‘തിളച്ച് മറിഞ്ഞ്’ ആര്യങ്കാവിലെ പാൽ: 10 ദിവസം കഴിഞ്ഞിട്ടും കേടായില്ലെന്ന് ക്ഷീരവകുപ്പ്; കള്ളമെന്ന് പാൽ കമ്പനി
text_fieldsതിരുവനന്തപുരം: ആര്യങ്കാവിൽ മായം കലർത്തിയ പാൽ ക്ഷീരവികസന വകുപ്പ് പിടികൂടിയ സംഭവത്തിൽ വീണ്ടും വിവാദം. പിടികൂടി 10 ദിവസം കഴിഞ്ഞിട്ടും പാൽ ചീത്തയായിട്ടില്ലെന്നായിരുന്നു ക്ഷീരവികസന വകുപ്പ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്. എന്നാൽ, ഈ വാദം കള്ളമാണെന്ന് പാൽ വിതരണ കമ്പനിയായ അഗ്രി സോഫ്റ്റ് ഡയറി പറയുന്നു. അനലിസ്റ്റിനെ കൊണ്ട് പരിശോധിപ്പിച്ചാണ് പാൽ പൂർണമായും ചീത്തയായതായി കമ്പനി പറയുന്നത്.
ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയെന്നാരോപിച്ച് 15,300 ലിറ്റർ പാലാണ് ആര്യങ്കാവിൽ കഴിഞ്ഞ ബുധനാഴ്ച പിടികൂടിയത്. പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച പാൽ കോടതി നിർദ്ദേശപ്രകാരം ക്ഷീരവികസന വകുപ്പ് കഴിഞ്ഞ ദിവസം നശിപ്പിച്ചിരുന്നു. മുട്ടത്തറ സീവേജ് പ്ലാന്റിലാണ് പാൽ നശിപ്പിച്ചത്. ഇതിനിടെയാണ് പിടികൂടി പത്ത് ദിവസം കഴിഞ്ഞ് നശിപ്പിക്കുമ്പോഴും പാൽ ചീത്തയായിട്ടില്ലെന്ന് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രാംഗോപാൽ പറഞ്ഞത്.
പാൽ ചൂടാക്കുമ്പോൾ കട്ട പിടിക്കുന്നുണ്ടോ എന്നു പരിശോധിക്കുന്ന സിഒബി ടെസ്റ്റ് നടത്തിയാണ് കമ്പനി ക്ഷീരവികസന വകുപ്പിന്റെ വാദത്തെ തള്ളുന്നത്. നശിപ്പിക്കുന്ന ഘട്ടത്തിലെടുത്ത സാംപിൾ ശേഖരിച്ചാണ് കമ്പനി പരിശോധന നടത്തിയത്. ക്ഷീരവികസനവകുപ്പിന്റെ വീഴ്ച മറച്ചുപിടിക്കാനാണ് പാൽ കേടുവന്നിരുന്നില്ലെന്ന് പറയുന്നതെന്നാണ് കമ്പനിയുടെ വാദം. ക്ഷീരവികസനവകുപ്പിന്റെ വാദങ്ങളെ പൂർണമായും കമ്പനി നിഷേധിക്കുമ്പോൾ, പ്രാഥമിക പരിശോധന ഫലമല്ലാതെ മറിച്ച് വാദിക്കാൻ വകുപ്പിന്റെ കയ്യിൽ ഒന്നുമില്ല.
ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തുവെച്ച് നടത്തിയ ആദ്യ പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡ് സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാൽ, ഭക്ഷ്യസുരക്ഷ വകുപ്പിന്റെ അനലറ്റിക്കൽ ലാബിലെ പരിശോധനയിൽ ഇത് കണ്ടെത്താനായില്ല. ഇതോടെയാണ് തുടക്കത്തിൽ തന്നെ വിവാദം ഉടലെടുത്തത്.
ഭക്ഷ്യസുരക്ഷ വകുപ്പിന്റെ സാമ്പ്ൾ പരിശോധന വൈകിയതിനെ പഴിച്ച് ക്ഷീരവികസന വകുപ്പ് രംഗത്തെത്തി. ക്ഷീര വികസന വകുപ്പിന്റെ പരിശോധനാഫലം കൃത്യമാണെന്നും ആറുമണിക്കൂറിനകം പരിശോധിച്ചില്ലെങ്കില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ സാന്നിധ്യം കാണില്ലെനുമായിരുന്നു ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചുറാണി പറഞ്ഞത്. പരിശോധനാ റിപ്പോര്‍ട്ട് വൈകിയതിന് മറുപടി പറയേണ്ടത് ഭക്ഷ്യ സുരക്ഷാ വകുപ്പാണെന്നും മന്ത്രി പറഞ്ഞു.
എന്നാൽ, വീഴ്ചയോ വൈകലോ ഉണ്ടായില്ലെന്നും രണ്ട് രീതിയിൽ പരിശോധിച്ചിട്ടും ഹൈഡ്രജൻ പെറോക്സൈഡ് സാന്നിധ്യം പാലിൽ കണ്ടെത്താനായില്ലെന്നുമാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിെൻറ പ്രതികരണം. ഇതിനിടെ തെന്മല പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച പാല്‍ പുളിച്ച് പൊങ്ങി ചൊവ്വാഴ്ച രാവിലെ ടാങ്കറിന് പുറത്തേക്കൊഴുകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.