Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രളയത്തിൽ മുങ്ങാതെ 'ഐ...

പ്രളയത്തിൽ മുങ്ങാതെ 'ഐ ആം ഫോർ ആലപ്പി' വീടുകൾ

text_fields
bookmark_border
പ്രളയത്തിൽ മുങ്ങാതെ ഐ ആം ഫോർ ആലപ്പി വീടുകൾ
cancel

ആലപ്പുഴ: 'സർ… ഇക്കുറി വെള്ളപ്പൊക്കത്തിൽ എെൻറ വീട് മുങ്ങിയില്ല…'. കുട്ടനാട്ടിലെ നെടുമുടിയിലെ മാത്തൂർ പാടത്തെ നിന്ന് ലതാമ്മയെന്ന വിധവയായ വീട്ടമ്മയുടെ സന്ദേശം തിങ്കളാഴ്ച രാവിലെ ലഭിക്കുേമ്പാൾ കെ.ടി.ഡി.സി മാനേജിങ് ഡയറക്ടർ യുവ ഐ.എ.എസ് ഉദ്യോഗസ്ഥൻ വി.ആർ. കൃഷ്ണ തേജയുടെ മനസ് സന്തോഷം കൊണ്ട് നിറയുകയായിരുന്നു. 2018ലേയും 2019ലേയും പ്രളയ നാളുകളിൽ ആലപ്പുഴയിലെ സബ്കലക്ടറും ആർ.ഡി.ഒയുമായിരുന്നു ഈ ആന്ധ്ര സ്വദേശിയുടെ ആശയത്തിൽ വിരിഞ്ഞ ഈ സാമൂഹിക മാധ്യമ കൂട്ടായ്മ വലിയൊരു ജനകീയ മുന്നേറ്റത്തിന് തുടക്കം കുറിക്കുകയായിരുന്നു.

വെള്ളപ്പൊക്കം കൊണ്ട് ബുദ്ധിമുട്ടുന്നവരെ സഹായിക്കാനായി കൃഷ്ണ തേജ മൈലാവരപ്പ് എന്ന യുവ ഐ.എ.എസുകാരൻ മുൻകൈ എടുത്ത് ആരംഭിച്ച 'ഐ ആം ഫോർ ആലപ്പി'എന്ന ഫേസ് ബുക്ക് കൂട്ടായ്മ നടത്തിയ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ ലോക ശ്രദ്ധയാകർഷിച്ചിരുന്നു. കന്നുകാലി വിതരണം മുതൽ സ്കൂളും ആതുരാലയങ്ങളും പുനർ നിർമ്മിക്കൽ തുടങ്ങി കിണർ ശുചീകരണവും മെഡിക്കൽ ക്യാമ്പുകളും തുടങ്ങി വള്ളവും വലയും നൽകലും ഉൾപ്പെടെ 'ഐ ആം ഫോർ ആലപ്പി' നടത്തിയ വിവിധങ്ങളായ പ്രവർത്തനങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. അതിൽ തന്നെ ഏറ്റവും കൂടുതൽ ശ്രദ്ധേയമായത് വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുവാൻ തക്കവിധം രൂപകൽപന ചെയ്ത വീടുകളായിരുന്നു.

രാമോജി റാവു ഫിലിം സിറ്റി, ബാഹുബലി ഫൗണ്ടേഷൻ, രാമകൃഷ്ണ മിഷൻ, അഭയ ഫൗണ്ടേഷൻ, ജോയ് ആലുക്കാസ്, സത്യസായി ട്രസ്റ്റ്, തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജ്ജുൻ, യുവനടന്മാരായ ഇന്ദ്രജിത്ത്, പ്രഥ്വിരാജ്, കാളിദാസ് ജയറാം തുടങ്ങി ഒട്ടനവധി വ്യക്തികളും പ്രസ്ഥാനങ്ങളും ഐ ആം ഫോർ ആലപ്പിയുടെ ഭാഗമായി മാറിയിരുന്നു. ആന്ധ്രയിലെ രാമോജി റാവു ഫിലിം സിറ്റി 120 വീടുകളുടെ നിർമാണമാണ് ഏറ്റെടുത്തത്.

സാമൂഹിക ഇടപെടലിന്‍റെ നൂതന മാതൃക

കേവലം ഒരു ഫേസ്ബുക്ക് പേജിൽ തുടങ്ങിയ ചെറിയ ഒരു സഹായ അഭ്യർഥന വിപുലമായ ഒരു മുന്നേറ്റത്തിന് അടിത്തറ പാവുകയായിരുന്നു. അതിന്‍റെ തെളിവാണ് ലതാ ശങ്കരൻ കുട്ടിയെന്ന വീട്ടമ്മയടക്കം 450 കുടുംബങ്ങളാണ് ഇക്കുറി വെള്ളപ്പൊക്കത്തിൽ ഭീതിയില്ലാതെ കിടന്നുറങ്ങത്. കഴിഞ്ഞ കാലങ്ങളിൽ ഭയപ്പാടോടെ എല്ലാ വെള്ളപ്പൊക്കത്തിനും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന അവർ ഇക്കുറി മറ്റുള്ളവർക്ക് സംരക്ഷണം ഒരുക്കി സ്വന്തം വീടുകളിൽ കഴിയുന്നു. മൂന്നര മുതൽ നാല് അടിയോളം ഉയരത്തിൽ പില്ലുറുകളിൽ കെട്ടി ഉയർത്തിയ വീടുകൾ ഇതുവരെ സുരക്ഷിതമാണ്.

കേരളത്തിനെയാകെ മുക്കിക്കളഞ്ഞ മഹാപ്രളയത്തിൽ നിന്നും കരകയറാനായി സർക്കാറും സർക്കാരേതര സംഘടനകളും കൈകോർത്ത് മുന്നേറവെ അദ്ഭുതകരവും അവിശ്വസനീയവുമായ രീതിയിൽ സൃഷ്ടിപരമായ ഭൗതികമാറ്റങ്ങൾക്ക് പശ്ചാത്തലമൊരുക്കുകയായിരുന്നു ഐ ആം ഫോർ ആലപ്പി. എല്ലാം തകർന്നുവെന്ന് കരുതി നിരാശയിലാണ്ട പ്രളയ ബാധിതരെ വിവിധ തലത്തിലും തരത്തിലുമുള്ള പ്രവർത്തനങ്ങളിലൂടെ കൈപിടിച്ച് ഉയർത്തുകയായിരുന്നു 'െഎ ആം ഫോർ ആലപ്പി'.


2018 ആഗസ്റ്റിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് സെപ്റ്റംബർ 14ന് ആലപ്പുഴയിൽ ആരംഭിച്ച ഈ സംരംഭം ചരിത്രത്തിെൻറ ഭാഗമായി പ്രവർത്തനങ്ങൾ തുടരുകയാണ്. സാമൂഹിക മുന്നേറ്റത്തിന് സമൂഹമാധ്യമത്തെ എങ്ങനെ ക്രിയാത്മകമായി പ്രയോജനപ്പെടുത്താമെന്ന് കൂടി തെളിയിക്കുകയായിരുന്നു 'ഐ ആം ഫോർ ആലപ്പി'.

2018ലെ പ്രളയത്തിൽ സംസ്ഥാനത്തെ 483 മരണങ്ങളിൽ 44ഉം ആലപ്പുഴയിലായിരുന്നു. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. അത് പരിഹരിക്കുവാനായി നേരിട്ടുള്ള സാമ്പത്തിക ഇടപാടുകൾ പൂർണമായും ഒഴിവാക്കി കോർപറേറ്റുകളെയും സെലിബ്രിറ്റികളെയും സർക്കാരേതര പ്രസ്ഥാനങ്ങളെയും സഹകരിപ്പിക്കുന്ന 'െഎ ആം ഫോർ ആലപ്പി' രചിച്ചത് മാനവികതയുടെ പുതിയൊരു അധ്യായമാണ്.

ഇടനിലക്കാരുടെ പതിവ് സങ്കൽപങ്ങളെ പൊളിച്ചെഴുതുക വഴി ദാതാവിനും ഗുണഭോക്താവിനുമിടയിൽ അത് പാലം തീർക്കുകയായിരുന്നു. വിദ്യാലയങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, അംഗൻവാടികൾ തുടങ്ങിയവയുടെ പുനർനിർമാണം അടക്കം ഏറ്റെടുത്ത പ്രവൃത്തികൾ ഈ പ്രസ്ഥാനം സുതാര്യമാക്കി തീർത്തും ലാഭേഛയില്ലാതെ പ്രവർത്തിക്കുകയായിരുന്നു.

ഫേസ്ബുക്കിന്‍റെ കേസ് സ്റ്റഡി

പുനരധിവാസ-പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് സമാനതകളില്ലാത്ത മാതൃക തീർത്ത 'െഎ ആം ഫോർ ആലപ്പി' എന്ന ഫേസ്ബുക്ക് പേജിനെ സാമൂഹിക മാറ്റങ്ങൾക്ക് വഴിതെളിച്ച മികച്ച മാതൃക എന്ന നിലയിൽ ഫേസ്ബുക്ക് പ്രത്യേക കേസ് സ്റ്റഡിയായി 'െഎ ആം ഫോർ ആലപ്പി'യെ തെരഞ്ഞെടുത്തിട്ടുണ്ട്. മന്ത്രി ജി. സുധാകരൻ ഒൗദ്യോഗികമായി ഫേസ്ബുക്ക് പേജ് അവതരിപ്പിച്ച് ആറ് മണിക്കൂറിനുള്ളിൽ എട്ട് ലക്ഷം രൂപയുടെ സഹായമാണ് വന്നത്. തെലുങ്കിലെ അഭിനേത്രിയും അവതാരകയുമായ മലയാളി സുമ കനകലയും ഭർത്താവും തെലുങ്ക്-കന്നഡ നടനുമായ രാജീവ് കനകലയും തകഴി കുന്നുമ്മയിലെ കുടുംബക്ഷേമ കേന്ദ്രം പുനർനിർമിക്കാൻ തയാറായി മുന്നോട്ട് വരികയായിരുന്നു. ഏറ്റവും ഒടുവിൽ ഫേസ്ബുക്ക് പേജ് 174777 പേരാണ് ലൈക്ക് ചെയ്തത്. ആദ്യ ആറുമാസം മുമ്പുള്ള അവലോകനത്തിൽ അര ലക്ഷത്തിലേറെ പേർക്ക് പ്രത്യക്ഷമായും അതിലുമേറെ പേർക്ക് പരോക്ഷമായും പദ്ധതി സഹായകമായി. പിന്നീട് അത് എത്രയോ ഇരട്ടിയായി. ശതകോടികളുടെ സഹായമാണ് പലതട്ടുകളിലായി നടന്ന പ്രവർത്തനം വഴി അർഹരായവരിൽ എത്തിച്ചേർന്നത്.


മാന്നാറിലെ ഭിന്നശേഷിക്കാരായവരുടെ ഫെയർ ലാൻറ് എന്ന സ്വയംസഹായ സംഘത്തിന് വെള്ളപ്പൊക്കത്തിൽ നശിച്ചത് ജീവനോപാധിയായ സ്ക്രീൻ പ്രിൻറിങ് യൂനിറ്റാണ്. 'ഡൊണേറ്റ് എ ലൈവ്ലി ഹുഡ്'ൽ പെടുത്തി ഓക്സ്ഫാം ഇന്ത്യ എന്ന പ്രസ്ഥാനം പുതിയ ന്യൂസ് പേപ്പർ ബാഗ് യൂനിറ്റാണ് സ്പോൺസർ ചെയ്തത്. സേവ് ദി ചിൽഡ്രൻ പദ്ധതിയിൽ പ്രളയ ബാധിത പ്രദേശങ്ങളിലെ ഏഴ് ന്യൂട്രിമിക്സ് യൂനിറ്റുകൾക്ക് യന്ത്ര സാമഗ്രികൾ നൽകി. ഇതേ പദ്ധതിയിൽ പെടുത്തിയാണ് കൈനകരിയിലെ മണിയന് ബാർബർ ഷോപ്പ് പുതുക്കിപ്പണിഞ്ഞ് നൽകിയത്.

'ഡൊണേറ്റ് എ കാറ്റിൽ' പദ്ധതിയിൽപെടുത്തി പശുക്കളെയും ആടുകളെയും കോഴി, താറാവ് എന്നിവയെയും നൽകി. 133 ക്ഷീര കർഷകർക്ക് അത്യുൽപാദന ശേഷിയുള്ള കറവപശുക്കളെ നൽകി. കൃഷ്ണ തേജയുടെ പിതൃസഹോദരനായ മൈലാവരപ്പ് ബാലാജിയും പദ്ധതിയിൽ പശുവിനെ സമ്മാനിച്ചു. പദ്ധതിയിൽ സഹായിക്കാമെന്ന് ഏറ്റിരുന്ന ഒരാൾ അവസാന നിമിഷം കാലുവാരിയതിനെ തുടർന്നാണ് അദ്ദേഹം ഇതിൽ പങ്കാളിയായത്. 48,000ത്തിനും 52,000ത്തിനുമിടയിൽ രൂപ വിലവരുന്ന പശുക്കളെ വൈദ്യപരിശോധന പൂർത്തിയാക്കി ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തിയ ശേഷമാണ് കൈമാറുന്നത്. സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള കേരള ഫീഡ്സുമായി സഹകരിച്ച് ഒരു മാസത്തെ കാലിത്തീറ്റ സൗജന്യമായി നൽകുകയും ചെയ്തു. പദ്ധതിയിൽ 150 ആടുകളെയും നൽകിയിട്ടുണ്ട്. ജീവനോപാധി കൈവരുന്നതോടെ കുടുംബങ്ങൾ സ്വയംപര്യാപ്തരാകും.

ഭിന്നശേഷിക്കാർക്ക് കൈത്താങ്ങ് എന്ന നിലയിൽ 600 പേർക്ക് സ്പോൺസർഷിപ്പിലൂടെ 20 ലക്ഷത്തിെൻറ വീൽചെയർ, ക്രച്ചസ്, കൃത്രിമ അവയവങ്ങൾ എന്നിവ കൈമാറി. മുതിർന്ന പൗരന്മാർക്കായി നടത്തിയ നാല് പ്രത്യേക മെഗാ മെഡിക്കൽ ക്യാമ്പുകളിൽ 4000 േപർ സൗകര്യം പ്രയോജനപ്പെടുത്തി. രണ്ട് മാസത്തേക്കുള്ള മരുന്നും ഫുഡ്-പ്രോട്ടീൻ സപ്ലിമെൻറും സൗജന്യമായി നൽകി. കലശലായ രോഗമുള്ളവർക്ക് ആവശ്യമായ സാന്ത്വന ചികിത്സയും നൽകി. കൂടാതെ കിടപ്പ് രോഗികൾക്കായി വാട്ടർ ബെഡുകളും എയർബെഡുകളും സമ്മാനിക്കുന്നത് അടക്കമുള്ള പലവക പ്രവർത്തനങ്ങളും വേറെയുണ്ട്.

സ്ത്രീകൾക്ക് പ്രത്യേക കരുതലായി കുട്ടനാട്ടിലെ പത്ത് പഞ്ചായത്തുകളിലെ കുടുംബത്തിെൻറ ചുമതല സ്ത്രീകളിൽ വന്നുചേർന്ന വിധവ പെൻഷന് അർഹരായവരെ പരിഗണിച്ച് 7000 പേർക്ക് അടുക്കള സാമഗ്രികളും മറ്റ് അത്യാവശ്യ ഗൃഹോപകരണങ്ങളുമൊക്കെയായി സഹായമെത്തി. മഹാപ്രളയം പോലൊരു പ്രകൃതി ദുരന്തത്തിെൻറ ആഘാതത്തിെൻറ ഇരകളായ വിദ്യാർഥികളെ തിരികെ വിദ്യാലയങ്ങളിൽ എത്തിച്ച് അവരുടെ പഠനത്തെ തിരിച്ചു പിടിക്കാൻ െഎ ആം ഫോർ ആലപ്പിയുടെ ഇടപെടൽ നിർണായകമായിരുന്നു. നോട്ടുബുക്കുകളും വാട്ടർബോട്ടിലും ജ്യോമട്രി ബോക്സും മറ്റ് സ്റ്റേഷനറി സാമഗ്രികളും സ്കൂൾ ബാഗും അടങ്ങുന്ന സ്കൂൾകിറ്റ് അരലക്ഷത്തോളം പേർക്ക് വിതരണം ചെയ്തു. പ്ലാൻ ഇന്ത്യ അടക്കമുള്ള എൻ.ജി.ഒകൾ സഹകരിച്ചു. സായിഗ്രാമം, സേവ് ദി ചിൽഡ്രൺ, സൂപ്പർ സ്റ്റാർ അല്ലു അർജുൻ തുടങ്ങിയവർ 60 അംഗൻവാടികളാണ് പുനരുദ്ധാരണം നിർവഹിച്ചത്. ആന്ധ്രപ്രദേശ് അൺഎയ്ഡഡ് സ്കൂൾ മാനേജ്മെൻറ്സ് അസോസിയേഷൻ 20 കമ്പ്യൂട്ടർ ലാബുകളാണ് ഒരുക്കിയത്. കൂടാതെ അർഹരായ 50 കുട്ടികൾക്ക് സൈക്കിളുകളും സമ്മാനിച്ചു. വെള്ളപ്പൊക്കത്തിൽ നശിച്ച മരങ്ങളെ തിരികെ കൊണ്ടുവരികയെന്ന ലക്ഷ്യത്തിൽ നാലുലക്ഷം വൃക്ഷത്തൈകളാണ് നട്ടുപിടിപ്പിക്കുന്നത്.


രാമകൃഷ്ണ മിഷൻ, സത്യസായി സേവ ഒാർഗനൈസേഷൻ, ബാഹുബലി വെള്ളപ്പൊക്ക കാലത്ത് വള്ളങ്ങൾ നശിച്ച ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും നൽകുന്ന പദ്ധതിയും മാതൃകാപരമായി. കിണർ ശുചീകരണം, ശുചിമുറി നിർമാണം, റോഡ് നിർമാണം ഉൾപ്പെടെയുള്ള അനുബന്ധ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും 'െഎ ആം ഫോർ ആലപ്പി' മുന്നിട്ടിറങ്ങിയിരുന്നു.

വി.ആർ. കൃഷ്ണ തേജ 2009ൽ ആന്ധ്രയിലെ നരസരറാവു പേട്ട എൻജിനീയറിങ് കോളജിൽ നിന്നും കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശേഷം ആർ.സി. റെഡ്ഡി െഎ.എ.എസ് കോച്ചിങ് സെന്‍ററിൽ പരിശീലനകനായി പ്രവർത്തിക്കവെയാണ് സിവിൽ സർവിസ് പരീക്ഷയിൽ 66ാം റാേങ്കാടെ മികച്ച വിജയം നേടുന്നത്. ബിസിനസുകാരനായ ശിവാനന്ദ വർമയുടെയും ഭുവനേശ്വരിയുടെയും മകൻ. ആലപ്പുഴ സബ് കലക്ടർ എന്ന നിലയിൽ കുട്ടനാട്ടിലെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് മികച്ച ഇടപെടലുകൾ നടത്തുക വഴി ദേശീയ മാധ്യമങ്ങളിൽ ഇടംപിടിച്ചു. ധനമന്ത്രി ഡോ. ടി.എം. തോമസ് െഎസക്കിനോടൊപ്പം തോളോട് തോൾ ചേർന്ന് കൃഷ്ണ തേജ നടത്തിയ 'ഒാപറേഷൻ കുട്ടനാട്' രക്ഷാപ്രവർത്തനത്തിൽ രണ്ട് ലക്ഷത്തോളം പേരെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിച്ച് സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിക്കുകയായിരുന്നു.

ആർ.ഡി.ഒ എന്ന നിലയിൽ നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ സെക്രട്ടറിയായി പ്രവർത്തിച്ച് കുറ്റമറ്റ സ്റ്റാർട്ടിങ്ങും ഫോേട്ടാ ഫിനിഷിങ്ങും ഏർപ്പെടുത്തി മികച്ച രീതിയിൽ വള്ളംകളി സംഘടിപ്പിച്ചു. ഒാൺലൈനിൽ അടക്കമുള്ള വ്യാജ ടിക്കറ്റ് വിൽപന തടഞ്ഞു. ഭിന്നലിംഗക്കാരെ വളന്‍റിയർമാരാക്കി. കൃത്യമായ ഹരിത േപ്രാേട്ടാകോൾ അവതരിപ്പിച്ചു. വൃദ്ധർക്കും അംഗപരിമിതർക്കും സ്ത്രീകൾക്കും കുട്ടികൾക്കും വള്ളംകളി ആസ്വദിക്കാനുള്ള പ്രത്യേക സൗകര്യം ഒരുക്കി. ഒാൺലൈൻ മാഗസിനുകളായ ബെറ്റർ ഇന്ത്യ, വൈറലി എന്നിവയുെട കണ്ടെത്തലിൽ യഥാക്രമം രാജ്യത്തെ മികച്ച െഎ.എ.എസുകാരിൽ ആദ്യപത്ത് പേരിലും എട്ടു പേരിലും കൃഷ്ണ തേജ ഉൾപ്പെട്ടിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AlappuzhaI Am For Alleppeyflood Home Project
Next Story