പാലിലെ മായം മറിമായമോ? കസ്റ്റഡിയിലുള്ള പാലിലെ ഹൈഡ്രജൻ പെറോക്സൈഡ് എങ്ങോട്ടുപോയി? തീരാതെ തർക്കം
text_fieldsതിരുവനന്തപുരം/പുനലൂർ: ആര്യങ്കാവിൽ പിടികൂടിയ പാലിൽ ചേർത്ത മായം സംബന്ധിച്ച് ആശയക്കുഴപ്പം പരിഹരിക്കാനാകാതെ ഭക്ഷ്യസുരക്ഷ, ക്ഷീരവികസന വകുപ്പുകൾ. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചയാണ് തെങ്കാശിയില്‍നിന്ന് പന്തളം മേക്കോണിലേക്ക് കൊണ്ടുവന്ന 15,300 ലിറ്റര്‍ പാല്‍ മായം കലര്‍ന്നതാണെന്ന് കണ്ടെത്തി ചെക്‌പോസ്റ്റില്‍ പിടികൂടിയത്. പാലിലെ ഹൈഡ്രജൻ പെറോക്സൈഡ് സാന്നിധ്യത്തെ ചൊല്ലിയാണ് തർക്കം.
ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തുവെച്ച് നടത്തിയ ആദ്യ പരിശോധനയിൽ കണ്ടെത്തിയ ഹൈഡ്രജൻ പെറോക്സൈഡ് സാന്നിധ്യം, ഭക്ഷ്യസുരക്ഷ വകുപ്പിന്റെ അനലറ്റിക്കൽ ലാബിലെ പരിശോധനയിൽ കണ്ടെത്താനായില്ല. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ സാമ്പ്ൾ പരിശോധന വൈകിയതിനെ പഴിച്ച് ക്ഷീരവികസന വകുപ്പ് രംഗത്തെത്തിയോടെ കാര്യങ്ങൾ തർക്കത്തിലേക്ക് വഴിമാറി.
വീഴ്ചയോ വൈകലോ ഉണ്ടായില്ലെന്നും രണ്ട് രീതിയിൽ പരിശോധിച്ചിട്ടും ഹൈഡ്രജൻ പെറോക്സൈഡ് സാന്നിധ്യം പാലിൽ കണ്ടെത്താനായില്ലെന്നുമാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിെൻറ പ്രതികരണം. ‘വിവരം കിട്ടിയ ഉടൻ നടപടി തുടങ്ങി. ഓരോ നടപടിക്രമത്തിെൻറയും സമയം രേഖപ്പെടുത്തിയിട്ടുണ്ട്. കോൾഡ് ചെയിനിൽ സൂക്ഷിച്ച്, ലാബിലെത്തിച്ച് പരിശോധിച്ചിട്ടും പാലിൽ ഹൈഡ്രജൻ പെറോക്സൈഡ് സാന്നിധ്യം കണ്ടെത്താനായില്ല’ -ഭക്ഷ്യസുരക്ഷ അധികൃതർ പറയുന്നു.
കാര്യങ്ങൾക്ക് വ്യക്തതവരാത്ത സാഹചര്യത്തിൽ ക്ഷീരവികസന വകുപ്പിെൻറ അക്രഡിറ്റഡ് ലാബായ സ്റ്റേറ്റ് ഡെയറി ലാബിലെ ഫലം കൂടി വന്നശേഷം രണ്ട് ഫലങ്ങളും പരിശോധിച്ച് തീർപ്പിലെത്താമെന്നാണ് ഇപ്പോഴത്തെ ധാരണ. ഹൈഡ്രജൻ പെറോക്സൈഡ് സാന്നിധ്യം തെളിയിക്കുന്നതിൽ സമയവും പ്രധാനമാണെന്നിരിക്കെ കാലതാമസം വില്ലനായോ എന്നത് കണ്ടറിയണം.
ലാബ് പരിശോധനയില്‍ മായം കണ്ടെത്താൻ കഴിയാത്തതിനാൽ പാല്‍ ഏറ്റെടുക്കാന്‍ ചെക് പോസ്റ്റ് അധികൃതരോട് ആവശ്യപ്പെട്ടെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതര്‍ പറഞ്ഞു. എന്നാൽ, ചൊവ്വാഴ്ച വൈകീട്ട് ഇതുസംബന്ധിച്ച് അറിയിപ്പുകളൊന്നും ലഭിച്ചില്ലെന്ന് ക്ഷീരവികസന വകുപ്പ് അധികൃതര്‍ പറഞ്ഞു.
ഇതിനിടയില്‍ പാൽ കൊണ്ടുവന്നവര്‍ ടാങ്കർ വിട്ടുകിട്ടാന്‍ കോടതിയെ സമീപിക്കുകയും വിട്ടുനല്‍കാന്‍ കോടതി അനുവാദം നല്‍കുകയും ചെയ്തിരുന്നു. പിടികൂടിയ പാല്‍ ഭക്ഷ്യസുരക്ഷ വകുപ്പ് തെന്മല പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒരാഴ്ചയായ പാല്‍ പുളിച്ച് പൊങ്ങി ചൊവ്വാഴ്ച രാവിലെ ടാങ്കറിന് പുറത്തേക്കൊഴുകി. ഭക്ഷ്യസുരക്ഷ അധികൃതര്‍ എത്തി ചോര്‍ച്ച പരിഹരിച്ചു.
പാൽ പരിശോധിക്കാൻ കൂടുതൽ മികച്ച സംവിധാനം ഞങ്ങൾക്ക് - ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥർ
പാൽ പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാ വിഭാഗത്തിനേക്കാള്‍ പരിശോധന നടത്താനുള്ള സംവിധാനം ക്ഷീര വികസന വകുപ്പിനാണെന്ന് ക്ഷീര വികസന വകുപ്പിലെ ഉദ്യോഗസ്ഥ സംഘടനയായ ഡെയറി ഒാഫിസേഴ്സ് അസോസിയേഷന്‍. മായം ചേര്‍ക്കുന്ന പാല്‍ കമ്പനികള്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് കാര്യമായ നടപടിയെടുക്കുന്നില്ലെന്നും അസോസിയേഷൻ ആരോപിച്ചു. ‘‘മീനാക്ഷിപുരം ചെക്പോസ്റ്റിൽ യൂറിയ കലർന്ന പാൽ പിടികൂടിയെങ്കിലും നടപടി ഉണ്ടായില്ല. 2021ൽ മായം കലർന്ന നാലു പാൽ സാംപിൾ ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറിയെങ്കിലും മാസങ്ങൾക്ക് ശേഷമാണ് പരിശോധന ഫലം ലഭിച്ചത്. ക്ഷീര വികസന വകുപ്പിന് ഭക്ഷ്യസുരക്ഷാ അധികാരം നൽകണമെന്ന വിവിധ കമ്മിഷൻ റിപ്പോർട്ടുകൾ ഉണ്ടായിട്ടും സർക്കാർ നടപടി സ്വീകരിക്കുന്നില്ല’’- സംഘടന കുറ്റപ്പെടുത്തി.
6 മണിക്കൂറിനകം പരിശോധിച്ചില്ലെങ്കില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ സാന്നിധ്യം കാണില്ല -മന്ത്രി ജെ. ചിഞ്ചുറാണി
ആര്യങ്കാവില്‍ പിടികൂടിയ പാലില്‍ മായമുണ്ടായിരുന്നില്ലെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ റിപ്പോര്‍ട്ട് ക്ഷീര വികസന വകുപ്പ് തള്ളി മന്ത്രി ജെ.ചിഞ്ചുറാണി. ക്ഷീര വികസന വകുപ്പിന്റെ പരിശോധനാഫലം കൃത്യമാണ്. ആറുമണിക്കൂറിനകം പരിശോധിച്ചില്ലെങ്കില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ സാന്നിധ്യം കാണില്ല. പരിശോധനാ റിപ്പോര്‍ട്ട് വൈകിയതിന് മറുപടി പറയേണ്ടത് ഭക്ഷ്യ സുരക്ഷാ വകുപ്പാണെന്നും മന്ത്രി പറഞ്ഞു.
വകുപ്പുകൾ തമ്മിൽ ഏറ്റുമുട്ടലില്ല -വീണ ജോർജ്
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ വകുപ്പും ക്ഷീര വികസന വകുപ്പും തമ്മിൽ ഏറ്റുമുട്ടലില്ലെന്നും ഇരുവകുപ്പുകളും പരസ്പരം സഹകരിച്ചാണ് മുന്നോട്ടുപോകുന്നതെന്നും മന്ത്രി വീണ ജോർജ്. സംഭവത്തെക്കുറിച്ച് ഭക്ഷ്യസുരക്ഷ കമീഷണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. വാർത്തയിൽ വരാത്ത ഒരുപാട് പരിശോധനകൾ നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.