ഞാൻ ദിലീപിന്‍റെ വീട്ടിൽ പോയിട്ടില്ല; വേദി പങ്കിട്ടതിൽ തെറ്റില്ലെന്ന് രഞ്ജിത്
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപുമായി വേദി പങ്കിട്ടതിനെ ന്യായീകരിച്ച് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്. താന്‍ ദിലീപിന്‍റെ വീട്ടില്‍ പോയതല്ല, ദിലീപിനൊപ്പം ഏതെങ്കിലും റസ്റ്റോറന്‍രിലിരുന്ന് കാപ്പി കുടിക്കാന്‍ പോയതല്ല, ഇനി അങ്ങനെയാണെങ്കില്‍ തന്നെ കഴുവേറ്റേണ്ട കാര്യമില്ലെന്നുമാണ് രഞ്ജിത്തിന്‍റെ പ്രതികരണം.
ദിലീപിനെ തനിക്ക് വർഷങ്ങളായി അറിയാം. അക്കാദമി ചെയര്‍മാനാകുന്നതിനു മുമ്പ് തിയറ്റര്‍ ഉടമകളുമായും അവരുടെ സംഘടനയുമായും എനിക്ക് ബന്ധമുണ്ട്. അവരുടെ ജനറല്‍ ബോഡി യോഗത്തില്‍ ആദരിക്കണമെന്ന് പറഞ്ഞ് വിളിച്ചാല്‍ അത് നിഷേധിക്കേണ്ട കാര്യമില്ല. ദിലീപും ഞാനും ഫ്ലൈറ്റില്‍ യാത്ര ചെയ്യേണ്ടിവന്നാല്‍ ഞാന്‍ ഇറങ്ങി ഓടണോയെന്നും രഞ്ജിത് ചോദിച്ചു. ദിലീപുമായി വേദി പങ്കിട്ടതു സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു രഞ്ജിത്.
ചലച്ചിത്ര അക്കാദമി ചെയർമാൻ ആണെന്ന് വച്ച് തിയേറ്റർ ഉടമകളുമായുള്ള ബന്ധം എനിക്ക് ഉപേക്ഷിക്കാൻ പറ്റില്ല. നാട്ടിൽ ചർച്ച ചെയ്യാൻ മറ്റ് കാര്യങ്ങളൊന്നും ഇല്ലേ?" തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ സ്വീകരണ പരിപാടിയിലാണ് രഞ്ജിത്തും ദിലീപും വേദി പങ്കിട്ടത്. രഞ്ജിത്തിനും സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട മധുപാലിനും നൽകിയ ഫിയോക്കിന്റെ സ്വീകരണ യോഗത്തിലാണ് ദിലീപും പങ്കെടുത്തത്.
ഫിയോകിന്റെ ആജീവനാന്ത ചെയർമാനായ ദിലീപാണ് രഞ്ജിത്തിനെയും മധുപാലിനെയും വേദിയിലേക്ക് സ്വാഗതം ചെയ്തത്. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം വഹിക്കാൻ കെൽപ്പുള്ളയാളാണ് രഞ്ജിത്തെന്ന് യോഗത്തിൽ ദിലീപ് പ്രശംസിക്കുകയും ചെയ്തു.
ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങിൽ ഭാവന പങ്കെടുത്തതുമായി ബന്ധപ്പെട്ടാണ് രഞ്ജിത്-ദിലീപ് വിവാദം തലപൊക്കിയത്. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ ഉദ്ഘാടന വേദിയിൽ അപ്രതീക്ഷിത അതിഥിയായി എത്തിയ ഭാവനക്ക് വലിയ തോതിലുള്ള സ്വീകരണമാണ് ലഭിച്ചത്. താൻ ക്ഷണിച്ചിട്ടാണ് ഭാവന പങ്കെടുത്തതെന്ന് രഞ്ജിത് വിശദീകരിച്ചിരുന്നു.
ഇതിനു പിന്നാലെ നടൻ ദിലീപിനെ ജയിലിൽ സന്ദർശിച്ചതുമായി ചേർത്തുവച്ച് രഞ്ജിത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപമായി വിമര്‍ശനങ്ങൾ ഉയർന്നു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ ആലുവ സബ്ജയിലിൽ സന്ദർശിച്ചതിനെ ചൊല്ലിയായിരുന്നു വിമർശനം. എന്നാൽ സന്ദർശനം യാദൃശ്ചികമാണെന്നായിരുന്നു രഞ്ജിത്തിന്‍റെ പ്രതികരണം. ദിലീപിന് വേണ്ടി ഒരിടത്തും വക്കാലത്ത് പറഞ്ഞിട്ടില്ലെന്നും സബ്ജയിലിൽ എത്തി ദിലീപിനെ കണ്ടത് മുൻകൂട്ടി നിശ്ചയിച്ച പദ്ധതി പ്രകാരമല്ലെന്നും രഞ്ജിത് വിശദീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.