എന്‍റെ ഉള്ളിൽ കരുത്തുണ്ട്, അർബുദത്തെ കീഴടക്കുക തന്നെ -നിഷ ജോസ് കെ. മാണി
text_fieldsകോഴിക്കോട്: തനിക്ക് അർബുദം സ്ഥിരീകരിച്ചെന്നും ശസ്ത്രക്രിയക്ക് വിധേയയായെന്നും സാമൂഹിക പ്രവർത്തക നിഷ ജോസ് കെ. മാണി. അർബുദത്തിന്‍റെ രോഗലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. മാമോഗ്രാം വഴിയാണ് രോഗ നിർണയം നടത്തിയതെന്നും നിഷ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. കേരള കോൺഗ്രസ് എം ചെയർമാനും രാജ്യസഭ എം.പിയുമായ ജോസ് കെ. മാണിയുടെ ഭാര്യയാണ് നിഷ.
2013 മുതല്‍ അർബുദ രോഗികളെ സഹായിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ക്യാമ്പുകൾ അടക്കമുള്ളവ നടത്തി മാമോഗ്രാമിന്‍റെ പ്രാധാന്യത്തെപ്പറ്റി അവബോധം നല്‍കുന്നുണ്ട്. ഞാനും വര്‍ഷത്തിലൊരിക്കല്‍ മാമോഗ്രാം ചെയ്യാറുണ്ടായിരുന്നു. 2023 ഒക്ടോബറില്‍ നടത്തിയ മാമോഗ്രാമിലാണ് രോഗം കണ്ടെത്തിയത്.
ഞാന്‍ ഭാഗ്യവതിയാണ്. രണ്ട് അനുഗ്രഹങ്ങളാണ് എനിക്ക് ലഭിച്ചത്. ഒന്ന് കുടുംബത്തിന്റെ പൂര്‍ണ പിന്തുണ. ശസ്ത്രക്രിയ സമയത്തടക്കം ഭർത്താവ് ജോസ് കെ. മാണി മുഴുവന്‍ സമയവും ഒപ്പമുണ്ടായിരുന്നു. മാതാപിതാക്കളും ബന്ധുക്കളുമെല്ലാം ഒപ്പം നിന്നു. ഇതിൽ കൂടുതല്‍ എന്താണ് വേണ്ടത്.
എന്‍റെ ഉള്ളിലുള്ള കരുത്താണ് രണ്ടാമത്തെ അനുഗ്രഹം. എത്രയോ അര്‍ബുദ രോഗികളെ കാണുന്നതാണ്. അത് നല്‍കിയ കരുത്ത് എനിക്കുണ്ട്. അതിനാല്‍ നല്ല രീതിയില്‍ മുന്നോട്ടു പോകുന്നു. അർബുദത്തെ കീഴടക്കിയിട്ടേ ഇനി കാര്യമുള്ളൂ -നിഷ പറയുന്നു.
2019 ജൂൺ 19നാണ് ഹെയർ, വിഗ് ഡൊണേഷൻ മൂവ്മെന്‍റിന് നിഷ ജോസ് തുടക്കം കുറിച്ചത്. അർബുദ രോഗികൾക്ക് വിഗ് നിർമിക്കാനായി തന്‍റെ തലമുടി പൂർണമായും മുണ്ഡനം ചെയ്തു നൽകി. ഹെയർ ഫോർ ഹോപ്പ് ഇന്ത്യ കാമ്പയിനിന്‍റെ അംബാസഡറാണ് നിഷ.
2022ൽ ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലെയും ഓരോ നദികളിലൂടെ ഒറ്റക്ക് യാത്ര നടത്തിയും വാർത്തകളിൽ ഇടംപിടിച്ചു. 2019ൽ പാലാ ഉപതെരഞ്ഞെടുപ്പിൽ നിഷയുടെ സ്ഥാനാർഥിത്വം സജീവ ചർച്ചയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.