ജലപ്പരപ്പിലെ സൗരോർജ പ്ലാന്റുകൾ; തുറക്കുന്നത് വൈദ്യുതി രംഗത്തെ സ്വകാര്യ നിക്ഷേപ സാധ്യതകൾ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി സ്വയം പര്യാപ്തത ലക്ഷ്യമിട്ട് നടപ്പാക്കുന്ന വിവിധ പദ്ധതികളിൽ ജലപ്പരപ്പിലെ സൗരോർജ പ്ലാന്റുകൾക്ക് (ഫ്ലോട്ടിങ് സോളാർ) പ്രധാന്യം നൽകാനുള്ള സർക്കാർ നിലപാട് വഴിതുറക്കുന്നത് ഈ മേഖലയിലെ സ്വകാര്യ നിക്ഷേപ സാധ്യതകൾ.
കെ.എസ്.ഇ.ബിയുടെ വൈദ്യുതി ഉൽപാദന പദ്ധതികൾക്കപ്പുറം സ്വകാര്യ പങ്കാളിത്തംകൂടി വർധിച്ചാലേ കാര്യമായ മുന്നേറ്റം കൈവരിക്കാനാവൂവെന്നാണ് ഊർജ വകുപ്പ് വിലയിരുത്തൽ. ജലവൈദ്യുതി പദ്ധതികളിൽ നിന്നുള്ള വെള്ളം പമ്പ് ചെയ്ത് ശേഖരിച്ച് വീണ്ടും വൈദ്യുതി ഉൽപാദിപ്പിക്കുന്ന പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ, സൗരോർജ വൈദ്യുതി രാത്രിയിലും ശേഖരിക്കാവുന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) എന്നിവക്കൊപ്പം ജലപ്പരപ്പിലെ സൗരോർജ പാനൽ സ്ഥാപിക്കൽ പദ്ധതിക്കും മുന്തിയ പരിഗണന നൽകാനാണ് ഊർജവകുപ്പ് ലക്ഷ്യമിടുന്നത്.
രണ്ട് വർഷത്തിനകം വൈദ്യുതി ഉൽപാദനത്തിൽ മൂന്ന് ജിഗാ വാട്ട് അധികശേഷി ആർജിക്കുക എന്ന ലക്ഷ്യത്തോടെ ഫ്ലോട്ടിങ് സോളാർ പദ്ധതിക്കുള്ള കരട് മാർഗ നിർദേശങ്ങൾക്ക് കഴിഞ്ഞദിവസമാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. സ്വകാര്യ സംരംഭകരുടെ പങ്കാളിത്തത്തോടെ ബിൽട്ട് ഓൺ ഓപറേറ്റ് (ബി.ഒ.ഒ) അടിസ്ഥാനത്തിലാണ് പദ്ധതി. കെ.എസ്.ഇ.ബിയുടെ ഡാമുകളോട് അനുബന്ധിച്ച മേഖലകൾ, ജലവിഭവ വകുപ്പിന് കീഴിലെ ജലാശയങ്ങൾ, കായലുകൾ, ഖനനം മൂലം രൂപപ്പെട്ട ജല സ്രോതസ്സുകൾ, ചതുപ്പുകൾ തുടങ്ങിയവയാണ് ഫ്ലോട്ടിങ് സോളാർ പദ്ധതിക്കായി മുഖ്യമായും പരിഗണിക്കുന്നത്. വൈദ്യുതി ഉൽപാദന പദ്ധതികളിൽ പരിചയമുള്ള സ്ഥാപനങ്ങൾക്കാണ് അവസരം. സർക്കാർ ഭൂമിക്കൊപ്പം സ്വകാര്യ നിയന്ത്രണത്തിലുള്ള ഭൂമിയും ഉപയോഗിക്കും. പ്ലാന്റിനുള്ള സ്ഥലം കണ്ടെത്തിയാൽ അനെർട്ട് പഠനം നടത്തി പദ്ധതിയുമായി ബന്ധപ്പെട്ട ഉന്നതതല കമ്മിറ്റിക്ക് റിപ്പോർട്ട് നൽകും. ഈ കമ്മിറ്റിയാണ് തുടർനടപടികൾ സ്വീകരിക്കുക.
കൊല്ലം വെസ്റ്റ് കല്ലട ഫ്ലോട്ടിങ് സോളാർ പ്ലാന്റാണ് സർക്കാറിന് മുന്നിലെ പ്രധാന മാതൃക. നാഷനൽ ഹൈഡ്രോ പവർ കോർപറേഷൻ (എൻ.എച്ച്.പി.സി) നേതൃത്വത്തിൽ നടപ്പാക്കുന്ന വെസ്റ്റ് കല്ലട പ്ലാന്റിന്റെ ശേഷി 50 മെഗാവാട്ടാണ്. സംസ്ഥാനത്ത് ആദ്യമായി കൃഷിയോഗ്യമല്ലാത്ത ചതുപ്പുഭൂമിയിൽ കർഷക പങ്കാളിത്തത്തോടെ സൗരോർജ നിലയം സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ആദ്യ പദ്ധതികൂടിയാണിത്. വരുമാനത്തിന്റെ മൂന്ന് ശതമാനം ഭൂവുടമകൾക്ക് ലഭിക്കുംവിധമാണ് കരാർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.