ബി.ജെ.പി ചായ്വ് കാണിച്ചെന്നു തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാം -പി.ജെ. കുര്യൻ
text_fieldsന്യൂഡൽഹി: ജനകീയ നേതാവെന്ന പരിവേഷമുള്ള ഉമ്മൻ ചാണ്ടി നയിച്ച മൂന്നു തെരഞ്ഞെടുപ്പിലും കോൺഗ്രസ് പിന്നോട്ടടിക്കുകയാണ് ചെയ്തതെന്ന് രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ. എ.കെ. ആൻറണിയുടെ തണലിലാണ് ഉമ്മൻ ചാണ്ടിക്ക് സ്ഥാനമാനങ്ങൾ കിട്ടിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉമ്മൻ ചാണ്ടി നയിച്ച മുന്നു തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിെൻറ സീറ്റ് മറ്റെല്ലാ തെരഞ്ഞെടുപ്പിനേക്കാളും കുറവായിരുന്നു. ജയിച്ച തെരഞ്ഞെടുപ്പിലാകെട്ട, കേവല ഭൂരിപക്ഷത്തേക്കാൾ രണ്ടു സീറ്റ് മാത്രമായിരുന്നു കൂടുതൽ. ഇപ്പോഴുള്ളത് 22 സീറ്റ്. എ.കെ. ആൻറണിയും കെ. കരുണാകരനും നേതൃത്വം നൽകിയ കാലത്ത് യു.ഡി.എഫിന് 85നു മുകളിൽ സീറ്റു കിട്ടിയിരുന്നു. ഉമ്മൻ ചാണ്ടിക്ക് പാർട്ടിയേക്കാൾ വലുത് ഗ്രൂപ്പാണെന്നും പി.ജെ. കുര്യൻ തുറന്നടിച്ചു.
തന്നെയും പി.സി. ചാക്കോയെയും വെട്ടിനിരത്തുകയെന്ന ഒറ്റ ലക്ഷ്യത്തോടെയാണ് കോൺഗ്രസിെൻറ രാജ്യസഭ സീറ്റ് താലത്തിലാക്കി കേരള കോൺഗ്രസിന് ഉമ്മൻ ചാണ്ടി വെച്ചുനീട്ടിയത്. വി.എം. സുധീരൻ പറഞ്ഞതുപോലെ താനും കോൺഗ്രസിൽ ഗ്രൂപ്പിനു പുറത്താണ്. അതാണു പ്രശ്നം. ഗ്രൂപ്പിന് അകത്തായിരുന്നപ്പോൾ ഒതുക്കാൻ ശ്രമിച്ചു. പുറത്തായപ്പോൾ രാഷ്ട്രീയത്തിൽനിന്നു തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നു. വേണ്ടിവന്നാൽ വിശദാംശങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് പി.ജെ. കുര്യൻ പറഞ്ഞു.
എതിർക്കുന്നവരെയും ‘യെസ്’ മൂളാത്തവരെയും വെട്ടിവീഴ്ത്തുന്നതാണ് ഉമ്മൻ ചാണ്ടിയുടെ രീതി. തനിക്ക് ചില സഹായങ്ങൾ ചെയ്തു തന്നിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി പറയുന്നു. അപകീർത്തിപ്പെടുത്താൻ മാത്രമുള്ള ആരോപണമാണത്. താൻ ഉമ്മൻ ചാണ്ടിയുടെ സഹായം പറ്റിയിട്ടില്ല. ആ സഹായം എന്താണെന്ന് വെളിപ്പെടുത്താൻ ഉമ്മൻ ചാണ്ടിയെ കുര്യൻ വെല്ലുവിളിച്ചു. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ പി.സി. വിഷ്ണുനാഥിനെയും കുര്യൻ കടന്നാക്രമിച്ചു. താൻ ജനകീയനല്ലെന്ന് പറയുന്ന യുവനേതാവ്, യു.ഡി.എഫിെൻറ സ്ഥിരം സീറ്റായിരുന്ന ചെങ്ങന്നൂർ രണ്ടു തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ എൽ.ഡി.എഫിനു കാഴ്ചവെച്ചയാളാണ്. എൽ.ഡി.എഫ് സീറ്റായിരുന്ന മാവേലിക്കര അഞ്ചുതവണ യു.ഡി.എഫിൽ നിലനിർത്തിയത് താനാണ്. കോൺഗ്രസിന് അർഹതപ്പെട്ട രാജ്യസഭ സീറ്റ് കേരള കോൺഗ്രസിനു നൽകിയത് പാർട്ടിവിരുദ്ധ നടപടിയാണ്. അത് കേരളത്തിൽ വർഗീയ ധ്രുവീകരണം വർധിപ്പിക്കും.
താൻ ബി.ജെ.പിയോട് മമത കാട്ടിയെന്ന് പ്രചരിപ്പിക്കുന്നവർ രാജ്യസഭ ചട്ടങ്ങളും നടപടിക്രമങ്ങളും അറിയാത്തവരാണ്. തെൻറ റൂളിങ് ആർക്കും പരിശോധിക്കാം. ഏതെങ്കിലും ഒരു കക്ഷിയെ സഹായിക്കാൻ ചട്ടം തെറ്റിച്ച് തീരുമാനമെടുത്തെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാം. പ്രതികാര രാഷ്ട്രീയം, ഗ്രൂപ്പിസം, പ്രധാന തീരുമാനങ്ങളിൽ കൂട്ടായ ചർച്ച നടത്താതിരിക്കൽ എന്നിവ കേരളത്തിൽ കോൺഗ്രസിെൻറ ശാപമാണ്. ഇത് അവസാനിക്കണം. ഒരു സ്ഥാനത്തിനും വേണ്ടിയല്ല, പാർട്ടി നന്നാകാൻ വേണ്ടിയാണ് താൻ ഇതു പറയുന്നതെന്നും പി.ജെ. കുര്യൻ പറഞ്ഞു. ഇപ്പോഴത്തെ പ്രതിസന്ധിക്ക് കെ.പി.സി.സിയിൽ പരിഹാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.