'പുട്ട്.. എനിക്കിഷ്ടമല്ല, ബന്ധങ്ങൾ തകർക്കും' വൈറലായി മൂന്നാം ക്ലാസുകാരന്‍റെ ഉത്തരക്കടലാസ്
text_fieldsബംഗളുരു: മലയാളിയെ സംബന്ധിച്ചിടത്തോളം പ്രഭാത ഭക്ഷണങ്ങളിൽ ഒഴിവാക്കാനാവാത്ത വിഭവമാണ് പുട്ട്. എന്നാൽ, ദിവസവും രാവിലെ പുട്ടു കഴിച്ച് മടുത്ത മൂന്നാം ക്ലാസുകാരന്‍റെ സങ്കടങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. മുക്കം സ്വദേശിയായ ജെയിംസ് ജോസഫ് ബംഗളൂരൂ എസ്.എഫ്.എസ് അക്കാദമി ഇലക്ട്രോണിക്‌സ് സിറ്റിയിലെ വിദ്യാർഥിയാണ്.
'എനിക്കിഷ്ടമില്ലാത്ത ഭക്ഷണം' എന്ന വിഷയത്തിൽ കുറിപ്പ് തയ്യാറാക്കാനായിരുന്നു മാതൃകാ പരീക്ഷയിലെ നിർദേശം. 'എനിക്കിഷ്ടമില്ലാത്ത ഭക്ഷണം പുട്ടാണ്' എന്നു പറഞ്ഞാണ് ജയിസിന്റെ ഉത്തരം തുടങ്ങുന്നത്.
'കേരളീയ ഭക്ഷണമായ പുട്ട് അരികൊണ്ടാണ് തയ്യാറാക്കുന്നത്. ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാമെന്നതിനാൽ അമ്മ ദിവസവും രാവിലെ പുട്ടാണ് ഉണ്ടാക്കുക. തയ്യാറാക്കി അഞ്ചു മിനിറ്റാകുമ്പോഴേക്കും പുട്ട് പാറപോലെ കട്ടിയാവും പിന്നെ എനിക്കത് കഴിക്കാനാകില്ല. വേറെയെന്തെങ്കിലും തയ്യാറാക്കിത്തരാൻ പറഞ്ഞാൽ അമ്മ ചെയ്യില്ല. അതോടെ ഞാൻ പട്ടിണി കിടക്കും. അതിന് അമ്മ എന്നെ വഴക്കു പറയുമ്പോൾ എനിക്ക് കരച്ചിൽ വരും. പുട്ട് ബന്ധങ്ങളെ തകർക്കും'- എന്നു പറഞ്ഞാണ് ജെയിംസ് കുറിപ്പ് അവസാനിക്കുന്നത്.
'എക്‌സലന്റ്' എന്നാണ് രസകരമായ ഈ ഉത്തരത്തെ മൂല്യനിർണയം നടത്തിയ അധ്യാപിക വിശേഷിപ്പിച്ചത്. മുക്കം മാമ്പറ്റ സ്വദേശി സോജി ജോസഫ്- ദിയ ജെയിംസ് ജോസഫ് ദമ്പതിമാരുടെ മകനാണ്. നടൻ ഉണ്ണി മുകുന്ദനടക്കമുള്ളവർ കഴിഞ്ഞ ദിവസം രസകരമായ ഈ പോസ്റ്റ് പങ്കിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.