'അബദ്ധത്തിൽ പറ്റിയതാണെന്നറിയാം'; തന്റെ കണ്ണിൽ കൈ തട്ടിയ എൻ.സി.സി കേഡറ്റിനെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി
text_fieldsനിലമ്പൂർ: ‘‘അബദ്ധത്തിൽ പറ്റിയതാണെന്ന് എനിക്കറിയാം. വിഷമിക്കേണ്ട. നന്നായി പഠിക്കണം’’ -മുഖ്യമന്ത്രിയുടെ വാക്കുകൾ ജിന്‍റോക്ക് സമ്മാനിച്ചത് ആശ്വാസനിമിഷങ്ങൾ. മഞ്ചേരിയിൽ നവകേരള സദസ്സ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാനെത്തിയ എൻ.സി.സി കാഡറ്റായ ജിന്‍റോയുടെ കൈ അബദ്ധത്തിൽ അദ്ദേഹത്തിന്റെ മുഖത്ത് കൊണ്ടിരുന്നു.
വേദിയിൽ മുന്നിലേക്ക് നടന്നുപോകുകയായിരുന്ന ജിന്റോ കൈ വീശുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ കണ്ണിൽ ഇടിച്ചത്. കണ്ണടച്ച് സീറ്റിലിരുന്ന അദ്ദേഹത്തെ അപ്പോൾതന്നെ പരിചരിക്കാൻ ജിന്റോ തയാറായി. എന്നാൽ, ‘എൻ.സി.സി കാഡറ്റിന്റെ കൈതട്ടി മുഖ്യമന്ത്രി അസ്വസ്ഥനായി’ എന്ന പ്രചാരണം മാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ ജിന്‍റോ ഏറെ അസ്വസ്ഥനായി. തുടർന്നാണ് അദ്ദേഹത്തെ നേരിട്ട് കാണാൻ ജിന്‍റോ തീരുമാനിച്ചത്. അരീക്കോട് മണ്ഡലം നവകേരള സദസ്സ് കഴിഞ്ഞ് നിലമ്പൂരിലേക്ക് പോകുന്നതിനിടെ എടവണ്ണയിൽ പി.വി. അൻവർ എം.എൽ.എയുടെ വീട്ടിൽ മുഖ്യമന്ത്രി ഉച്ചഭക്ഷണത്തിന് എത്തിയപ്പോഴാണ് ജിന്‍റോ കാണാനെത്തിയത്.
വാത്സല്യത്തോടെ സ്വീകരിച്ച മുഖ്യമന്ത്രി പേന സമ്മാനമായി നൽകിയാണ് ജിന്റോയെ യാത്രയയച്ചത്. ബുധനാഴ്ച രാത്രിതന്നെ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഓഫിസിൽനിന്ന് വിളിച്ച് മഞ്ചേരി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ ജിന്റോയെ ആശ്വസിപ്പിച്ചിരുന്നു. ജിന്‍റോയെ ആശ്വസിപ്പിക്കുന്ന വാർത്തയും ചിത്രയും മന്ത്രി വി. ശിവൻകുട്ടിയടക്കമുള്ളവർ ഫേസ്ബുക്കിൽ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.