സമൂഹത്തിലും എന്റെ നിഷ്കളങ്കത തെളിയിക്കും -എൽദോസ് കുന്നപ്പിള്ളി
text_fieldsകൊച്ചി: പാർട്ടിയിലും പൊതുസമൂഹത്തിലും തന്റെ നിഷ്കളങ്കത തെളിയിക്കുമെന്ന് പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി. കെ.പി.സി.സിയും ഡി.സി.സിയുടെയും ദൈനംദിന പ്രവർത്തനങ്ങളിൽനിന്ന് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്യപ്പെട്ടതിനുശേഷം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയെടുത്ത അച്ചടക്ക നടപടി അംഗീകരിക്കുന്നു.
വിശദീകരണം ആവശ്യമെങ്കിൽ ഇനിയും പാർട്ടിക്ക് നൽകും. അച്ചടക്കമുള്ള കോൺഗ്രസ് പ്രവർത്തകനായി മുന്നോട്ടുപോകും. കെ.പി.സി.സി പ്രസിഡന്റുമായി ഫോണിൽ സംസാരിച്ചിരുന്നു. നടപടിയെടുക്കും മുമ്പേ തന്നോട് ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
മുമ്പൊക്കെ കോൺഗ്രസിൽ പലർക്കുമെതിരെ ആരോപണമുണ്ടായപ്പോൾ ഇത്തരത്തിൽ നടപടിയുണ്ടായിട്ടില്ലല്ലോ എന്ന ചോദ്യത്തിന് കോൺഗ്രസിൽ വലിയ മാറ്റങ്ങളുണ്ടാകുന്നതിന്റെ സൂചനയാണിതെന്ന് അദ്ദേഹം മറുപടി പറഞ്ഞു.
ആരോപണങ്ങളുണ്ടായ സന്ദർഭങ്ങളിലൊക്കെ അത് പാർട്ടിയിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്നും എൽദോസ് കുന്നപ്പിള്ളി പ്രതികരിച്ചു.
കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്, ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരായ സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ അവർതന്നെ മറുപടി പറയട്ടെയെന്നും എൽദോസ് കുന്നപ്പിള്ളി ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. തനിക്കെതിരായ ആരോപണം ശരിയല്ലെന്ന് ആദ്യഘട്ടത്തിൽതന്നെ താൻ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.