"പാർട്ടിക്കെതിരെ പറയാൻ ഞാൻ മണ്ടനാണോ.?"; പിതൃശൂന്യർക്കേ അതിന് കഴിയൂവെന്ന് ജി.സുധാകരൻ
text_fieldsആലപ്പുഴ: സ്വന്തം പാർട്ടിക്കെതിരെ ഒന്നും പറയില്ലെന്നും അങ്ങനെ പറയാൻ പിതൃശൂന്യർക്കേ കഴിയൂവെന്നും സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. ആലപ്പുഴയിൽ ആർ.എസ്.പി സംഘടിപ്പിച്ച ‘കെ.സി.എസ്. മണിയും ഇടതുപക്ഷ രാഷ്ട്രീയവും’ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പാർട്ടിക്കെതിരെ താൻ പറഞ്ഞെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നു. പാർട്ടിക്കെതിരെ വിളിച്ചുപറയാൻ താൻ മണ്ടനാണോ? 62 വർഷമായി പ്രവർത്തിക്കുന്ന പാർട്ടിയാണിത്. ഇങ്ങനെ പ്രചരിപ്പിക്കുന്നവർക്ക് കള്ളനോട്ടടിയാണ് പറ്റിയ പണി. തങ്ങളാരും സ്വന്തം അച്ഛനും അമ്മക്കും കുടുംബത്തിനുമെതിരെ പറയില്ല. ഇങ്ങനെ പ്രചരിപ്പിക്കുന്നവർ പൊളിറ്റക്കൽ ക്രിമിനലുകളുടെ ഏജൻസി എടുത്തവരാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്ക് കേരളത്തിൽ വോട്ടുവിഹിതം വർധിച്ചത് ഗൗരവത്തിൽ കാണണമെന്ന് ഉദ്ഘാടനം നിർവഹിച്ച രമേശ് ചെന്നിത്തല എം.എൽ.എ പറഞ്ഞു. ഇടതുപക്ഷം ഇല്ലാതാകണമെന്ന് തങ്ങളാരും ആഗ്രഹിക്കുന്നില്ല. പാർട്ടി തിരുത്തലിന് വിധേയമാകണം. ഇവിടെയൊരു ഇടതുപക്ഷ സർക്കാറാണ് ഭരിക്കുന്നതെന്ന് തോന്നുന്നില്ല. അതിന് നേതൃത്വം നൽകുന്നവർ താൽക്കാലിക ലാഭത്തിനായി ആശയങ്ങളിൽ വെള്ളം ചേർക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ, ജില്ല സെക്രട്ടറി ആർ. ഉണ്ണികൃഷ്ണൻ, ബി. രാജശേഖരൻ, കെ. സണ്ണിക്കുട്ടി, അനിൽ ബി. കളത്തിൽ, പി. രാമചന്ദ്രൻ, ഗോവിന്ദൻ നമ്പൂതിരി, സി. രാജലക്ഷ്മി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.