വാളയാറിലെ അമ്മയെ യു.ഡി.എഫ് പിന്തുണക്കും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം- ജോയ്മാത്യു
text_fieldsകോഴിക്കോട്: വാളയാറിലെ അമ്മയെ യു.ഡി.എഫ് പിന്തുണക്കും എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്ന് സംവിധായകനും നടനുമായ ജോയ്മാത്യു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ജോയ്മാത്യു പ്രത്യാശ പ്രകടിപ്പിച്ചത്. വിജയിക്കാൻ വേണ്ടി മാത്രമുള്ളതല്ല മത്സരങ്ങൾ ,അവ പൊരുതുവാൻ ഉള്ളത്കൂടിയാണെന്നും ജോയ് മാത്യു പറഞ്ഞു. ധർമ്മടത്ത് എനിക്ക് വോട്ടുണ്ടായിരുന്നെങ്കിൽ അത് വാളയാറിലെ അമ്മക്ക് തന്നെ നൽകിയേനെ എന്നും ജോയ് മാത്യു വ്യക്തമാക്കുന്നു.
ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:
ധർമ്മാധർമ്മങ്ങളുടെ ധർമ്മടം
നിയമസഭാതെരഞ്ഞെടുപ്പിൽ ധർമ്മടം ശ്രദ്ധയാകര്ഷിക്കുന്നത് ദുരധികാരവും നീതിബോധവും തമ്മിലുള്ള പോരാട്ടം എന്ന നിലക്കാണ്. അത് കൊണ്ടാണ് ധർമ്മടത്തെ പോരാട്ടം കേരളീയ മനസ്സിന്റെ പ്രതിഫലനമായി മാറുന്നത്. ശിരോമുണ്ഡനങ്ങൾ പലതുണ്ട് .അധികാരക്കൊതിമൂത്ത് എങ്ങിനെയെങ്കിലും സ്ഥാനാർത്ഥിയാകാൻ ചിലർ തലതന്നെ വെട്ടി കാഴ്ചവെക്കും .എന്നാൽ മറ്റുചിലർ സ്വന്തം കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊന്ന കൊലയാളികളെ സംരക്ഷിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ രക്ഷിക്കുന്ന ഭരണകൂടത്തിന്റെ നീതിനിഷേധത്തിനെതിരെയുള്ള പോരാട്ടമായും എടുക്കും .അവിടെയാണ് ശിരോമുണ്ഡനങ്ങൾ മൂല്യവത്താകുന്നത് . വാളയാറിലെ അമ്മയെ പിന്തുണക്കേണ്ടത് ഓരോ മലയാളിയുടെയും കടമയായി മാറുന്നതും അതുകൊണ്ടാണ് . ഈ പോരാട്ടം ഏറ്റെടുക്കുബോൾ യു ഡി എഫിന്റെ മൂല്യബോധവും ധാർമ്മികമായ ഉത്തരവാദിത്വവും ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു എന്ന പ്രതീകാത്മകമായ നിലപാടാണു വ്യക്തമാകുന്നത് .
വാളയാറിലെ അമ്മയെ യു ഡി എഫ് പിന്തുണക്കും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം . വിജയിക്കാൻ വേണ്ടി മാത്രമുള്ളതല്ല മത്സരങ്ങൾ ,അവ പൊരുതുവാൻ ഉള്ളത്കൂടിയാണ് . ധർമ്മടത്ത് എനിക്ക് വോട്ടുണ്ടായിരുന്നെങ്കിൽ അത് വാളയാറിലെ അമ്മക്ക് തന്നെ;സംശയമില്ല .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.