'താൻ വരുന്നത് എവിടെ നിന്നാണെന്ന് എനിക്കറിയാം'; 'മോദി@20'യെ വിമർശിച്ച വിദ്യാർഥിയോട് മുഖ്യാതിഥി
text_fieldsകാസർകോട്: 'താൻ എവിടെനിന്നാണ് വരുന്നതെന്ന് എനിക്കറിയാം', 'മോദി@20'എന്ന പുസ്തകത്തിന്റെ ചർച്ചയിൽ, പുസ്തകത്തിന്റ ഉള്ളടക്കത്തെ വിമർശിച്ച വിദ്യാർഥിയോട് മുഖ്യാതിഥി പഞ്ചാബ് സർവകലശാലയിലെ പ്രഫസർ ഡോ. ഡി.പി. സിങ്ങിന്റെ മറുപടി അതായിരുന്നു. ആഗസ്റ്റ് അഞ്ചിന് കേന്ദ്ര വാഴ്സിറ്റിയിൽ നടന്ന 'ഇന്ത്യൻ അപ്രോച്ചസ് ടു ഹ്യൂമൻ റിസോഴ്സ് ആൻഡ് കമ്യൂണിറ്റി ഡെവലപ്മെന്റ്' എന്ന പരിപാടിക്കിടെയാണ് 'മോദി@20' എന്ന പുസ്തക ചർച്ച അജണ്ടയിലില്ലാതെ തിരുകിക്കയറ്റിയത്.
'മോദിയെ വിമർശിക്കുന്നവരെ പേരെടുത്തുപറഞ്ഞ് നാണം കെടുത്തണമെന്നും എല്ലാം രാഷ്ട്രീയമായി കാണുന്നവർ മനോരോഗികളാണെന്നും ഡി.പി. സിങ് പറഞ്ഞതോടെ വിദ്യാർഥികളിൽ രോഷം അണപൊട്ടി. പിന്നാലെ ചർച്ചക്ക് ക്ഷണിച്ചപ്പോൾ എം.എസ്.ഡബ്ല്യു രണ്ടാം വർഷ വിദ്യാർഥിയും ഡി.എസ്.എ നേതാവുമായ റിജാസ് എം. സിദ്ദീഖ് എഴുന്നേറ്റു. സംഗതി പന്തിയല്ലെന്ന് തോന്നിയതോടെ വി.സി ഡോ.എച്ച്. വെങ്കിടേശ്വർലു ചർച്ച വിലക്കി. ഇടവേള സമയത്ത് നേരിട്ടാവാം എന്ന് പറഞ്ഞതോടെ റിജാസ് ആ സമയത്ത് ഡി.പി. സിങ്ങിനടുത്തെത്തി.
'താങ്കൾ പേരെടുത്തുപറഞ്ഞ് നാണംകെടുത്തണം എന്നുപറഞ്ഞ കൂട്ടത്തിൽപെട്ടയാളാണ് താൻ' എന്ന ആമുഖത്തോടെ സംസാരം തുടങ്ങിയപ്പോൾ 'ഉത്തരം പറയാതിരിക്കാനുള്ള അവകാശവും തനിക്കുണ്ട്' എന്ന് ഡി.പി. സിങ് മറുപടി പറഞ്ഞു. ഇതോടെ മോദിക്കെതിരെ ചോദ്യങ്ങളുമായെത്തിയ വിദ്യാർഥികളുടെ എണ്ണം വർധിച്ചു. ഡി.പി. സിങ്ങിനെ വിദ്യാർഥികൾ ചോദ്യങ്ങളുമായി വളഞ്ഞു. അധ്യാപകർ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.
രണ്ടാമതും ചോദ്യങ്ങളുമായി റിജാസ് എത്തിയപ്പോഴാണ് 'താൻ ആരാണെന്നും എവിടെനിന്ന് വരുന്നു'വെന്ന് അറിയാമെന്നും ഡി.പി. സിങ് പറഞ്ഞത്. അങ്ങനെ പറഞ്ഞതിനു മാപ്പു പറയണമെന്ന് റിജാസ് പറഞ്ഞു. പിന്നാലെ മറ്റ് വിദ്യാർഥികളുടെ പ്രതിഷേധവും കാമ്പസിലുണ്ടായി. അധ്യാപകർ ഇടപെട്ട് പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു.
ന്യൂനപക്ഷ വേട്ട, കടം എഴുതിത്തള്ളൽ, ഗുജറാത്ത് കലാപം തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ചാണ് പുസ്തകത്തെ വിദ്യാർഥികൾ വിമർശിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയായതുമുതൽ പ്രധാനമന്ത്രി പദം വരെയുള്ള 20 വർഷത്തെ മോദി ഭരണത്തെക്കുറിച്ചുള്ള പ്രമുഖരുടെ വിലയിരുത്തലാണ് 'മോദി@20' എന്ന പുസ്തകം .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.