പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുവാവ് സ്ഥാനാർഥിയാവണമെന്നാണ് ആഗ്രഹം -രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsതിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുവാവ് സ്ഥാനാർഥിയാവണമെന്നാണ് ആഗ്രഹമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ഇതേ അഭിപ്രായം തന്നെയാണ് വടകര എം.പിയും പാലക്കാട്ടെ മുൻ എം.എൽ.എയുമായ ഷാഫി പറമ്പിലും പ്രകടപ്പിച്ചതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഷാഫി പറമ്പിൽ വാർത്താസമ്മേളനത്തിൽ തന്റെ പേര് നിർദേശിച്ചുവെന്ന വാർത്തകളോടും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.
യുവാവായ പൊതുവിഷയങ്ങളിൽ ഇടപെടുന്ന ഒരാൾ സ്ഥാനാർഥിയായി വരണമെന്നാണ് ഷാഫി പറമ്പിൽ പറഞ്ഞതെന്ന് രാഹുൽ കൂട്ടിച്ചേർത്തു. സ്ഥാനാർഥിനിർണയം സംബന്ധിച്ച് പാർട്ടി ഇപ്പോൾ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. നേതാക്കൾ ആദ്യഘട്ടത്തിൽ ചർച്ച പൂർത്തിയാക്കിയതിന് ശേഷമാവും ഇക്കാര്യത്തിൽ തുടർ ചർച്ചകളുണ്ടാവുക.
ബി.ജെ.പിയുമായി നേരിട്ട് കോൺഗ്രസ് ഏറ്റുമുട്ടുന്ന മണ്ഡലമാണ് പാലാക്കാട്. 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ പാലക്കാട് നിന്ന് കോൺഗ്രസിന് ഒമ്പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. ബി.ജെ.പി ഏറ്റവും ശക്തനായ ഇ.ശ്രീധരനെ സ്ഥാനാർഥിയാക്കിയപ്പോൾ പോലും മൂവായിരത്തിലേറെ വോട്ടുകൾക്ക് മണ്ഡലത്തിൽ നിന്നും ജയിച്ച് കയറാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. തന്റെ പേരിന് ജില്ലകമിറ്റിയിൽ എതിർപ്പുയർന്നുവെന്ന വാർത്തകളും അദ്ദേഹം നിഷേധിച്ചു.
ഷാഫി പറമ്പിൽ വടകരയിൽ നിന്നും എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് വന്നത്. തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങളിലേക്ക് തെരഞ്ഞെടുപ്പ് കമീഷൻ കടന്നിട്ടില്ലെങ്കിലും സ്ഥാനാർഥി ചർച്ചകൾ സജീവമാണ്. കോൺഗ്രസ് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. എന്നാൽ, ബി.ജെ.പിയും സി.പി.എമ്മും സ്ഥാനാർഥി ചർച്ചകളിലേക്ക് കടന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.