ജനിച്ചുവളർന്ന നാട്ടിലെ അഭയാർഥിയാണ് ഞാൻ -ഡോ. കഫീൽ ഖാൻ
text_fieldsകോഴിക്കോട്: ജനിച്ചുവളർന്ന നാട്ടിൽ അഭയാർഥിയായി ജീവിക്കുന്നയാളാണ് താനെന്ന് ഡോ. കഫീൽ ഖാൻ. ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ജന്മദേശമായ ഗോരഖ്പുർ തന്നെയാണ് തന്റെയും ജന്മദേശം. സ്വന്തം നാട്ടിൽ നിന്ന് ആട്ടിയകറ്റപ്പെട്ട് ബിഹാർ, രാജസ്ഥാൻ തുടങ്ങി മിക്ക സംസ്ഥാനങ്ങളിലും അഭയാർഥിയായി ജീവിച്ചു. ഭരണം മാറിയപ്പോൾ രാജസ്ഥാനിൽ നിന്നും ആട്ടിയകറ്റപ്പെട്ടു. എവിടെയൊക്കെ ജീവിച്ചാലും ജന്മദേശമായ ഗോരഖ്പുർ വിട്ടുപോകാൻ തനിക്കാവില്ല. എന്‍റെ മാതാവ് ജീവിക്കുന്ന ദേശമായതുകൊണ്ട് മാത്രമല്ല, യോഗി ആദിത്യനാഥിനോട് പോരാടാൻ വേണ്ടി മാത്രം താൻ അവിടെത്തന്നെ ജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമം ബുക്സ് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ച ഡോ. കഫീൽഖാന്‍റെ ‘ഓക്സിജൻ: ഒരു ഡോക്ടറുടെ ഓർമക്കുറിപ്പുകൾ’ എന്ന പുസ്തകത്തിന്‍റെ സമർപ്പണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
500 ദിവസങ്ങളാണ് ചെയ്യാത്ത കുറ്റത്തിന് താൻ ജയിലിൽ കിടന്നത്. നഗ്നനാക്കി നിർത്തി വടികൊണ്ടും ബെൽറ്റുകൊണ്ടും ബോധം കെട്ടുവീഴുന്നതുവരെ ക്രൂരമായി മർദിച്ചു. ഇരുട്ടുനിറഞ്ഞ ആ മുറിയിൽ ഓരോ ദിവസവും പുതിയ പുതിയ ആളുകളാണ് തന്നെ മർദിച്ചത്. പൊലീസുകാരല്ല, ഗുണ്ടകളാണ് അവരെന്ന് ആ കണ്ണുകളിലെ വെറുപ്പുകണ്ട് ഞാൻ തിരിച്ചറിഞ്ഞു. മർദനത്തിനിടയിൽ വെള്ളം, ഭക്ഷണം എന്നിവയെക്കുറിച്ച് മാത്രമാണ് ഞാൻ ചിന്തിച്ചത്.
മക്കളെക്കുറിച്ചും മാതാവിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ഞാൻ മറന്നു. വെള്ളവും ഭക്ഷണവും ചോദിച്ച് ഉറക്കെ അലറിക്കരഞ്ഞു. പക്ഷേ, അതുകേൾക്കാൻ ആരുമുണ്ടായില്ല. തടവറയിലെ പുല്ലും എന്‍റെ ഷർട്ടും ഞാൻ ചവച്ചരച്ചു. ഭയാനകമായിരുന്നു ആ ദിനങ്ങളെന്ന് കഫീൽ ഖാൻ ഓർമിച്ചു. പക്ഷേ, നീണ്ട എട്ടുവർഷത്തിനിപ്പുറവും, ബി.ആർ.ഡി ആശുപത്രിയിലെ നിരപരാധികളായ ആ 64 കുഞ്ഞുങ്ങളെ കൊന്നതിന് ഉത്തരവാദികളാരെന്ന തന്‍റെ ചോദ്യത്തിന് ഇനിയും ഉത്തരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ വന്ന് ജീവിക്കാനുള്ള ക്ഷണം താൻ പൂർണമനസ്സോടെ സ്വീകരിക്കുന്നു. തന്‍റെ പുസ്തകം പ്രസിദ്ധീകരിക്കാൻ ധൈര്യം പ്രകടിപ്പിച്ച ‘മാധ്യമം’ ബുക്സിനോടും ഡോ. കഫീൽ ഖാൻ നന്ദി പറഞ്ഞു. സാഹിത്യകാരനായ കെ.പി. രാമനുണ്ണി ഡോ. ടി.പി. നാസറിന് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു. ദൈവത്തിന്‍റെ പ്രതിനിധിയായ ഡോക്ടറെയാണ് ഉത്തർപ്രദേശ് സർക്കാർ വേട്ടയാടിയതെന്ന് അദ്ദേഹം പറഞ്ഞു.
‘മാധ്യമം’ ചീഫ് എഡിറ്റർ ഒ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. നന്മ ചെയ്തതിന്‍റെ പേരിൽ പീഡിപ്പിക്കപ്പെട്ട ഡോക്ടറാണ് ഡോ. കഫീൽ ഖാൻ. ഇന്ത്യൻ ജനതയുടെ അസാമാന്യമായ ഇച്ഛാശക്തികൊണ്ട് ഇന്ത്യൻ ജനാധിപത്യത്തിന് ഉയിർത്തെഴുന്നേൽക്കാൻ കഴിയുമെന്നും ഒ. അബ്ദുറഹ്മാൻ പറഞ്ഞു. പി.കെ പാറക്കടവ് പുസ്തകം പരിചയപ്പെടുത്തി.
‘മാധ്യമം’ സി.ഇ.ഒ പി.എം. സാലിഹ് ഡോ. കഫീൽ ഖാന് ഉപഹാരസമർപ്പണം നടത്തി. ഇന്ത്യയിൽ ഇനിയും ആവർത്തിക്കാൻ സാധ്യതയുള്ള ഒരു ഫാഷിസ്റ്റ് പദ്ധതിയെ എതിർത്തതാണ് ഡോ. കഫീൽ ഖാനെ അനഭിമതനാക്കിയതെന്നും കരുണയുടെ പ്രതീകമായി ഡോ. കഫീൽ ഖാൻ ഉയർന്നുവരുന്നത് തടയുകയായിരുന്നു ഭരണകൂടമെന്നും ഡോ. പി.കെ പോക്കർ പറഞ്ഞു. യു.കെ. കുമാരൻ, ഷീല ടോമി, ഫർസാന എന്നിവർ സംസാരിച്ചു. ‘മാധ്യമം’ എഡിറ്റർ വി.എം. ഇബ്രാഹിം സ്വാഗതവും ഡെപ്യൂട്ടി ജനറൽ മാനേജർ വി.സി. മുഹമ്മദ് സലീം നന്ദിയും പറഞ്ഞു. പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്ത മൃദുല ഭവാനി പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.