സ്വപ്ന വിളിച്ചിട്ടാണ് കാണാൻ പോയത്; മുഖ്യമന്ത്രിയുമായി ബന്ധമില്ല –ഷാജ് കിരൺ
text_fieldsകൊച്ചി: 55-60 ദിവസമായി സ്വപ്ന സുരേഷുമായി അടുപ്പവും സൗഹൃദവുമുണ്ടെന്നും അവർ വിളിച്ചിട്ടാണ് പാലക്കാട്ടെ താമസസ്ഥലത്ത് ചെന്നതെന്നും ഷാജ് കിരൺ (ഷാജി കിരൺ). സരിത്തിനെ ആരോ തട്ടിക്കൊണ്ടുപോയെന്നും വരാമോയെന്നും സ്വപ്ന വിളിച്ചതിനാലാണ് ചെന്നത്. ഉച്ചക്ക് ഒന്നോടെ ചെന്ന താൻ വൈകീട്ട് ആറുവരെ അവർക്കൊപ്പമുണ്ടായിരുന്നു. അവരുമായി താൻ അടുക്കുന്നതിൽ താൽപര്യമില്ലാത്ത ആരോ ആണ് ഹൈകോടതിയിൽ നൽകിയ ഹരജിയിലെ പരാമർശത്തിന് പിന്നിലെന്നാണ് കരുതുന്നതെന്നും ഷാജ് കിരൺ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
മാധ്യമ പ്രവർത്തകനായല്ല, സ്വപ്നയുടെ തിരുവനന്തപുരത്തെ ഭൂമിയുടെ കച്ചവടവുമായി ബന്ധപ്പെട്ടാണ് പരിചയപ്പെടുന്നത്. കുറഞ്ഞ വിലയ്ക്ക് ആയാലും സ്ഥലം വിൽക്കാൻ തയാറാണെന്ന് പറഞ്ഞപ്പോൾ ഭൂമി ഇപ്പോൾ വിറ്റാൽ വില കിട്ടില്ലെന്ന് പറഞ്ഞെങ്കിലും സമ്മതിച്ചില്ല. ബുധനാഴ്ച അവരോടൊപ്പമുണ്ടായിരുന്ന സമയത്തൊന്നും കോടതിയിൽ വിശദീകരണം കൊടുക്കുന്നത് പറഞ്ഞിട്ടില്ല. സ്വപ്ന കോടതിയിൽ 164 പ്രകാരം മൊഴി കൊടുത്ത ദിവസം രാവിലെയും കൊടുത്തശേഷവും സംസാരിച്ചിരുന്നു. സ്വപ്നയുമായി സ്വകാര്യ കാര്യങ്ങളാണ് സംസാരിച്ചിരുന്നത്. സ്വപ്ന വെളിപ്പെടുത്തിയ കാര്യങ്ങൾ ശരിയാണോ എന്ന് ഒരിക്കൽപോലും അവരോട് ചോദിച്ചിട്ടില്ല. അതിൽ ഉൾപ്പെടാൻ താൽപര്യമില്ലാതിരുന്നതിനാലാണ് ചോദിക്കാതിരുന്നത്.
സ്വപ്നയുമായുള്ള സൗഹൃദം ഭാര്യക്കും പിതാവിനും അറിയാം. സ്വപ്നയെ പരിചയപ്പെടുന്നതിനുമുമ്പ് കഴിഞ്ഞ ഫെബ്രുവരിയിൽ ഭാര്യയുമായി പോയത് മാത്രമാണ് തന്‍റെ വിദേശയാത്ര. മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നത്തിന്‍റെ പേരിൽ മധ്യസ്ഥ ചർച്ചക്ക് വിളിച്ചപ്പോൾ ഗെസ്റ്റ്ഹൗസിൽ വെച്ചാണ് മുഖ്യമന്ത്രിയെ അവസാനം കണ്ടത്. അതല്ലാതെ ബന്ധമില്ല. ഒരു ബന്ധവുമില്ലാത്ത തനിക്ക് മുഖ്യമന്ത്രിക്കുവേണ്ടി എന്താണ് പറയാനുള്ളത്. ശിവശങ്കറിനെ ടി.വിയിൽ അല്ലാതെ കണ്ടിട്ടില്ല. സി.പി.എമ്മിന്‍റെ നേതാക്കളെ രണ്ട് വർഷത്തിനിടെ വിളിച്ചിട്ടുണ്ടോയെന്ന് ആർക്ക് വേണമെങ്കിലും പരിശോധിക്കാം. അവരുമായി സംസാരിക്കുന്നതിന്‍റെ ശബ്ദരേഖ ഉണ്ടെങ്കിൽ പുറത്തുവിടണമെന്നും ഷാജ് കിരൺ പറഞ്ഞു.
സ്വപ്നയെ കാണാൻ പോയത് സരിത്തിനെ തട്ടിക്കൊണ്ടുപോയി എന്ന് പല മാധ്യമ പ്രവർത്തകരെയും വിളിച്ച് അറിയിച്ചശേഷമാണ്. മണ്ണുത്തിയിൽ എത്തിയപ്പോഴാണ് വിജിലൻസാണ് തട്ടിക്കൊണ്ടു പോയത് എന്ന് അറിയുന്നത്. പിന്നെ അവിടെ എത്തിയതുകൊണ്ട് പാലക്കാട്ടേക്ക് പോകുകയായിരുന്നു. ഗോസ്പൽ ഫോർ ഏഷ്യയിൽ ഭാര്യ ആറ്-ഏഴു മാസം ജോലി ചെയ്തിട്ടുണ്ടെന്നല്ലാതെ വേറെ ബന്ധമില്ല. താൻ സ്വപ്നയെ ഭീഷണിപ്പെടുത്തിയിട്ടില്ല. താൻ ഭീഷണിപ്പെടുത്തി എന്നത് അവരുടെ വായിൽനിന്ന് കേൾക്കണമെന്നുണ്ട്. അതേസമയം, ഇപ്പോൾ ചെയ്യുന്നതിന്‍റെ അനന്തരഫലം ഗൗരവമുള്ളതായിരിക്കുമെന്ന് സുഹൃത്ത് എന്ന നിലയിൽ ഉപദേശിച്ചതായും ഷാജ് കിരൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.