80:20 അനുപാതം കോടതിയെ ബോധിപ്പിക്കുന്നതിൽ പിഴവ് പറ്റി -പാലോളി മുഹമ്മദ് കുട്ടി
text_fieldsതിരുവനന്തപുരം: സച്ചാർ, പാലോളി കമീഷനുകളുടെ റിപ്പോർട്ട് അനുസരിച്ച് മുസ്ലിംകൾക്ക് ഏർപ്പെടുത്തിയ ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80:20 അനുപാതം കോടതിയെ ബോധിപ്പിക്കുന്നതിൽ പിഴവുപറ്റിയതായി സംശയിക്കുന്നുവെന്ന് മുൻമന്ത്രിയും സി.പി.എം നേതാവുമായ പാലോളി മുഹമ്മദ് കുട്ടി.
ന്യൂനപക്ഷങ്ങൾക്ക് പൊതുവായി ആവിഷ്കരിച്ച പദ്ധതി ഒരുവിഭാഗത്തിന് കൂടുതൽ നൽകി എന്നാണ് കോടതി വിധി കണ്ടവർക്ക് തോന്നുക. എന്നാൽ, അതല്ല കാര്യം. സച്ചാർ കമ്മീഷൻ റിപ്പോർട്ട് പ്രകാരം മുസ്ലിംകൾക്ക് തുടങ്ങിയ പദ്ധതിയിൽ മറ്റുള്ള വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തുകയായിരുന്നു. ഇക്കാര്യം കോടതിയെ ബോധിപ്പിക്കുന്നതിൽ വീഴ്ച ഉണ്ടായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതിനാലാണ് 80:20 അനുപാതം റദ്ദാക്കി ജനസംഖ്യാപനുപാതികമായി പുനക്രമീകരിക്കാനുള്ള വിധിക്ക് സാഹചര്യമൊരുങ്ങിയത് -അദ്ദേഹം പറഞ്ഞു.
ആ സമയത്ത് മുസ്ലിംകൾ വിദ്യാഭ്യാസപരമായി വളരെ പിന്നിലാണ് എന്ന് ബോധ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സച്ചാർ കമീഷൻ റിപ്പോർട്ടിൽ മുസ്ലിംകൾക്ക് പ്രത്യേക പദ്ധതികൾ നിർദേശിച്ചത്. ഇത് നടപ്പാക്കുേമ്പാൾ മറ്റുള്ള അവശവിഭാഗങ്ങെളയും പരിഗണിക്കാമെന്ന തീരുമാനത്തിലാണ് 80:20 അനുപാതം ഉൾപ്പെടുത്തിയത്. 2011ലാണ് സ്കോളർഷിപ്പിൽ മറ്റുവിഭാഗങ്ങളെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്. എന്നാൽ, അന്നത്തെ എൽ.ഡി.എഫ് സർക്കാറിന്‍റെ അവസാനഘട്ടമായതിനാൽ ഇത് നടപ്പാക്കാനായില്ല. തുടർന്നുവന്ന യു.ഡി.എഫ് സർക്കാറാണ് നടപ്പാക്കിയത്. അന്നൊന്നും ആർക്കും ഒരുപരാതിയും ഇത് സംബന്ധിച്ച് ഉണ്ടായില്ല. തുടർന്നുവന്ന ഇടതുസർക്കാറിന്‍റെ അവസാന ഘട്ടത്തിലാണ് ഇതേക്കുറിച്ച് വിവാദമുയർന്നത്.
100 ശതമാനം തങ്ങൾക്കർഹതപ്പെട്ട പദ്ധതി മറ്റുള്ളവർക്ക് നൽകുന്നുവെന്ന് ഒരുവിഭാഗവും 80 ശതമാനം ഒരുവിഭാഗത്തിന് നൽകുന്നുവെന്ന് മറുവിഭാഗവും പറഞ്ഞു. എന്നാൽ, ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയത് പോലെ നിലവിൽ കിട്ടുന്നവർക്ക് യാതൊരു കുറവും വരുത്താതെയാണ് സർക്കാറിന്‍റെ തീരുമാനം. കിട്ടിക്കൊണ്ടിരിക്കുന്ന സ്കോളർഷിപ്പുകൾ തുടർന്നും ലഭിക്കും. ഇത് സ്വാഗതാർഹമായ തീരുമാനമാണെന്നും പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.