സുന്ദരിയാണെന്ന് പറഞ്ഞ് വോട്ട് തേടിയിട്ടില്ല, ഇനിയെങ്കിലും വെറുതെ വിടൂ- വിബിത ബാബു
text_fieldsപത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചതിന് സോഷ്യൽ മീഡിയയിൽ താൻ തേജോവധം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും വ്യാജ പ്രചരണങ്ങൾ നടക്കുകയാണെന്നും ഇനിയെങ്കിലും ജീവിക്കാൻ അനുവദിക്കണം എന്ന് അഭ്യർഥിച്ചുകൊണ്ട് പത്തനംതിട്ട മല്ലപ്പള്ളി പഞ്ചായത്ത് ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർഥി വിബിത ബാബു. തനിക്കൊരു പ്രഫഷനുണ്ട്. കുടുംബമുണ്ട്. അതിക്രൂരമായ ആക്രമണം അവസാനിപ്പിച്ച് ഇനിയെങ്കിലും വെറുതെ വിടണമെന്നാണ് വിബിത ഫേസ്ബുക്ക് ലൈവിലെത്തി അഭ്യർഥിച്ചത്.
താനൊരു ഫാഷൻ ഷോ പോലെ അല്ല തിരഞ്ഞെടുപ്പിനെ നേരിട്ടത്. മത്സരിച്ച ഡിവിഷനിലെ എല്ലാ വീടുകളും കയറി ഇറങ്ങി. സുന്ദരിയാണെന്ന് പറഞ്ഞുകൊണ്ട് ആരോടും വോട്ട് തേടിയിട്ടില്ല. സുന്ദരിയാണെന്ന് കരുതുന്നുമില്ല. പ്രമുഖരായ എത്രയോ പേർ പരാജയപ്പെട്ടു. എന്നിട്ടും തനിക്ക് നേരെ മാത്രം ഇത്ര അധികം അക്രമം ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്നു മനസിലാവുന്നില്ല. ഒരു സ്ത്രീ പോലും രാഷ്ട്രീയത്തിലേക്ക് വരരുതെന്നാണോ നിങ്ങൾ ഉദ്ദേശിക്കുന്നതെന്നും വിബിത ചോദിച്ചു.
ഏതോ ഒരു സ്ത്രീ ബീച്ചിലൂടെ നടക്കുന്നത് കാട്ടി അത് താനാണെന്ന് പ്രചരിപ്പിച്ചു. അക്കാര്യത്തിൽ ഞാൻ നൽകിയ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. എന്തിനാണ് തന്നോട് ഇത്തരത്തിൽ വൈരാഗ്യം കാട്ടുന്നത്.
1477 വോട്ടുകൾക്കാണ് വിബിത മല്ലപ്പള്ളി ഡിവിഷനിൽ പരാജയപ്പെട്ടത്. 16,257 വോട്ടുകൾ താൻ നേടിയിരുന്നുവെന്നും ആ വോട്ടുകൾ ചെയ്തവർക്ക് വിലയില്ലേ എന്നും വിബിത ചോദിച്ചു.
തനിക്കൊരു കുടുംബവും ഭർത്താവും മാതാപിതാക്കളും ഉണ്ട്. ഇനിയെങ്കിലും പ്രഫഷനുമായി തുടരാൻ തന്നെ അനുവദിക്കണം.2009മുതൽ പലപ്പോഴായി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോകൾ ഉപയോഗിച്ചുകൊണ്ട് തനിക്കെതിരെ ഇങ്ങനെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നതുവഴി എന്താണ് ലഭിക്കുന്നതെന്നും അവർ ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.