'എനിക്ക് ഒറ്റ വാക്കേയുള്ളൂ, ഞാൻ എത്ര ശക്തനാണെന്ന് മനസിലായില്ലേ'
text_fieldsകണ്ണൂർ: സി.പി.എം സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത ശേഷം ആദ്യ പ്രതികരണവുമായി പ്രഫ. കെ.വി. തോമസ്. തനിക്ക് ഒറ്റ വാക്കേയുള്ളൂവെന്നും അച്ചടക്ക നടപടി നേരിടാൻ തയാറായിട്ടില്ലെന്നും കെ.വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസ് നേതാക്കൾ കടുത്ത പ്രയോഗങ്ങളാണ് മാഷിനെതിരെ നടത്തുന്നതെന്ന് മാധ്യമപ്രവർത്തകർ വിവരിച്ചപ്പോൾ താൻ എത്ര ശക്തനാണെന്ന് മനസിലായില്ലേ എന്ന് കെ.വി തോമസ് പ്രതികരിച്ചു. അച്ചടക്ക നടപടി സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് താനല്ല അക്കാര്യം തീരുമാനിക്കുന്നതെന്ന് കെ.വി തോമസ് മറുപടി നൽകി.
അച്ചടക്ക നടപടി സംബന്ധിച്ച വിവരം അറിയാൻ മാധ്യമങ്ങൾ തയാറായിട്ടുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും തോമസ് വ്യക്തമാക്കി.
ഓശാന ഞായർ ദിനത്തിൽ കുർബാനയിൽ പങ്കെടുക്കാൻ കണ്ണൂർ ഹോളിട്രിനിറ്റി കത്തീഡ്രൽ പള്ളിയിൽ എത്തിയപ്പോഴാണ് കെ.വി. തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കുർബാനക്ക് മുമ്പ് കണ്ണൂർ രൂപത ബിഷപ്പ് ഡോ. അലക്സ് വടക്കുത്തറയുമായി തോമസ് കൂടിക്കാഴ്ച നടത്തിയിരുന്നു.
സി.പി.എം സെമിനാറില്‍ പങ്കെടുത്ത കെ.വി. തോമസിനെതിരെ അച്ചടക്കനടപടിക്ക് ശിപാര്‍ശ ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കെ.പി.സി.സി കത്ത് നല്‍കിയിരുന്നു. പാര്‍ട്ടി തീരുമാനം ലംഘിച്ച തോമസിനെതിരെ ശക്തവും അനുയോജ്യവുമായ നടപടി സ്വീകരിക്കണമെന്നാണ് കെ.പി.സി.സി ആവശ്യപ്പെട്ടത്.
സംസ്ഥാന കോൺഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ചാണ് നടപടിക്ക് ശിപാര്‍ശ ചെയ്യുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് ചൂണ്ടിക്കാട്ടി. കെ.വി. തോമസ് പാര്‍ട്ടിയുടെ അന്തസ്സും അച്ചടക്കവും ലംഘിച്ചെന്നും നിർദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്നും നേതാക്കള്‍ വിലയിരുത്തി.
രണ്ടുദിവസം വാർത്തസമ്മേളനം നടത്തി പാര്‍ട്ടി അച്ചടക്കം ലംഘിച്ച് അദ്ദേഹം നേതൃത്വത്തിനെതിരെ പലതും പറഞ്ഞതായും കത്തില്‍ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കെ.വി. തോമസ് നടത്തിയ വാർത്തസമ്മേളനത്തിൽ കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്ര നിലപാടുകളെയും രാഷ്ട്രീയ അജണ്ടയെയും തള്ളിപ്പറഞ്ഞു.
സെമിനാറില്‍ പങ്കെടുക്കരുതെന്ന് തോമസിനോട് രണ്ടുദിവസം മുമ്പ് വരെ താനും കേരളത്തിലെ മറ്റ് മുതിര്‍ന്ന നേതാക്കളും അഭ്യർഥിച്ചിരുന്നു. തീരുമാനം മുന്‍കൂട്ടി എടുത്തതാണെന്നും ഒരുവര്‍ഷമായി അദ്ദേഹം സി.പി.എം നേതാക്കളുമായി ബന്ധപ്പെട്ടുവരുകയാണെന്നും സെമിനാറിൽ പങ്കെടുത്തതിലൂടെ തെളിഞ്ഞു. ഈ സാഹചര്യത്തിലാണ് അച്ചടക്ക നടപടി ആവശ്യപ്പെട്ടതെന്നും സുധാകരൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.