ആര് മാലയിട്ട് സ്വീകരിച്ചാലും ബസിലെ അതിക്രമത്തിൽ പ്രതികരിച്ച പെൺകുട്ടിയോടൊപ്പം-വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ പരാതിക്കാരിയായ ഇരയോടൊപ്പമെന്ന് മന്ത്രി വി. ശിവൻകുട്ടി. കേസിലെ പ്രതി സവാദിന് സ്വീകരണം നൽകിയ സംഭവത്തിൽ സമൂഹമാധ്യമത്തിലൂടെ പ്രതികരിക്കുകയായിരുന്നു മന്ത്രി. ‘ആര് മാലയിട്ട് സ്വീകരിച്ചാലും ബസിൽ അതിക്രമത്തിൽ പ്രതികരിച്ച പെൺകുട്ടിയോടൊപ്പം’എന്നാണ് മന്ത്രി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.
യുവതിയുടെ പരാതി കള്ളമാണെന്നാരോപിച്ച് ഓൾ കേരള മെൻസ് അസോസിയേഷനാണ് ജയിലിലായ സവാദിന് സ്വീകരണം നൽകിയത്. ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടാൻ യുവതി നൽകിയ കള്ളപ്പരാതിയാണെന്നാരോപിച്ച് അസോസിയേഷൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതിയും നൽകിയിട്ടുണ്ട്.
തൃശൂരിൽനിന്ന് എറണാകുളത്തേക്ക് വരുന്ന ബസില്‍ സവാദ് നഗ്നതാ പ്രദർശനം നടത്തിയെന്നായിരുന്നു യുവതിയുടെ പരാതി. ഇൻസ്റ്റഗ്രാമിൽ പ്രശസ്തി ലഭിക്കാനാണ് യുവതി പൊലീസിൽ പരാതി നൽകുകയും വിഡിയോ പ്രചരിപ്പിക്കുകയും ചെയ്തതെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് വട്ടിയൂർക്കാവ് അജിത് കുമാർ ഡി.ജി.പിക്ക് നൽകിയ പരാതിയിൽ പറയുന്നത്.
യുവതി പ്രചരിപ്പിച്ച വിഡിയോയിൽ യുവാവ് മോശം കാര്യങ്ങൾ ചെയ്തതായി തെളിവില്ല. യുവതിയെ നുണപരിശോധനക്ക് വിധേയമാക്കണം. യുവതിയുടെ ഭാഗത്താണ് ശരിയെന്ന് ആദ്യമൊക്കെ വിശ്വസിച്ചിരുന്നെങ്കിലും ഇൻസ്റ്റഗ്രാം ഐഡി പരിചയപ്പെടുത്തി യുവതി വിഡിയോ ചെയ്തതോടെയാണ് ഫോളോവേഴ്സിനെ കൂട്ടാനുള്ള പദ്ധതിയാണെന്ന് മനസ്സിലായതെന്നും അജിത് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.