‘അതേ ഭാഷയിൽ മറുപടി പറയാൻ ഞാൻ പഠിച്ചിട്ടില്ല’; വനം ഉദ്യോഗസ്ഥർക്കെതിരായ അൻവറിന്റെ വിമർശനത്തിൽ മന്ത്രി ശശീന്ദ്രൻ
text_fieldsനിലമ്പൂർ: വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ പി.വി. അൻവർ എം.എൽ.എയുടെ വിമർശനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. പറഞ്ഞത് ശരിയായോ എന്ന് അദ്ദേഹം ആലോചിക്കട്ടെയെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അങ്ങനെയാണോ പറയേണ്ടതെന്ന് ആലോചിക്കട്ടെ. അദ്ദേഹം കാര്യങ്ങൾ അറിയുന്ന ആളാണല്ലോ. പ്രായം കൂടിയ ആൾ ആയതിനാലാണ് ഞാൻ ഉപദേശിക്കുന്നത്.
അദ്ദേഹത്തെപോലെയുള്ള എം.എൽ.എ പറയുന്നതിന് അതേ ഭാഷയിൽ മറുപടി പറയാൻ ഞാൻ പഠിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പ്പെടുത്തേണ്ട ആവശ്യമില്ല. അറിയേണ്ടതെല്ലാം മുഖ്യമന്ത്രി അറിയുന്നുണ്ട്. തന്നെ വേദിയിലിരുത്തിയുള്ള വിമർശനത്തിൽ വ്യക്തിപരമായി വിഷമമില്ല. ഇതൊന്നും കേട്ട് വികാരം കൊള്ളുകയോ ദുഃഖിക്കുകയോ ഇല്ല. അതിന് മാത്രമുള്ള പക്വതയുണ്ടെന്നും മന്ത്രി പറഞ്ഞു.
വനംമന്ത്രി എ.കെ. ശശീന്ദ്രനെ വേദിയിലിരുത്തിയായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പി.വി. അൻവർ എം.എൽ.എയുടെ രൂക്ഷ വിമർശനം. വന്യജീവികളുടെ മനസിനേക്കാള്‍ മോശം മനസുള്ളവരാണ് ചില വനപാലകരെന്നും വനം -വന്യജീവി സംരക്ഷണത്തിന് മാത്രമല്ല മനുഷ്യ സംരക്ഷണത്തിനും മന്ത്രി വേണമെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിൽ വനംവകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടന വേദിയിലാണ് ചടങ്ങിൽ അധ്യക്ഷനായിരുന്ന എം.എൽ.എ വിമര്‍ശനമുന്നയിച്ചത്.
ജനപ്രതിനിധികള്‍ക്ക് പോലും വനത്തില്‍ പ്രവേശിക്കാനാകുന്നില്ല. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട കാര്യം പറയാനെത്തിയ പഞ്ചായത്ത് പ്രസിഡന്റിനോട് പത്ത് ലക്ഷം കിട്ടുന്നുണ്ടല്ലോയെന്നാണ് വനം ഉദ്യോഗസ്ഥന് പറഞ്ഞത്. ജനങ്ങള്‍ എല്ലാ കാര്യത്തിലും സഹകരിക്കുമ്പോൾ ഉദ്യോഗസ്ഥര്‍ ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് എടുക്കുന്നത്. പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ജനപ്രതിനിധികളോട് ചര്‍ച്ച നടത്തണമെന്ന മന്ത്രിയുടെ നിര്‍ദേശം നടപ്പാകുന്നില്ല. മാന്യത വിചാരിച്ച് പലരും പറയാതിരിക്കുകയാണ്. തനിക്ക് പറയാൻ ഒരു മടിയുമില്ല.
വികസനത്തിന് ഏറ്റവും കൂടുതൽ തടസ്സം നിൽക്കുന്നത് വനം വകുപ്പാണ്. കാട്ടാനശല്യം തടയാൻ താൻ നീക്കിവെച്ച രണ്ടര കോടിയുടെ പദ്ധതിക്ക് പല തവണ ആവശ്യപ്പെട്ടിട്ടും പ്രോപ്പോസൽ നൽകാൻ തയാറായില്ല. തോന്നിവാസത്തിന് പരിധിയുണ്ട്. നിയമത്തിന് കടകവിരുദ്ധമായാണ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം. ഇത് അനുവദിക്കാനാകില്ല.
ഇത്തരം ഉദ്യോഗസ്ഥരെ വരച്ചവരയിൽ നിർത്തണം. ജനാധിപത്യ രാജ്യത്ത് ജനപ്രതിനിധികൾക്ക് മാറിനിൽക്കേണ്ട സാഹചര്യമാണ്. 1972 ലെ വനം നിയമത്തിൽ മാറ്റം വേണമെന്ന് താൻ പലതവണ നിയമസഭയിൽ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഒടുവിൽ സുപ്രീം കോടതിയെ സമീപിച്ചു. പാർലമെന്റ് തീരുമാനിക്കേണ്ട കാര്യമാണെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം ഹൈക്കോടതിയെ അറിയിക്കണമെന്നും സൂപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.
ഇതിന്റെ രേഖ വനം മന്ത്രിക്ക് കൈമാറിയിട്ടുണ്ട്. അനുകൂല നിലപാട് മന്ത്രിയുടെയും സർക്കാരിന്റെയും ഭാഗത്ത് നിന്നുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കാര്യങ്ങളെല്ലാം അടുത്ത നിയമസഭ സമ്മേളനത്തിൽ പറയണമെന്നാണ് താൻ കരുതുന്നത്. അതിന് തനിക്ക് അവസരം ഉണ്ടാകുമോയെന്ന് കണ്ടറിയണം- പി.വി. അൻവർ പറഞ്ഞു. പിതാവിന്റെ സുഹൃത്താണ് മന്ത്രിയെന്നും താൻ ഏറെ ബഹുമാനിക്കുന്ന ആളാണെന്നും പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്.
റേഞ്ച് ഓഫിസർക്ക് ശകാരം; വാഹനം പലതവണ മാറ്റിയിടാൻ പറഞ്ഞതാണ് കാരണമെന്ന് വിശദീകരണം
നിലമ്പൂർ: വനംവകുപ്പിന്റെ വിവിധ പ്രവൃത്തികളുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ റേഞ്ച് ഓഫിസറെ പരസ്യമായി ശകാരിച്ച് പി.വി. അൻവർ എം.എൽ.എ. എം.എൽ.എയുടെ കാർ ഉദ്യോഗസ്ഥൻ രണ്ട് സ്ഥലത്തേക്ക് മാറ്റിയിടീച്ചിരുന്നു. ഈ കാര്യം ഡ്രൈവർ ശ്രദ്ധയിൽപെടുത്തിയതോടെയാണ് ക്ഷുഭിതനായ എം.എൽ.എ ആ ഉദ്യോഗസ്ഥനെ അന്വേഷിച്ചെത്തിയത്. മാറ്റിയിടാൻ പറഞ്ഞ ഉദ്യോഗസ്ഥൻ ഇവിടെയില്ലെന്ന് റേഞ്ച് ഓഫിസർ അറിയിച്ചു. ഇതോടെ റേഞ്ച് ഓഫിസറെ പരസ്യമായി ശകാരിക്കുകയായിരുന്നു.
ദൃശ്യം ചാനലുകളിൽ പ്രചരിച്ചതോടെ സംഭവം വിശദീകരിച്ച് എം.എൽ.എ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ‘പ്രോട്ടോക്കോള്‍ പ്രകാരം, വകുപ്പ് മന്ത്രി പങ്കെടുക്കുന്ന യോഗത്തിന്റെ അധ്യക്ഷനാണ് സ്ഥലം എം.എല്‍.എ. പരിപാടി നടക്കുന്നതിനിടെ കോമ്പൗണ്ടില്‍ പാർക്ക് ചെയ്തിരുന്ന ‘എം.എല്‍.എ ബോർഡ്’ വെച്ച വാഹനം ഫോറസ്റ്റ് ഉദ്യോഗസ്ഥൻ വന്ന് മാറ്റിയിടീച്ചത് മൂന്ന് തവണയാണ്. പാർക്ക് ചെയ്യാൻ അനുവദിക്കാതെ, പരിപാടിക്കെത്തുന്നിടത്തെല്ലാം എം.എല്‍.എ ഇനി വാഹനം തലയില്‍ ചുമന്ന് നടക്കണമെന്നാണോ? അതൊന്നും അംഗീകരിച്ച് കൊടുക്കാൻ മനസ്സില്ല. ഉദ്യോഗസ്ഥ തൻപ്രമാണിത്തമൊക്കെ കൈയില്‍വെച്ചാല്‍ മതി’- ഇതായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.