മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കും- വി.ഡി. സതീശൻ
text_fieldsഇടുക്കി: മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. വിഷയത്തില്‍ മൗനം പാലിക്കുന്ന മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ചെറുതോണിയിൽ ഡീൻ കുര്യാക്കോസ് എം.പിയുടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീശൻ.
മുല്ലപ്പെരിയാറിനെക്കുറിച്ച് കേരളം സമ്പൂര്‍ണ അജ്ഞതയിലാണ്. തമിഴ്നാടിന് ജലം നൽകുന്നതിന് എതിരല്ല. എന്നാൽ പുതിയ ഡാം നിർമിക്കുകയാണ് പ്രശ്നത്തിന് പരിഹാരം. മുല്ലപ്പെരിയാറിനെ കുറിച്ച് അടിസ്ഥാന വിവരങ്ങള്‍ പോലും കേരളത്തിന്‍റെ കയ്യിലില്ല.
ബേബി ഡാം ശക്തിപ്പെടുത്താൻ ആണ് മരമുറിക്കുന്നത്. അതിലൂടെ ജലനിരപ്പ് 152 അടിയാക്കാൻ ആണ് തമിഴ്നാടിന്‍റെ ശ്രമം. മരം മുറിക്ക് അനുമതി നൽകിയതിലൂടെ കേരളം കേസ് ദുർബലമാക്കുകയായിരുന്നെന്നും വി.ഡി സതീശന്‍ ആരോപിച്ചു. അനുമതി നൽകിയതുമായി ബന്ധപ്പെട്ട് രണ്ട് മന്ത്രിമാർ കാണാത്ത രേഖകൾ പ്രതിപക്ഷത്തിന്റെ കയ്യിലുണ്ട്. സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ അറിയാത്ത രണ്ട് മന്ത്രിമാർ എന്തിനാണ് മന്ത്രി കസേരയിൽ ഇരിക്കുന്നതെന്നും വി.ഡി സതീശൻ ചോദിച്ചു.
തമിഴ്നാടിന് കത്തയക്കുമ്പോൾ പോലും സംസ്ഥാനത്തിന്‍റെ ശക്തമായ പ്രതിഷേധം അറിയിക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്ന് ഡീൻ കുര്യക്കോസ് എം.പി കുറ്റപ്പെടുത്തി. 24 മണിക്കൂർ നേരത്തേക്കാണ് എം.പിയുടെ ഉപവാസ സമരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.