'മഹല്ല് പ്രസിഡന്‍റിന്‍റെ ചെരുപ്പിൽ പശയൊഴിച്ചത് ഞാനല്ല'; വിശദീകരണവുമായി പള്ളി ഖത്തീബ്
text_fieldsമാനന്തവാടി (വയനാട്): പള്ളിയിൽ നമസ്‌കാരം നിര്‍വഹിക്കാനെത്തിയ മഹല്ല് പ്രസിഡന്‍റിന്‍റെ ചെരുപ്പിനകത്ത് കാഠിന്യമേറിയ പശ ഒഴിച്ച സംഭവത്തിൽ അന്വേഷണം തനിക്ക് നേരെ തിരിഞ്ഞതിന് പിന്നാലെ വിശദീകരണവുമായി ഖത്തീബ് അബ്ദുൽ റഷീദ് ദാരിമി. താൻ അറസ്റ്റിലായെന്ന വാർത്ത ശരിയല്ലെന്നും വ്യാജം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ദാരിമി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിലൂടെ പ്രതികരിച്ചു.
''വ്യാജം പ്രചരിപ്പിക്കുന്നവർ പരലോകത്ത് മറുപടി പറയേണ്ടിവരും. ഞാനും മഹല്ല് പ്രസിഡന്‍റും ഒരുപ്രശ്നവുമുണ്ടായില്ല, പിന്നെ എന്തിനാണ് ഈ വാർത്തയെന്ന് അറിയില്ല. കഴിഞ്ഞ ഡിസംബർ 27ന് ഞാനും എസ്.കെ.എസ്.എസ്.എഫ ് പ്രവർത്തകരും മദ്രസ വൃത്തിയാക്കുകയായിരുന്നു. അവിടുള്ള പൈപ്പ് പൊട്ടുകയും അത് നന്നാക്കാനായി ഞങ്ങൾ പശ വാങ്ങുകയും ചെയ്തിരുന്നു. പശ മുഴുവൻ തീർന്നതാണ്. അതിന്‍റെ പേരിൽ ചില കുബുദ്ധികൾ ദുരുദ്ദേശത്താടെ എന്നെ കരുവാക്കുകയാണ്. ഈ വ്യാജം പ്രചരിപ്പിക്കരുത്. പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടികൾ സ്വീകരിക്കും'' -ദാരിമി പ്രതികരിച്ചു.
ചെരിപ്പിനകത്ത് സൂപ്പര്‍ ഗ്ലൂവിന് സമാനമായ പശ ഒഴിച്ചതിനെ തുടര്‍ന്ന് മഹല്ല് പ്രസിഡന്‍റ് കണ്ടങ്കല്‍ സൂപ്പി ഹാജിയുടെ കാലുകള്‍ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ടാണ് പള്ളി ഖത്തീബ് അബ്ദുൽ റഷീദ് ദാരിമിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 324 വകുപ്പ് പ്രകാരം കേസെടുത്തത്. വ്യക്തിവിരോധത്തെ തുടർന്ന് ചെരിപ്പിൽ പശ ഒഴിച്ചുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും.
ജനുവരി ഒന്നിന് വൈകീട്ട് മാനന്തവാടി എരുമത്തെരുവ് ഖിദ്മത്തുല്‍ ഇസ്ലാം പള്ളിയില്‍ മഗരിബ് നമസ്‌ക്കാരം നിർവഹിക്കാനെത്തിയ സൂപ്പി ഹാജിയുടെ ചെരുപ്പിനകത്താണ് പശ ഒഴിച്ചത്. കാല്‍ ചെരുപ്പില്‍ ഒട്ടിപ്പിടിച്ചതോടെ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് ചെരുപ്പില്‍ നിന്നും കാല്‍ വേര്‍പ്പെടുത്താനായത്. പ്രമേഹ രോഗി കൂടിയായ സൂപ്പി ഹാജിയുടെ കാലിനടിയിലെ തൊലി ഇളകിപ്പോയിരുന്നു.
സംഭവത്തെ തുടര്‍ന്ന് മഹല്ല് സെക്രട്ടറി മാനന്തവാടി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.