ഹൈദരലി തങ്ങൾ: നഷ്ടമായത് പൊന്നാനിയുടെ വിദ്യാർഥിയെ
text_fieldsപാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തോടെ പൊന്നാനിക്ക് നഷ്ടമായത് പൊന്നാനിയുടെ പ്രിയപ്പെട്ട വിദ്യാഥിയെ. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന അറബിക്ക് കോളജുകളിലൊന്നായ പൊന്നാനി എം.ഐ അറബിക് കോളജിലാണ് ഹൈദരലി തങ്ങൾ പഠിച്ചിരുന്നത്.
1959ൽ പൊന്നാനി മഊനത്തുൽ ഇസ്ലാം സഭ സ്ഥാപിച്ച ഈ അറബിക് കോളജിൽ 1960ലാണ് തങ്ങൾ വിദ്യാർഥിയായി എത്തുന്നത്. തിരുനാവായക്കടുത്ത് കോന്നല്ലൂരിൽ മൂന്ന് വർഷം ദർസ് പഠനം നടത്തിയ ശേഷമാണ് തങ്ങൾ പൊന്നാനി എം.ഐ അറബിക് കോളജിൽ പഠിക്കാനെത്തിയത്. അക്കാലത്ത് കോളജ് വലിയ ജുമാ മസ്ജിദിനടുത്തുള്ള മഊനത്തുൽ ഇസ്ലാം സഭയോട് ചേർന്നുള്ള കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. പിന്നീട് 1989ൽ കോളജ് പുതുപൊന്നാനി എം.ഐ ഓർഫനേജ് കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.
എം.ഐ അറബിക് കോളജിലെ ഏറ്റവും മിടുക്കനായ വിദ്യാർഥിയായിരുന്നു തങ്ങൾ. സമസ്ത നേതാക്കളായിരുന്ന കെ. ഉണ്ണീദുഫൈസി, പുറങ്ങ് അബ്ദുല്ല മുസ്ലിയാരടക്കം ഹൈദരലി തങ്ങളുടെ സതീർഥ്യരായിരുന്നു. അഞ്ച് വർഷമാണ് പൊന്നാനിയിലെ അറബിക് കോളജിൽ തങ്ങൾ കിതാബ് ഓതിയത്.
സമസ്തയുടെ പ്രധാന നേതാക്കളിലൊരാളായ കരുവാരക്കുണ്ട് കെ.കെ അബ്ദുല്ല മുസ്ലിയാരായിരുന്നു അക്കാലത്തെ പ്രധാന അധ്യാപകൻ. പൊന്നാനി കോളജിൽ നിന്നാണ് 1963ൽ തുടക്കം കുറിച്ച പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജിൽ ചേർന്ന് ഫൈസി ബിരുദം കരസ്ഥമാക്കിയത്.
പാണക്കാട് കുടുംബത്തിൽ പൊന്നാനിയുമായി ഏറെ ഹൃദയബന്ധം സൂക്ഷിച്ചിരുന്നത് ഹൈദരലി ശിഹാബ് തങ്ങളായിരുന്നു. പൊന്നാനിയിലെ നിരവധി പേരുമായി അടുത്ത ബന്ധമാണ് തങ്ങൾ പുലർത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.