണ്. പുലർച്ച 2.20ന് മൃതദേഹം ഖബറടക്കുമ്പോഴും അദ്ദേഹം തൊട്ടടുത്തുണ്ടായിരുന്നു. എം.എൽ.എമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എൻ. ഷംസുദ്ദീൻ, പി. ഉബൈദുല്ല എന്നിവർ തിരക്ക് നിയന്ത്രിക്കാനും അണികൾക്ക് നിർദേശം നൽകാനും മൃതദേഹം കൊണ്ടുപോകുന്നതുവരെ ടൗൺഹാളിലുണ്ടായിരുന്നു.
ഇവർക്ക് കൂട്ടായി അബ്ദുറഹ്മാൻ രണ്ടത്താണിയുമുണ്ടായിരുന്നു. ഖബറടക്കം നടക്കുമ്പോഴും ഹൈദരലി തങ്ങളെ അവസാനമായി യാത്രയാക്കാൻ കുഞ്ഞാലിക്കുട്ടി അടുത്തുണ്ടായിരുന്നു. എം.എൽ.എമാരായ കെ.പി.എ. മജീദ്, നജീബ് കാന്തപുരം, പി.കെ. ബഷീർ, ജനറൽ സെക്രട്ടറി പി.എം.എ. സലാം തുടങ്ങിയവരെല്ലാം ടൗൺഹാളിൽ ഏറെ നേരമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.